തിരുവനന്തപുരം: പേട്ടയിൽ രണ്ട് സിപിഎം പ്രവർത്തകർക്കു വെട്ടേറ്റു. പ്രദീപ്, ഹരികൃഷ്ണൻ എന്നീ സിപിഎം പ്രവർത്തകർക്കാണ് വെട്ടേറ്റത്. ഇവരെ മൂന്നംഗ സംഘം അക്രമിക്കുകയും വെട്ടിപരിക്കേൽപ്പിക്കുകയും ആയിരുന്നു. വെട്ടേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു ബിജെപി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സംഭവത്തിന് പിന്നിൽ രാഷ്ട്രീയ തർക്കമാണെന്നാണ് കരുത്തപ്പെടുന്നത്. സിപിഎം നിയന്ത്രണത്തിലുള്ള വായനശാലയുമായി(ചാക്ക വൈഎംഎ സോഷ്യൽ ലൈബ്രറി) ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. പ്രദീപ് ആയിരുന്നു വായനശാലയുടെ ഭരണം കൈകാര്യം ചെയ്തിരുന്നത്. ഇന്നലെ രാത്രി പ്രദീപും ഹരികൃഷ്ണനും വായനശാലയിൽ ഇരിക്കുമ്പോഴാണ് മൂന്ന് പേർ ബൈക്കുകളിലെത്തി ആക്രമണം നടത്തിയത്. ബൈക്കിലെത്തിയവർ മദ്യലഹരിയിലായിരുന്നു എന്നും പറയപ്പെടുന്നു.

ബിജെപി/ആർഎസ്എസ് പ്രവർത്തകരാണ് ആക്രമണം നടത്തിയത്. സിപിഎം ലോക്കൽ കമ്മിറ്റി അംഗമായ പ്രദീപിന്റെ തലയുടെ പിൻവശത്താണ് വെട്ടേറ്റിരിക്കുന്നത്. ഹരികൃഷ്ണൻ ഡിവൈഎഫ്‌ഐ നേതാവാണ്. വെട്ടേറ്റ പ്രദീപിനെയും ഹരികൃഷ്ണനെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂടുതൽ സംഘർഷം ഒഴിവാക്കുന്നതിനായി പൊലീസ് പേട്ട, ചക്ക ഭാഗങ്ങളിൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ആക്രമണത്തിൽ പങ്കെടുത്ത ഒരാൾ കൂടി പിടിയിലാകാനുണ്ടെന്നും ഇയാളെ അധികം വൈകാതെ തന്നെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.