- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചൈനീസ് ചാരപ്രവർത്തനം; സ്ത്രീ അടക്കം പത്തംഗ ചൈനീസ് സംഘം അഫ്ഗാനിസ്ഥാനിൽ പിടിയിൽ; ചൈന മാപ്പു പറയണമെന്ന് അഫ്ഗാൻ: സംഭവം ഒതുക്കി തീർക്കാൻ അഫ്ഗാന് മേൽ സമ്മർദ്ദം ചെലത്തി ചൈന

കാബുൾ: അഫ്ഗാനിസ്ഥാനിൽ ചാരപ്രവർത്തനം നടത്തിയിരുന്ന ചൈനീസ് പൗരന്മാർ പിടിയിൽ. ഒരു സ്ത്രീ അടക്കം പത്തു പേരാണ് അഫ്ഗാൻ അധികൃതരുടെ പിടിയിലായത്. ഡിസംബർ പത്തിന് ചൈനീസ് ചാരന്മാർക്കെതിരെ ആരംഭിച്ച നീക്കത്തിന് പിന്നാലെയാണ് പത്തംഗ സംഘം അഫ്ഗാൻ നാഷനൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റിയുടെ (എൻഡിഎസ്) പിടിയിലാകുന്നത്. അറസ്്റ്റിലായവർക്ക് ചൈനീസ് ചാരസംഘടനയുമായി ബന്ധമുണ്ടെന്ന് എൻഡിഎസ് കണ്ടെത്തി.
കാബുളിൽ ഭീകരസെൽ ആയി പ്രവർത്തിച്ചു വരികയായിരുന്നു ഇവർ. സംഭവത്തിൽ ചൈന മാപ്പ് പറയണമെന്ന് അഫ്ഗാൻ അധികൃതർ ആവശ്യപ്പെട്ടു. അതേസമയം സംഭവം ഒതുക്കിത്തീർക്കാൻ അഷ്റഫ് ഗാനി സർക്കാരിനുമേൽ ചൈന സമ്മർദം ചെലുത്തി തുടങ്ങിയതായാണ് റിപ്പോർട്ട്്. വൈസ് പ്രസിഡന്റും അഫ്ഗാൻ രഹസ്യാന്വേഷണ ഏജൻസി മുൻ മേധാവിയുമായ അമറുള്ള സലേഹിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പത്തംഗ സംഘം കുടുങ്ങിയത്.
ഡിസംബർ പത്തു മുതലാണ് ചൈനീസ് ചാരന്മാർക്കെതിരായ നീക്കം ആരംഭിച്ചതെന്ന് അധികൃതർ പറഞ്ഞു. അറസ്റ്റിലായ ലീ യാങ്യാങ് ജൂലൈ മുതൽ ചൈനീസ് ചാരസംഘടനകളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നയാളാണ്. കാബുളിന്റെ പ്രാന്തപ്രദേശത്തെ വീട്ടിൽനിന്നാണ് അറസ്റ്റ് ചെയ്തത്. കാബുളിലെ ഷിർപുരിൽ റസ്റ്ററന്റ് നടത്തിയിരുന്ന ഷാ ഹുങ് എന്ന സ്ത്രീയെയും അറസ്റ്റ് ചെയ്തു. ഇവരുടെ താമസസ്ഥലത്തുനിന്ന് സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തു.
കാബുളിലെ ചൈനീസ് പ്രതിനിധി വാങ് യുവുമായി അമറുള്ള കൂടിക്കാഴ്ച നടത്തി. ചൈന ഖേദപ്രകടനം നടത്തിയാൽ ചാരന്മാർക്കു മാപ്പു നൽകുന്ന കാര്യം പരിഗണിക്കാമെന്ന് അഫ്ഗാൻ സർക്കാർ പറഞ്ഞു. ഏറെ വർഷങ്ങൾക്കിടെ ആദ്യമായാണ് ചൈനീസ് പൗരന്മാരെ അഫ്ഗാനിൽ ചാരപ്രവർത്തനത്തിനു പിടികൂടുന്നത്. ഇവർക്കു താലിബാൻ ബന്ധമുള്ള ഹഖാനി ഗ്രൂപ്പുമായി അടുപ്പമുണ്ടെന്ന് അധികൃതർ പറഞ്ഞു. അമേരിക്ക അഫ്ഗാനിൽനിന്നു സൈന്യത്തെ പിൻവലിച്ചതിനു പിന്നാലെ മേഖലയിൽ സ്വാധീനം വർധിപ്പിക്കാനുള്ള നീക്കത്തിലാണു ചൈന.

