- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലണ്ടനിൽ കണ്ടെത്തിയ പുതിയ വകഭേദത്തെ മറികടന്ന് പുതിയ ദക്ഷിണാഫ്രിക്കൻ വകഭേദം; ദക്ഷിണാഫ്രിക്കൻ യുവതയെ കാർന്ന് തിന്നുന്ന മഹാദുരന്തം ലണ്ടനിലും എത്തി; രണ്ടാം വരവിന്റെ ശക്തികൂട്ടി രണ്ടാമത്തെ കൊറോണയുടെ പുതിയ വകഭേദം ലോകത്തെ ഭയപ്പെടുത്തുന്ന കഥ
ദക്ഷിണാഫ്രിക്കയിലെ യുവാക്കൾക്കിടയിൽ അതിവേഗം പടർന്ന് പിടിച്ച് ദുരിതങ്ങൾ വിതറുന്ന പുതിയ ഇനം കൊറോണ വൈറസിനെ ഇംഗ്ലണ്ടിൽ കണ്ടെത്തിയത് രാജ്യത്തെ തീർത്തും ഞെട്ടിച്ചിരിക്കുകയാണ്. ഇതോടെ ബ്രിട്ടനിൽ നിന്നും ദക്ഷിണാഫ്രിക്കയിലേക്കും തിരിച്ചുമുള്ള വിമാന സർവ്വീസുകൾ റദ്ദാക്കിക്കൊണ്ട് സർക്കാർ ഉത്തരവിറക്കി. 501. വി 2 എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ പുതിയ ഇനം കൊറോണ വൈറസ് കഴിഞ്ഞയാഴ്‌ച്ചയാണ് കേപ് ടൗണിൽ കണ്ടെത്തിയത്. ഇത് ബ്രിട്ടനിലെ കെന്റിൽ കണ്ടെത്തിയ ഇനത്തേക്കാൾ മാരകമായ പ്രഹരശേഷിയുള്ള ഇനമായാണ് കരുതപ്പെടുന്നത്.
ദക്ഷിണാഫ്രിക്കയിലും രോഗം അതിവേഗം പടരുന്നത് ജനിതകമാറ്റം വന്ന ഈ പുതിയ ഇനം വൈറസ് കാരണമാണ്. ഡിസംബർ ആദ്യത്തിൽ പ്രതിദിനം 3000 ൽ താഴെ ആളുകൾക്ക് മാത്രം രോഗം സ്ഥിരീകരിക്കപ്പെട്ടിരുന്ന സ്ഥലത്ത് ഇപ്പോൾ പ്രതിദിനം 9,500 ൽ അധികം പേർക്കാണ് രോഗം സ്ഥിരീകരിക്കപ്പെടുന്നത്. പുതിയതായി രോഗം സ്ഥിരീകരിക്കപ്പെടുന്നവരിൽ 90 ശതമാനം പേരിലും ഈ പുതിയ ഇനം വൈറസാണ് കാണപ്പെടുന്നത്. ദക്ഷിണാഫ്രിക്കയിലെ ആദ്യ തരംഗകാലത്ത് ഒരു ദിവസം 8,300 പേർ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയതായിരുന്നു റെക്കോർഡെങ്കിൽ രണ്ടാം വരവി അത് 8,500 ആയി ഉയർന്നിരിക്കുന്നു.
കഴിഞ്ഞ ദിവസം ബ്രിട്ടനിൽ കണ്ടെത്തിയ, ജനിതകമാറ്റം വന്ന വൈറസിനേക്കാൾ മാരകമാണ് ദക്ഷിണാഫ്രിക്കൻ ഇനം എന്നാണ് മാറ്റ് ഹാൻകോക്ക് അറിയിച്ചത്. ഇതിന് വ്യാപനശേഷി ഇനിയും കൂടും, കാരണം ബ്രിട്ടനിൽ കണ്ടെത്തിയ ഇനത്തിന് ജനിതകമാറ്റം സംഭവിച്ചുണ്ടായതാണ് ഇത്. ഒക്ടോബർ ആദ്യം മുതലാണ് ടൂർ ഓപ്പറേറ്റർമാർ ദക്ഷിണാഫ്രിക്കയിലേക്കുള്ള ടൂറുകൾ ആരംഭിച്ചത്.
