- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാഞ്ചസ്റ്ററിലെ ജിജു ഫിലിപ്പ് സൈമൺ രണ്ടാം തവണയും കോവിഡിനെ തോൽപ്പിച്ചു; ബ്രിട്ടീഷ് മലയാളിയിൽ നിന്ന് ലഭിക്കുന്നത് ആരോഗ്യ കാര്യത്തിൽ ഏറ്റവും കരുതൽ കാട്ടിയിട്ടും കോവിഡ് വീണ്ടും എത്തിയേക്കാം എന്നതിന്റെ സൂചന
മൂന്നുമാസങ്ങൾക്കിടയിൽ രണ്ടുതവണ കോവിഡ് ബാധിക്കുകയും രോഗമുക്തി നേടുകയും ചെയ്ത് വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ് ബ്രിട്ടനിലെ മലയാളിയായ ജിജു ഫിലിപ്പ് സൈമൺ. മാഞ്ചസ്റ്ററിൽ യൂണിവേഴ്സിറ്റി എൻ എച്ച് എസ് ഫൗണ്ടേഷൻ ട്രസ്റ്റിലെ അഡ്വാൻസ്ഡ് ക്ലിനിക്കൽ പ്രാക്ടീഷണറും ഫിസിയോതെറാപ്പിസ്റ്റും പ്രൊഫഷണൽ ക്രിക്കറ്റ് കോച്ചുമായ ജിജു ഫിലിപ്പിന് മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നും തന്നെയില്ല. അതുകൊണ്ടുതന്നെ ഒരിക്കൽ ആക്രമിച്ച കോവിഡിനെതിരെ സ്വാഭാവിക പ്രതിരോധം തീർക്കാൻ ശരീരത്തിന് കഴിയേണ്ടതുമാണ്.
എന്നാൽ ഇത് ഇത്തരത്തിലുള്ള ആദ്യത്തെ കേസല്ല. നെതർലാൻഡ്സിലെ റോട്ടെർഡാമിലുള്ള ഒരു ആശുപത്രിയിലെ നഴ്സായ സേയ്ൻ ഡി ജോംഗിന് കഴിഞ്ഞ ഏപ്രിലിൽ ചെറിയ തലകറക്കവും ചുമയുമൊക്കെ ഉണ്ടായപ്പോൾ ഡോക്ടറുടെ നിർദ്ദേശ പ്രകാരമാണ് കോവിഡ് പരിശോധന നടത്തിയത്. അതിൽ പോസിറ്റീവ് ആണെന്ന് തെളിഞ്ഞ സേയ്ൻ ആശുപത്രിയിൽ ചികിത്സതേടി. രണ്ടാഴ്‌ച്ചത്തെ ചികിത്സയ്ക്ക് ശേഷം മെയ് 2 ന് ആശുപത്രി വിടുമ്പോൾ സേയ്നിന്റെ പരിശോധനാ റിപ്പോർട്ട് നെഗറ്റീവ് ആയിരുന്നു.
എന്നാൽ, ഏകദേശം ഒരു മാസം കഴിഞ്ഞപ്പോൾ സേയ്ൻ വീണ്ടും ചില ലക്ഷണങ്ങൾ പ്രദർശിപ്പിക്കുവാൻ തുടങ്ങിയതോടെ വീണ്ടും കോവിഡ് പരിശോധനയ്ക്ക് വിധേയയാകുവാൻ ഡോക്ടർ നിർദ്ദേശിക്കുകയായിരുന്നു. അപ്പോൾ നടത്തിയ പരിശോധനയിൽ സേയ്ൻ വീണ്ടും പോസിറ്റീവ് ആയി. ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന ഈ യുവതിക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു. വീണ്ടും ചികിത്സതേടിയ അവർ രണ്ടാഴ്‌ച്ചകൊണ്ട് രോഗമുക്തി നേടി വീണ്ടും ജോലിചെയ്യുവാൻ ആരംഭിച്ചു.
