- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലണ്ടനിൽ കണ്ടെത്തിയ ഭീകരൻ കൊറോണ അയർലൻഡിലും എത്തി; ദക്ഷിണാഫ്രിക്കൻ ഇനത്തിന്റെ വ്യാപനവും തുടരുന്നു; രണ്ടാം വരവിലൂടെ ഭയപ്പെടുത്തുന്ന കൊറോണ ലോകമെങ്ങും പരന്നേക്കുമെന്ന ആശങ്ക ശക്തം
ജനിതകമാറ്റത്തിലൂടെ വ്യാപനശേഷി വർദ്ധിപ്പിച്ച പുതിയ ഇനം കൊറോണ വൈറസ്, യാത്രാവിലക്കുകൾ നിലവിലുണ്ടായിരുന്നിട്ടും അയർലൻഡിൽ എത്തിയതായി സ്ഥിരീകരിച്ചു.
ഇതോടെ അയർലൻഡിലും രോഗവ്യാപന തോത് നിയന്ത്രണാധീതമായി ഉയരുമെന്ന ആശങ്കയുയർന്നു. ഇന്നലെ പുതിയതായി 1,025 പേർക്കാണ് അയർലൻഡിൽകോവിഡ് ബാധ സ്ഥിരീകരിച്ചത്. രണ്ട് മരണങ്ങളും രേഖപ്പെടുത്തി. ഡിസംബർ 31 വരെ ബ്രിട്ടനിൽ നിന്നും ആകാശമാർഗ്ഗവും ജലമാർഗ്ഗവും ഉള്ള യാത്രകൾക്ക് അയർലൻഡ് വിലക്കേർപ്പെടുത്തിയിട്ടുകൂടി ഇത് സംഭവിച്ചതിലാണ് കൂടുതൽ ആശങ്ക.
ഇതോടെ ഇന്നലെ മുതൽ അയർലൻഡ് ലെവൽ ഫൈവ് നിയന്ത്രണങ്ങളിലേക്ക് കടന്നു. ഇത് ജനുവരി 12 വരെ നിലനിൽക്കും. കടകൾ തുറന്നിരിക്കുമെങ്കിലും റെസ്റ്റോറന്റുകളും പബ്ബുകളും അടച്ചുപൂട്ടും. വീടുകൾക്കുള്ളിലോ വീട്ടുമുറ്റങ്ങളിലോ മറ്റ് കുടുംബങ്ങളിലെ അംഗങ്ങളുമായി ഒത്തുചേരുന്നതിനും അനുവാദമുണ്ടായിരിക്കുന്നതല്ല. ഓരോ ദിവസവും രോഗവ്യാപനതോതിൽ 10 ശതമാനത്തിന്റെ വർദ്ധനവ് ദൃശ്യമാകാൻ തുടങ്ങിയതോടെയാണ് ഈ പുതിയ നിയന്ത്രണങ്ങൾ നിലവിൽ വരുന്നത്.
ജനിതകമാറ്റം സംഭവിച്ച പുതിയ വൈറസിന്റെ സാന്നിദ്ധ്യം അയർലൻഡിൽ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും അത് എത്രമാത്രം വ്യാപിച്ചിട്ടുണ്ട് എന്നകാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ഇനി വരുന്ന ദിവസങ്ങളിൽ തുടരുന്ന പരിശോധനകളിലൂടെയും പഠനങ്ങളിലൂടെയും മാത്രമേ ഇത് എത്രമാത്രം വ്യാപിച്ചിട്ടുണ്ട് എന്ന് പറയുവാൻ കഴിയൂ. ഈ പുതിയ ഇനത്തിന് തന്റെ മുൻഗാമിയേക്കാൾ 56 ശതമാനം അധിക വ്യാപനശേഷിയുണ്ടെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.
കെന്റിൽ കണ്ടെത്തിയ പുതിയ ഇനം വൈറസിനൊപ്പം, ലോകം മുഴുവൻ ആശങ്ക പടർത്തി ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ ഇനം കൊറോണ വൈറസും അതിവേഗം വ്യാപനം തുടരുകയാണ്. ഏതൊരു മഹാമാരിയുടെയും രണ്ടാം വരവ് ഒന്നാം വരവിനേക്കാൾ ഭീകരവും മാരകവുമായിരിക്കും.
ഈ വസ്തുത കൂടി കണക്കിലെടുക്കുമ്പോൾ, ലോകം മുഴുവൻ ആശങ്ക വിതറുന്ന സംഭവ വികാസങ്ങളാണ് ഇപ്പോൾ നടക്കുന്നത്. വ്യാപനശേഷി കൂടുതലുള്ള ഈ പുതിയ രണ്ടിനങ്ങൾ കാര്യങ്ങൾ നിയന്ത്രണാതീതമാക്കുമോയെന്ന ആശങ്ക ബക്കിനിൽക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