ഒക്ടോബർ 18 മുതൽ വെർജിൻ അറ്റ്ലാന്റിക് ലണ്ടനും ജോഹന്നാസ്ബെർഗിനും മിടയിൽ ആഴ്‌ച്ചയിൽ നാല് വിമാന സർവ്വീസുകൾ നടത്തുന്നുണ്ട്. ഒക്ടോബർ 1 മുതൽ ബ്രിട്ടീഷ് എയർവേയ്സ് ഏഴ് പ്രതിവാര സർവ്വീസുകളാണ് ജോഹന്നാസ് ബർഗിലേക്കും കേപ്പ് ടൗണിലേക്കുമായി നടത്തുന്നത്. അതായത്, ഒക്ടോബർ ആദ്യത്തിനു ശേഷം ഇരു കമ്പനികളുടേതുമായി നൂറിലധികം വിമാനങ്ങൾ ദക്ഷിണാഫ്രിക്കയിലേക്കും തിരിച്ചും സഞ്ചരിച്ചിട്ടുണ്ട്. . പുതിയ വൈറസിന്റെ സാന്നിദ്ധ്യം ഇനിയും ധാരാളം പേരിൽ ഉണ്ടായേക്കാം എന്ന ആശങ്കയാണ് ഈ വസ്തുത ഉയർത്തുന്നത്.
യുവാക്കളിലാണ് ഈ പുതിയ ഇനം കൂടുതലായി ബാധിക്കുന്നത്. മാത്രമല്ല, മറ്റ് ഇനങ്ങളേക്കാൾ ഗുരുതരമായ ലക്ഷണങ്ങളും പ്രകടമാകുന്നുണ്ട്. ഈ വൈറസിന്റെ കഥ പുറത്തുവന്നതോടെ ബ്രിട്ടനോടൊപ്പം ജർമ്മനി, സ്വിറ്റ്സർലാൻഡ്, ടർക്കി, ഇസ്രയേൽ, മൗറീഷ്യസ് എന്നി രാജ്യങ്ങൾ സൗത്ത് ആഫ്രിക്കയിൽ നിന്നുള്ള വിമാന സർവ്വീസുകൾക്ക് നിരോധനം ഏർപ്പെടുത്തി. ഇന്ന് രാവിലെ 9 മണീമുതൽക്കാണ് നിരോധനം. ഇതിനു മുൻപായി ദക്ഷിണാഫ്രിക്കയിൽ നിന്നെത്തുന്ന ബ്രിട്ടീഷ്-ഐറിഷ് പൗരന്മാർ, വിസയുള്ളവർ, ബ്രിട്ടന്നിലെ സ്ഥിരതാമസകാർ എന്നിവർക്ക് ബ്രിട്ടനിൽ പ്രവേശനം അനുവദിക്കുമെങ്കിലും ഇവർ 10 ദിവസത്തെ നിർബന്ധിത ക്വാറന്റൈനിൽ പോകണം.
കെന്റിൽ കണ്ടെത്തിയ 70% വ്യാപന ശേഷി കൂടുതലുള്ള പുതിയ ഇനം വൈറാസിനെ നിയന്ത്രിക്കുവാൻ ടയർ-4 നിയന്ത്രണങ്ങൾ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ് ബ്രിട്ടൻ. അതിനിടയിലാണ് യുവാക്കളിൽ കൂടുതലായി പടർന്നുപിടിക്കുന്ന പുതിയ ഇനം കൊറോണയുടെ വരവ്. ഇത് വളരെവേഗത്തിൽ പടർന്നു പിടിക്കുന്നതാണെന്ന് പറഞ്ഞ ദക്ഷിണാഫ്രിക്കൻ ആരോഗ്യകാര്യ മന്ത്രി പക്ഷെ ഇതിനെതിരെ ഇപ്പോൾ ഉള്ള വാക്സിനുകൾ ഫലവത്താകുമോ എന്നകാര്യം പറയാറായിട്ടില്ല എന്നും സൂചിപ്പിച്ചു.
മറുനാടന് മലയാളി ബ്യൂറോ