ജിജുവിന്റെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചത്. ആരോഗ്യകാര്യത്തിൽ അതീവ ശ്രദ്ധാലുവായ ജിജു ശൈത്യകാലത്ത് സ്ഥിരമായി ബാഡ്മിന്റണും വേനല്ക്കാലത്ത് ക്രിക്കറ്റും കളിക്കുന്ന വ്യക്തിയാണ്. മാഞ്ചസ്റ്റർ ഫ്രണ്ട്സ് സ്പോർട്ടിങ് ക്ലബ്ബ് ചെയർമാൻ കൂടിയായ ജിജുവിന് മറ്റ് ആരോഗ്യ പ്രശ്നങ്ങളും ഇല്ലായിരുന്നു. ഒരു ക്ലിനിക്കൽ പ്രാക്ടീഷണർ കൂടിയായ ജിജു തന്റെ അനുഭവം സമൂഹ മാധ്യമങ്ങളിൽ കൂടി പങ്കുവയ്ക്കുകയായിരുന്നു. പുതിയ ഇനം വൈറസ് പ്രത്യക്ഷപ്പെട്ട അവസരത്തിൽ കൂടുതൽ കരുതലുകൾ എല്ലാവരും സ്വീകരിക്കണം എന്നതിന്റെ മുന്നറിയിപ്പായിട്ടാണ് ജിജു തന്റെ അനുഭവം പ്രസിദ്ധീകരിച്ചത്.
ഇക്കഴിഞ്ഞ സെപ്റ്റംബർ 10 നായിരുന്നു തലവേദന, രുചിയും ഗന്ധവും അറിയുവാൻ കഴിയാതിരിക്കുക തുടങ്ങിയ ലക്ഷണങ്ങൾ ജിജു പ്രകടിപ്പിക്കാൻ തുടങ്ങിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ സെപ്റ്റംബർ 12 ന് അദ്ദേഹം പോസിറ്റീവ് ആണെന്ന ഫലം വന്നു. സെപ്റ്റംബർ 22 ഓടെ രോഗമുക്തി നേടി ജോലിക്ക് പോയി തുടങ്ങി. പിന്നീട് ഒരു കോവിഡ് രോഗിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടതിനാൽ സെൽഫ് ഐസൊലേഷന് ജിജുവിനെ വിധേയനാക്കി.ഡിസംബർ 1 നായിരുന്നു ഇത്.
ഡിസംബർ 3 ന് വീണ്ടും കോവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിക്കാൻ തുടങ്ങിയതോടെ ജിജുവിനെ പരിശോധനക്ക് വിധേയനാക്കുകയും തുടർന്ന് പോസിറ്റീവ് റിപ്പോർട്ട് ലഭിക്കുകയുമായിരുന്നു. രണ്ടാം തവണ അൽപം ഗുരുതരമായി തന്നെയായിരുന്നു രോഗം ബാധിച്ചത്. തുടർന്ന് ആശുപത്രിയിൽ ചികിത്സതേടേണ്ടതായി വന്നു. ഏതായാലും ഇത്തവണയും ജിജു കോവിഡിനെ പരാജയപ്പെടുത്തി.
ഒരിക്കൽ കോവിഡ് ബാധിച്ചാൽ ശരീരത്തിൽ അതിനെ പ്രതിരോധിക്കുവാനുള്ള ആന്റിബോഡികൾ രൂപപ്പെടുമെന്നും അത് കോവിഡിനെതിരെ സ്വാഭാവിക പ്രതിരോധം തീർക്കുമെന്നുമാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. എന്നാൽ എല്ലാവരിലും ഇത് സംഭവിക്കുന്നില്ല എന്നാണ് ജിജുവിന്റെയും സൈനയുടെയും കഥകൾ തെളിയിക്കുന്നത്. അതുപോലെ തികഞ്ഞ ആരോഗ്യ ദൃഢഗാത്രരിലും കോവിഡ് ബാധ ഉണ്ടാകാമെന്നും ഈ സംഭവങ്ങൾ പറയുന്നു. അതുകൊണ്ട് തന്നെ എല്ലാവരും കരുതിയിരിക്കേണ്ടത് അത്യാവശ്യമാണ്.
മറുനാടന് മലയാളി ബ്യൂറോ