ക്രിസ്തുമസ് ദിനത്തിൽ നൈജീരിയയിലെ ക്രിസ്റ്റ്യൻ ഗ്രാമം ആക്രമിച്ച് പള്ളിക്ക് തീയിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ബൊക്കോ ഹറം തീവ്രവാദികൾ. 11 പേരെ കൊലപ്പെടുത്തിയ സംഘം ഒരു പുരോഹിതനെ തട്ടിക്കൊണ്ടു പോകുകയും ചെയ്തു. അവധി ദിനങ്ങളിൽ ബൊക്കോ ഹറം തീവ്രവാദികളുടെ ആക്രമണ സാധ്യത കൂടുമെന്ന സുരക്ഷാ ഏജൻസികളുടെ മുന്നറിയിപ്പിന് പിന്നാലെയാണ് ആക്രമണം നടന്നത്.

ട്രക്കിലും മോട്ടോർ സൈക്കിളിലുമായി എത്തിയ ഭീകര സംഘം സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് മടങ്ങിയത്. ബോർണോ സ്്‌റ്റേറ്റിലെ ക്രിസ്ത്യാനികൾ കൂടുതലായി താമസിക്കുന്ന പെമിയിലാണ് ആക്രമണം നടത്തിയത്. വ്യാപകമായി വെടിവെയ്‌പ്പ് നടത്തിയ തീവ്രവാദി സംഘം കെട്ടിടങ്ങൾക്ക് തീയിട്ടു. ഏഴ് പേരെ കൊന്ന തീവ്രവാദികൾ പത്തോളം വീടുകളാണ് തീയിട്ട് നശിപ്പിച്ചത്.

ക്രിസ്തുമസിന് വിതരണം ചെയ്യാൻ കരുതിയിരുന്ന ഭക്ഷണ സാധനങ്ങളും മോഷ്ടിച്ചു. തീവ്രവാദികൾ പോയതിന് പിന്നാലെ നടത്തിയ തിരച്ചിലിൽ കുറ്റിക്കാട്ടിൽ നിന്നാണ് നാല് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തത്. ഇതോടെ മരണ സംഖ്യ 11 ആയി. മരണ സംഖ്യ ഇനിയും ഉയർന്നേക്കും. തീവ്രവാദികളെ കണ്ട് പേടിച്ച് നിരവധി പേരാണ് കുറ്റിക്കാടുകളിലും മറ്റും അഭയം തേടിയത്. ഇവരിൽ പലരേയും ഇനിയും കണ്ടെത്താനായിട്ടില്ല.

പിന്നീട് സാമ്പിസിയ കാടിന് സമീപത്തേക്ക് പോയ തീവ്രവാദികൾഡ ഒരു ആശുപത്രിയിൽ നിന്നും മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും മോഷ്ടിച്ചു. ഇതിന് ശേഷമാണ് പള്ളിക്ക് തീയിട്ട ശേഷം പുരോഹിതനെ തട്ടിയെടുത്തത്. ആറ് വർഷം മുമ്പ് 200ഓളം സ്‌കൂൾ കുട്ടികളെ തീവ്രവാദികൾ തട്ടിക്കൊണ്ടു പോയ ചിബോക്കിന് 12 മൈൽ അകലെയാണ് തീവ്രവാദികളുടെ ആക്രമണം നടന്നത്. അഡംവാ സ്‌റ്റേറ്റിലും സമാനമായ തീവ്രവാദി ആക്രമണം ഉണ്ടായി. ഭക്ഷണ സാധനങ്ങളും മറ്റും മോഷ്ടിക്കകയും വീടുകൾ ആക്രമിക്കുകയും ചെയ്‌തെങ്കിലും ആരുടെയും ജീവന് ഈ പ്രദേശത്ത് ആപത്തുണ്ടായില്ല.