കോതമംഗലം: സുഹൃത്തുക്കൾ തമ്മിലുള്ള കശപിശയിൽ ഒരാൾ മറ്റെയാളുടെ ചെവികടിച്ചെടുത്തു. ഇന്നലെ രാത്രി 10 മണിയോടടുത്ത് നേര്യംമംഗലത്താണ് സംഭവം. നേര്യമംഗലം കീച്ചേരിക്കുടി സന്തോഷിന്റെ മകൻ നിധിന്റെ(19) ചെവിയാണ് മുറിഞ്ഞ് തൂങ്ങിയിരിക്കുന്നത്. കൊടത്താപ്പിള്ളീൽ സലീം അലിയാണ് മകന്റെ ചെവികടിച്ചുമുറിച്ചതെന്നാണ് നിധിന്റെ പിതാവ് സന്തോഷ് മറുനാടനോട് വെളിപ്പെടുത്തി.

നേര്യമംഗലത്തെ മലയാളി ഹോട്ടലിൽ എൽ ഇ ഡി ബൾബുകൾ ഉപയോഗപ്പെടുത്തി ക്രസ്മസ് സ്റ്റാർ തയ്യാറാക്കുന്നതിനായി നിധിനടക്കമുള്ള സുഹൃത്തുക്കൾ ഒത്തുകൂടിയിരുന്നു. രാത്രി 10 മണിയോടടുത്ത് കടും ചായ കുടിക്കുന്നതിനായി നിധിനും ഒപ്പമുണ്ടായിരുന്നവരും പാലത്തിനക്കരെ സുഹൃത്തുകൂടിയായ കണ്ണന്റെ നൈറ്റ് കടയിലെത്തി.

ഈ സമയം ഇവിടെ എത്തിയ സലീം കണ്ണനുമായും നിധിനുമായും ഒന്നും രണ്ടുപറഞ്ഞ് തെറ്റുകയും തുടർന്ന് നിധിനെ കെട്ടിപ്പിടിച്ച് ചെവി കടിച്ചു പറിക്കുകയായിരുന്നെന്നു.അങ്കമാലി എൽ എഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ള നിധിന്റെ ചെവി മുറിഞ്ഞ് തൂങ്ങിയ നിലയിലാണെന്നും രാവിലെ 11-ന് ശസ്ത്രക്രീയയ്ക്ക് വിധേയനാക്കുമെന്നാണ് ഡോക്ടർ അറിയിച്ചിട്ടുള്ളതെന്നും പിതാവ് സന്തോഷ് അറിയിച്ചു.

ഈ സംഭവത്തിന് മുമ്പ് സലീം നേര്യംമംഗലത്തെ സവിത ഹോട്ടലിൽ നിന്നും ഭക്ഷണം കഴിക്കുകയും കേക്കും കോളയും വാങ്ങുകയും ചെയ്തിരുന്നു. കഴിച്ചതും കോള ഉൾപ്പെടെയുള്ളവ വാങ്ങിയവകയിലുമായി ഇയാൾ ഹോട്ടലിൽ 550 രൂപയോളം നൽകേണ്ടിയിരുന്നു. ഭക്ഷണം കഴിച്ച് പോകാനിറങ്ങിയപ്പോൾ പണം കയ്യിലില്ലന്നും സുഹൃത്ത് കണ്ണൻ നൽകുമെന്നും സലീം അറിയിക്കുകയായിരുന്നു.

ഇതിൻ പ്രകാരം താൻ കണ്ണനെ വിളിച്ചെന്നും പണം നൽകാനാവില്ലന്ന് ആയാൾ അറിയിച്ചെന്നും തുടർന്ന് വാങ്ങിയ കോളയും കേക്കും തിരികെ നൽകുകയും ഭക്ഷണത്തിന്റെ പണം മാത്രം നൽകി ഇവിടെന്നും നിന്നും ഇയാൾ സ്ഥലം വിടുകയായിരുന്നെന്നും ഹോട്ടലുടമ ജിജോ പറഞ്ഞു. ഹോട്ടലിൽ എത്തിയ അവസരത്തിൽ ഇയാൾ ലഹരിക്കടിമയായ രീതിയിലായിരുന്നു പെരുമാറിയതെന്നും ജിജോ കൂട്ടിച്ചേർത്തു.

ഇതിനുശേഷമാണ് സലിം കണ്ണന്റെ നൈറ്റ് കടയിലേയ്ക്കെത്തുന്നത്. ഹോട്ടൽ ബില്ലടയ്ക്കാൻ പണം നൽകാത്തതിനെചൊല്ലി ഇവിടെ ഇരുവരും തമ്മിൽ തർക്കമുണ്ടായിയെന്നും ഇതിനിടയിൽ സ്ഥലത്തുണ്ടായിരുന്ന നിഥിന്റെ ചെവി കെട്ടിപ്പിടിച്ച ശേഷം സലീം കടിച്ചുമുറിക്കുകയായിരുന്നെന്നുമാണ് ഒപ്പമുണ്ടായിരുന്നവർ പറയുന്നത്.

താൻ കെട്ടിടനിർമ്മാണ തൊഴിലാളിയാണെന്നും മകന്റെ ചികത്സചിലവടക്കമുള്ള കാര്യങ്ങൾ ആശങ്കയിലാഴ്തിയിരിക്കുകയാണെന്നും അബോധാവസ്ഥയിൽ കഴിയുന്ന മകന്റെ ഓപ്പറേഷൻ വിജയകരമാവണെ എന്നപ്രാർത്ഥനയിലാണ് താനെന്നും സന്തോഷ് പറയുന്നു.