കോഴിക്കോട്: കോവിഡ് ബാധിച്ച് മരിച്ച യുവ തിരക്കഥാകൃത്ത് ഹരിപ്രസാദ് കൊളേരിയുടെ മൃതദേഹം സംസ്‌ക്കരിച്ചു. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് കോഴിക്കോട് മാവൂർ റോഡ് ശ്മശാനനത്തിൽ ഇന്നലെ വൈകിട്ടാണ് സംസ്‌ക്കാരം നടന്നത്. കുഞ്ഞിരാമന്റെ കുപ്പായം, പൂഴിക്കടകൻ എന്നീ സിനിമകളുടെ തിരക്കഥ എഴുതിയ യുവ തിരക്കഥാകൃത്തായിരുന്നു ഹരിപ്രസാദ് കൊളേരി. 45 വയസ്സായിരുന്നു.

ഡിസംബർ 16നാണ് ഹരിപ്രസാദിന് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടി. പിന്നീട് ഗിലൻ ബാരി സിൻഡ്രോം രോഗവും വന്നതിനാൽ ആരോഗ്യം മോശമാകാൻ തുടങ്ങി. ഞായറാഴ്ച കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയ ഹരിപ്രസാദിന്റെ രോഗം ഇന്നലെ രാത്രി മുതൽ അതീവ ഗുരുതരമായി തുടരുകയായിരുന്നു.

സിദ്ദീഖ് ചേന്ദമംഗല്ലൂർ സംവിധാനം ചെയ്യുന്ന 'ഗെറ്റുഗദർ' സിനിമയുടെ തിരക്കഥ പൂർത്തീകരിച്ച് 2021 ഏപ്രിലിൽ ഷൂട്ടിങ് തുടങ്ങാനിരിക്കെയാണ് ഹരിപ്രസാദിനെ മഹാമാരി കൊണ്ടുപോയത്. കോഴിക്കോട് ജില്ലയിലെ മടവൂർ ആണ് സ്വദേശം. പിതാവ് പരേതനായ പത്മനാഭൻ നായർ, അമ്മ സുഭദ്ര, സഹോദരൻ കേണൽ ജയപ്രസാദ്. അവിവാഹിതനാണ്.