- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
744 മരണവും 39,000 രോഗികളുമായി ക്രിസ്ത്മസ് ഈവ്; തിരുപ്പിറവി ദിനത്തിൽ 570 മരണവും 33,000 രോഗികളും; ഹിംസയുടെ പ്രതീകമായി ബ്രിട്ടനിൽ അഴിഞ്ഞാടി കോവിഡ് മുൻപോട്ട്
സമാധാനത്തിന്റെയും സ്നേഹത്തിന്റെയും പ്രതിരൂപമായ ദൈവപുത്രന്റെ ജന്മദിനത്തിൽ ബ്രിട്ടന്റെ അന്തരീക്ഷത്തിൽ അലയടിച്ചത് മരണത്തിന്റെ ഗന്ധവും വേർപാടിന്റെ വിലാപങ്ങളും ആയിരുന്നു. 32,725 പേർക്ക് പുതിയതായി കോവിഡ് ബാധ സ്ഥിരീകരിച്ച തിരുപ്പിറവിദിനത്തിൽ 570 പേരാണ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. ക്രിസ്ത്മസ്സ് അവധികാരണം കടലാസുപണികളിൽ കാലതാമസം വരുവാൻ സാധ്യതയുള്ളതിനാൽ ഈ കണക്കുകൾ ഇനിയും ഉയരും എന്നാണ് കണക്കാക്കുന്നത്. നിലവിലുള്ള രോഗവ്യാപന കണക്കു തന്നെ കഴിഞ്ഞ ആഴ്‌ച്ചയിലേതിനേക്കാൾ 14 ശതമാനം കൂടുതലാണ്.
നേരത്തേ ക്രിസ്ത്മസ്സ് ആഘോഷങ്ങളോടനുബന്ധിച്ച് കോവിഡ് നിയന്ത്രണങ്ങളിൽ അഞ്ച് ദിവസത്തെ ഇളവ് പ്രഖ്യാപിച്ചിരുന്നെങ്കിലും, ജനിതകമാറ്റം വരുത്തിയ പുതിയ കൊറോണയുടെ വരവോടെ മിക്കഭാഗങ്ങളിലും ഇളവുകൾ റദ്ദ് ചെയ്തിരുന്നു. ബാക്കിയുള്ളിടങ്ങളിൽ അത് ക്രിസ്ത്മസ്സ് ദിനത്തേക്ക് മാത്രമായി ചുരുക്കുകയും ചെയ്തിരുന്നു. ലണ്ടനിലുംതെക്ക് കിഴക്കൻ ഇംഗ്ലണ്ടിലും വെയിൽസിലും, ഇളവുകൾ റദ്ദാക്കപ്പെട്ടതോടെ ക്രിസ്ത്മസ്സ് ആഘോഷങ്ങൾ വീടുകളിൽ ഒതുങ്ങുകയായിരുന്നു.
ക്രിസ്ത്മസ്സ് ദിനത്തിൽ ആശുപത്രികളിൽ മാത്രം ഏകദേശം 401 കോവിഡ് രോഗികൾ മരണമടഞ്ഞു. ഇവരിൽ ആരും തന്നെ 40 വയസ്സിൽ കുറഞ്ഞ പ്രായത്തിലുള്ളവർ ഇല്ല. എന്നാൽ, 14 പേർക്ക് ഒഴിച്ച് മറ്റാർക്കും തന്നെ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നും തന്നെയില്ലായിരുന്നു എന്ന വസ്തുത ഞെട്ടിക്കുന്നതാണ്. ഈ വിവരങ്ങൾ ഇംഗ്ലണ്ടിലേത് മാത്രമാണ്. ക്രിസ്ത്മസ്സ് അവധിയായതിനാൽ നോർത്തേൺ അയർലൻഡും, വെയിൽസും, സ്‌കോട്ട്ലാൻഡും ഇക്കാര്യത്തിൽ പുതിയ വിവരങ്ങൾ രേഖപ്പെടുത്തുകയോ പുറത്തുവിടുകയോ ചെയ്തട്ടില്ല.
എന്നിരുന്നാലും ഇന്നലെ സ്‌കോട്ട്ലാൻഡിൽ ആയിരത്തിലധികം പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതായി ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു അതേസമയം തെക്ക് കിഴക്കൻ ഇംഗ്ലണ്ടിൽ കൊറോണയുടെ തേരോട്ടം നിർബാധം തുടരുകയാണ്. വ്യാപനശേഷി കൂടുതലുണ്ടെങ്കിലും പക്ഷെ, ഈ ഇനത്തിന് പ്രഹരശേഷി കൂടുതലാണെന്ന് ഇതുവരെ തെളിഞ്ഞിട്ടില്ല. നിലവിൽ ഇംഗ്ലണ്ടിലെ ഓരോ 85 പേരിലും ഒരാൾക്ക് വീതം കോവിഡ് ബാധയുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതിൽ, പകുതിയോളം പേരെയും ബാധിച്ചിരിക്കുന്നത് ജനിതകമാറ്റം വന്ന പുതിയ ഇനം വൈറസാണ്.
ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് വിവരങ്ങൾ പ്രകാരം, ഈ പുതിയ ഇനം വൈറസ് ആധിപത്യം പുലർത്തുന്ന തെക്കൻ മേഖലകളിൽ രോഗവ്യാപനം കനക്കുകയാണ്. അതേസമയം, വടക്കൻ മേഖലകളിലും മിഡ്ലാൻഡ്സിലും രോഗവ്യാപനത്തിന്റെ ശക്തി സാവധാനം കുറയാൻ തുടങ്ങിയിട്ടുണ്ട്. ഇവിടെ പുതിയ ഇനം വൈറസ് ഇനിയും വ്യാപകമായിട്ടില്ല. എന്നാൽ, അതിന് ഇനി അധികം സമയമെടുക്കില്ല എന്ന ഭയം നിലനിൽക്കുന്നുമുണ്ട്.
ഇതുവരെ ടയർ-4 നിയന്ത്രണങ്ങൾ നിലവിലില്ലാതിരുന്ന പടിഞ്ഞാറൻ സസ്സെക്സ്, കിഴക്കൻ സസ്സെക്സിന്റെ ചില ഭാഗങ്ങൾ, എസ്സെക്സ്, സറേ എന്നിവിടങ്ങളിൽ ഇന്നു മുതൽ ടയർ-4 നിയന്ത്രണങ്ങൾ നിലവിൽ വരും. കൂടാതെ ഓക്സ്ഫോർഡ്ഷയർ, നോർഫോക്ക്, സഫോക്ക്, കേംബ്രിഡ്ജ്ഷയർ എന്നിവിടങ്ങളിലും ഈ നിയന്ത്രണം നിലവിൽ വരും. ഇതോടൊപ്പം ബ്രിസ്റ്റോൾ, ഗ്ലൂസെസ്റ്റെർഷയർ, സോമർസെറ്റ്, സ്വിൻഡൺ, ഐൽ ഓഫ് റൈറ്റ്, നോർത്താംപ്ടൺഷയർ എന്നിവ ടയർ 2 വിൽ നിന്നും ടയർ-3 യിലേക്ക് ഉയർത്തപ്പെടും. കോൺവാൾ, ഹിയർഫോർഡ്ഷയർ എന്നിവ ടയർ 2 ആയി ഉയർത്തപ്പെടും. ഇതോടെ ഇംഗ്ലണ്ടിൽ ഒരിടത്തും ടയർ-1 നിയന്ത്രണം നിലവിൽ ഉണ്ടാകില്ല.
മറുനാടന് മലയാളി ബ്യൂറോ