തൃശ്ശൂർ: ഭൂമിയിൽ ജനിക്കുന്ന ഒരു പുൽക്കൊടിക്കും അതിർ വരമ്പുകൾ ഇല്ലെന്നും കഠിനാധ്വാനം ചെയ്യാനുള്ള മനസ് ഉണ്ടെങ്കിൽ ജീവിത വിജയം കൈ വരിക്കാമെന്നും എല്ലാവർക്കു മുന്നിലും തുറന്ന് കാട്ടിയ ജീവിതമാണ് താഹിറയുടേത്. അതുകൊണ്ട് തന്നെയാണ് താഹിറയുടെ ജീവിത കഥ സിനിമയായപ്പോൾ ഗോവ ചലച്ചിത്രമേളയിലെ ഇന്ത്യൻ പനോരമയിലേക്കും തിരഞ്ഞെടുക്കപ്പെട്ടത്. താഹിറയുടെ ജീവിതത്തിലെ കുറച്ച് ഭാഗങ്ങൾ എടുത്താൽ തന്നെ അത് നല്ല ഒരു സിനിമയ്ക്ക് വേണ്ടതിൽ കൂടുതൽ തന്നെ ഉണ്ടാവും.

അതുകൊണ്ട് തന്നെ താഹിറയുടെ കഥ സിനിമയാക്കാൻ തീരുമാനിച്ചപ്പോൾ ജീവിതത്തിലെ നായികയുടെ പേരുതന്നെ സംവിധായകൻ സിനിമയ്ക്കും നൽകി. കാഴ്ചപരിമിതരായ വിദ്യാർത്ഥികളുടെ സ്ഥാപനത്തിലെ അദ്ധ്യാപകനായ, കാഴ്ചശേഷി ഒട്ടുമില്ലാത്ത ക്ലിന്റ് മാത്യുവാണ് സിനിമയിലെ നായകൻ. ആരോഗ്യവകുപ്പിൽ പാലക്കാട് സീനിയർ ഹെൽത്ത് എജ്യുക്കേറ്ററായ സിദ്ദിഖ് പറപ്പൂർ രചനയും സംവിധാനവും നിർവഹിച്ച താഹിറ എന്ന സിനിമ പറയുന്നത് താഹിറയുടെ ജീവിതമാണ്.

കൊടുങ്ങല്ലൂർ ഏറിയാട് ലൈറ്റ് ഹൗസിന് സമീപം താമസിക്കുന്ന താഹിറയുടെ ബാപ്പ മുഹമ്മദുണ്ണി, താഹിറ ഏഴിൽ പഠിക്കുമ്പോൾ മരിച്ചു. ആറുപെൺമക്കളായിരുന്നു മുഹമ്മദുണ്ണി-ബീപാത്തു ദമ്പതിമാർക്ക്. അതോടെ താഹിറ പഠനം നിർത്തി കുടുംബഭാരം ഏറ്റെടുത്ത് ജോലിക്കിറങ്ങി. ആറ് പെൺകുട്ടികൾ അടങ്ങുന്ന വീടിനെ പോറ്റുക എന്നത് ചെറിയ ഒരു ഉത്തരവാദിത്തമായിരുന്നില്ല. എന്നാൽ കഠിനാധ്വാനവും നിശ്ചയ ദാർഡ്യവും കൊണ്ട് എല്ലാ പ്രതിസന്ധികളെയും താഹിറ മറികടന്നു. തന്റെ കുടുംബത്തിന് വേണ്ടി മാത്രം ജീവിതം ഉഴിഞ്ഞു വെച്ചു.

വീടിനടുത്ത് ചെമ്മീൻ കമ്പനിയിൽ സൂപ്പർവൈസറായി ജോലി നേടിയാണ് താഹിറയുടെ ആദ്യത്തെ ചുവട് വെയ്പ്. ജീവിതത്തെ പറ്റി സ്വയം കണക്ക് കൂട്ടൽ ഉണ്ടാക്കി താഹിറ പുതിയ പുതിയ വരുമാന മാർഗം കണ്ടെത്തി. ശമ്പളം ചേർത്തും ചിട്ടി കൂടിയും പശുക്കളെ വാങ്ങി. 13 പശുക്കൾവരെയായി. സൈക്കിളിൽ 15 കിലോമീറ്ററോളം കൊണ്ടുപോയായിരുന്നു പാൽ വിൽപ്പന. 18 വയസ്സായതോടെ സ്വന്തമായി ഇരുചക്രവാഹനം ഓടിച്ച് പഠിച്ച് ലൈസൻസ് നേടി. ഇപ്പോൾ ഹെവി ലൈസൻസുള്ള ഡ്രൈവിങ് പരിശീലകയാണ് താഹിറ. 100-ല്പരം പേരെ കാറോടിക്കാൻ പഠിപ്പിച്ചു.

നാലു പശുക്കളെ പോറ്റി 25 വീടുകളിൽ പാലെത്തിക്കുന്ന ക്ഷീരകർഷക. വലവീശി മീൻപിടിച്ച് ഉപജീവനം നടത്തുന്ന കുടുംബനാഥ. കൂലിപ്പണിക്കാരി. പെയിന്റിങ് തൊഴിലാളി. കെട്ടിടനിർമ്മാണം ചിട്ടയോടെ നടത്തുന്ന മേസ്തിരി. ഡ്രൈവിങ് പരിശീലക. സ്വന്തമായി ട്രാക്ടർ ഓടിച്ച് വിത്തിട്ട് വിളവെടുക്കുന്ന കർഷക. നാലുസഹോദരങ്ങളെ പഠിപ്പിച്ച് വിവാഹം കഴിപ്പിച്ചയച്ച സഹോദരി. ബാപ്പയുടെ കടം കാരണം നഷ്ടപ്പെട്ട കിടപ്പാടത്തിന് പകരം സ്വന്തമായി വീടുവെച്ച കഠിനാധ്വാനിയായ മകൾ. ഇപ്പോൾ സ്വാഭാവിക അഭിനയത്തിലൂടെ സിനിമയെ വിജയത്തിലെത്തിക്കാമെന്ന്‌ െതളിയിച്ച നടിയും.

വലവീശലും മേസ്തിരിപ്പണിയും പെയിന്റിങ്ങും എല്ലാം സ്വന്തമായി പഠിച്ചെടുത്തത്. പണി കഴിഞ്ഞ് മടങ്ങുമ്പോൾ ഒരുകെട്ട് പുല്ല് കൊണ്ടുവരും. പശുവിന് അതാണ് തീറ്റ. രാവിലെ നാലരയ്ക്ക് പശുക്കളെ കറന്ന് ഒരു ദിവസം തുടങ്ങും. വീടിനടുത്ത പെരുതോടിൽനിന്ന് രാത്രി വലവീശി ഒരു കറിക്കുള്ള മീൻപിടിച്ച് ഒരു ദിവസത്തെ അധ്വാനം നിർത്തും.