അമരാവതി: ബ്രിട്ടനിൽനിന്നു ഡൽഹിയിലെത്തിയതിന് പിന്നാലെ കോവിഡ് സ്ഥിരീകരിച്ച ആന്ധ്രാ സ്വദേശിനി ക്വാറന്റൈൻ കേന്ദ്രത്തിൽ നിന്നും മുങ്ങി. മകനുമായി കടന്നു കളഞ്ഞ ബ്രിട്ടനിലെ അദ്ധ്യാപിക ട്രെയിൻ കയറി ആന്ധ്രയിൽ എത്തി. ഇവർ രാജമഹേന്ദ്രവാരം സ്റ്റേഷനിൽ ഇറങ്ങിയതിന് പിന്നാലെ ആരോഗ്യ വകുപ്പ് ഇവരെ തടഞ്ഞ് ആശുപത്രിയിൽ ഐസലേഷനിലാക്കി. ബ്രിട്ടനിൽ അടുത്തിടെ കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ വകഭേദമാണോ ഇവർക്കു ബാധിച്ചിരിക്കുന്നതെന്ന് അറിയാൻ സ്രവസാംപിളുകൾ പുണെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു.

ബുധനാഴ്ച അർധരാത്രി ഇവർ സ്റ്റേഷനിൽ ഇറങ്ങിയപ്പോൾ കാത്തുനിന്ന ആരോഗ്യവകുപ്പ് അധികൃതർ ഇരുവരെയും ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. മകനോടൊപ്പമാണ് ഇവരെ ക്വാറന്റീനിലാക്കിയത്.ഡിസംബർ 21നാണ് ഇവർ നാട്ടിലേക്കു തിരിച്ചത്. വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചതോടെ ക്വാറന്റീൻ കേന്ദ്രത്തിലേക്കു മാറ്റി. ഇവിടെനിന്നു രക്ഷപ്പെട്ട് മകനോടൊപ്പം ട്രെയിനിൽ സ്വന്തം സ്ഥലമായ രാജമഹേന്ദ്രവാരത്തേക്കു പോകുകയായിരുന്നു. ഇവർ ഡൽഹിയിൽനിന്ന് ആന്ധ്രപ്രദേശ് എക്സ്പ്രസിൽ പോയെന്നു കണ്ടെത്തിയ ഡൽഹി പൊലീസ് വിവരം റെയിൽവേ പൊലീസിനെ അറിയിച്ചു. എപി എക്സ്പ്രസിന്റെ ഫസ്റ്റ് ക്ലാസ് കോച്ചിൽ ഇവരുണ്ടെന്ന് അറിഞ്ഞ് രാജമഹേന്ദ്രവാരത്തെ അധികൃതർക്കു വിവരം കൈമാറി.

ഇവർക്കെതിരെ കേസ് എടുത്തിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. രോഗലക്ഷണങ്ങളൊന്നും പ്രകടമാകാതിരുന്നതിനാൽ ഹോം ക്വാറന്റീൻ മതിയെന്ന് ഡൽഹിയിൽ അറിയിച്ചുവെന്നാണ് അമരാവതിയിലെ അധികൃതരോട് ഇവർ പറഞ്ഞത്. സ്ത്രീക്കു കോവിഡ് ലക്ഷണങ്ങൾ ഇല്ലെന്നും സ്രവസാംപിൾ ശേഖരിച്ച് വൈറസിന്റെ പുതിയ വകഭേദമാണോ എന്നറിയാൻ പരിശോധനയ്ക്ക് അയച്ചുവെന്നും ആരോഗ്യവകുപ്പ് ജില്ലാ കോ-ഓർഡിനേറ്റർ ടി.രമേഷ് കിഷോർ പറഞ്ഞു. ബ്രിട്ടനിൽ കോവിഡ് വൈറസിന്റെ ജനിതക മാറ്റം വന്ന പുതിയ വകഭേദം കണ്ടെത്തിയതിനെ തുടർന്ന് ഡിസംബർ 23 മുതൽ 31 വരെ ബ്രിട്ടനിൽനിന്നുള്ള എല്ലാ വിമാനസർവീസുകളും റദ്ദാക്കിയിരുന്നു. അതിശക്തമായ പരിശോധനയാണ് വിമാനത്താവളങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിനിടയിലാണ് അദ്ധ്യാപികയും മകനും അധികൃതരെ കബളിപ്പിച്ച് മുങ്ങിയത്.

അടുത്തിടെ ബ്രിട്ടനിൽനിന്നു മടങ്ങിയെത്തിയവരെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യവകുപ്പ് അധികൃതർ. യുപിയിൽ ഇത്തരത്തിൽ വന്നവരിൽ പലരും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തതോടെ അധികൃതർ കുഴങ്ങി. യുകെയിൽനിന്നു മടങ്ങിയെത്തിയവരുടെ പട്ടിക കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്കു കൈമാറി.