- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാൽ നൂറ്റാണ്ടിന്റെ പ്രവാസം മതിയാക്കി മടങ്ങാൻ ഒരുങ്ങവേ സൗദിയിൽ മലപ്പുറം സ്വദേശി കൊല്ലപ്പെട്ടു; പാതകം ജോലി സ്ഥലത്ത് വെച്ച് മോഷ്ടാക്കളുടെ കൈയാൽ; ഒറ്റപ്പെട്ട ജോലികളിലെ പ്രവാസികൾ നടുക്കത്തിൽ
ജിസാൻ (സൗദി അറേബ്യ): ഇരുപത്തിയഞ്ച് വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങാനുള്ള ഒരുക്കങ്ങളിൽ കഴിയവേ ദക്ഷിണ സൗദിയിലെ ചെറു നഗരമായ അബൂഅരീഷിൽ മലയാളി ജോലി സ്ഥലത്ത് വെച്ച് കൊല്ലപ്പെട്ടു. ദക്ഷിണ സൗദിയിലെ ജിസാൻ നഗരത്തിൽ നിന്ന് മുപ്പത് കിലോമീറ്റര് അകലെയുള്ള അബൂഅരീഷ് പ്രദേശത്തെ സ്വബിയ റോഡിലെ അൽഅമൽ പെട്രോൾ പമ്പിന് സമീപമുള്ള അൽഹകമി സൂപ്പർമാർക്കറ്റിൽ ജോലി ചെയ്യുകയായിരുന്ന മലപ്പുറം, മേൽമുറി, ആലത്തൂർ പടി സ്വദേശി മുഹമ്മദ് അലി പുള്ളിയിൽ എന്ന ബാപ്പുട്ടി (52) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച പുലർച്ചയ്ക്ക് മുമ്പാണ് സംഭവം. ഒന്നര വർഷം മുമ്പ് അവധി കഴിഞ്ഞു തിരിച്ചെത്തിയ മുഹമ്മദലി ഫൈനൽ എക്‌സിറ്റ് തയ്യാറെടുപ്പിലായിരുന്നു.
മുഹമ്മദ് അലിയെ കഴുത്തിന് കുത്തേറ്റ നിലയിൽ കണ്ടെത്തിയത്. പുലർച്ചെ മൂന്ന് മണിയോടെ ഷോപ്പിലേക്കുള്ള പച്ചക്കറി സാധനങ്ങളുമായി എത്തിയ മലയാളികളാണ് കൗണ്ടറിനടുത്ത് കഴുത്തറുത്ത് രക്തം വാർന്ന് മരണപ്പെട്ട നിലയിൽ മുഹമ്മദലിയെ കണ്ടെത്തിയത്.
പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപത്തെ കടകളിലെ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾ സ്വദേശി യുവാവ് ആണെന്നാണ് സ്ഥിരീകരിച്ചിട്ടില്ലാത്ത റിപ്പോർട്ട്. കവർച്ചക്കാരാകാം കൊലപാതകത്തിനു പിന്നിലെന്നാണ് അനുമാനം. കടയിലെ സി സി ടി വി ക്യാമറയും അനുബന്ധ സാധനങ്ങളും അക്രമി നശിപ്പിച്ചിട്ടുണ്ട്.
അക്രമികൾ കടയിലെ സി സി ടി വി യുടെ കേബിൾ മുറിക്കാൻ ശ്രമിച്ചപ്പോൾ തടഞ്ഞപ്പോഴാണ് മുഹമ്മദലി ആക്രമിക്കപ്പെട്ടതെന്നും സംശയമുണ്ട്. കട അയക്കുന്നതിനുള്ള തയ്യാറെടുപ്പിനിടെ അക്രമി അകത്ത് കയറിക്കൂടുകയും കടയിലെ കത്തി കൈക്കലാക്കുകയുമാണെന്നാണ് നിഗമനം.
പിതാവ്: പുള്ളിയിൽ അബ്ദുഹാജി. മാതാവ്: പാത്തുമ്മ കുന്നത്തൊടി ഭാര്യ: റംല ഇരുമ്പുഴി. മക്കൾ: മുസൈന, മഅദിൻ. മരുമകൻ: ജുനൈദ് അറബി പട്ടർകടവ്. സഹോദങ്ങൾ: ഹൈദർ അലി, അഷ്റഫ് (ഇരുവർക്കും ഇതേ സ്ഥാപനത്തിൽ തന്നെയാണ് ജോലി), ശിഹാബ്, മുനീറ. കൂടെ ജോലി ചെയ്യുന്ന രണ്ടു ഹോദരന്മാരിൽ അഷ്റഫ് നിലവിൽ നാട്ടിലാണ്. ഹൈദർ അലി താമസ സ്ഥലത്ത് ഉറങ്ങി കിടക്കവെയാണ് കൊലപാതകം അരങ്ങേറിയത്.
നേരത്തേ ത്വായിഫിൽ ആയിരുന്ന മുഹമ്മദലി പതിനഞ്ചു വര്ഷം മുമ്പാണ് ജിസാനിൽ എത്തിയത്.
മൃതദേഹം അബുഅരീഷ് ജനറൽ ആശുപത്രി മോർച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഖബറടക്കം ഇവിടെത്തന്നെ ആയിരിക്കുമെന്ന് സ്ഥലത്തെ സാമൂഹ്യ പ്രവർത്തകർ പറഞ്ഞു.
അതേസമയം, രാത്രി വൈകിയും ഒറ്റപ്പെട്ടയിടങ്ങളിലും പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ ജോലിക്കാർ മുഹമ്മദലിയുടെ സംഭവത്തിൽ കടുത്ത നടുക്കം രേഖപ്പെടുത്തി. സുരക്ഷയും ശാന്തിയും നിറഞ്ഞു നിൽക്കുന്ന രാജ്യമാണ് സൗദി അറേബ്യ എങ്കിലും അക്രമി സംഘങ്ങളുടെ അപ്രതീക്ഷിതമായ കയ്യേറ്റങ്ങൾ ഭയാശങ്ക ജനിപ്പിക്കുന്നതാണെന്ന് പലരും പറഞ്ഞു. അക്രമികൾ ഏറെ വൈകാതെ പിടിയിലാവുകയും ശിക്ഷിക്കപ്പെടുകയും ചെയ്യുമെന്നതാണ് മുൻ അനുഭവങ്ങൾ എന്നും ചിലർ പ്രതികരിച്ചു.