കൊറോണ ഒരു സുനാമിപോലെ ആഞ്ഞടിക്കുന്ന കാലിഫോർണിയയിൽ കഴിഞ്ഞ രണ്ടാഴ്‌ച്ചകൊണ്ട് രോഗികളുടെ എണ്ണത്തിൽ 68 ശതമാനത്തിന്റെ വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്തിന്റെ തെക്കൻ മേഖലയിൽ ഐ സി യു ബെഡുകൾ ലഭ്യമല്ലാത്ത സാഹചര്യം സംജാതമായിരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഈ ആഴ്‌ച്ചയോടെ രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടന്ന കാലിഫോർണിയയിൽ ക്രിസ്ത്മസ്സ്-നവവത്സര ആഘോഷങ്ങൾക്കായി ജനങ്ങൾ കൂട്ടം കൂടുന്നതോടെ രോഗികളുടെ എണ്ണത്തിൽ വരും നാളുകളിൽ ഇനിയും അഭൂതപൂർവ്വമായ വർദ്ധനവുണ്ടാകുമെന്നാണ് ഈ രംഗത്തെ വിദഗ്ദർ പറയുന്നത്.

ജനുവരിയിലും ഫെബ്രുവരിയിലും അമിതമായ രോഗവ്യാപനം ഉണ്ടാകാനിടയുള്ളതിനാൽ ആഘോഷങ്ങൾ വീടുകളിൽ ഒതുക്കണമെന്ന് ഗവർണർ ഗവിൻ ന്യുസം ആവശ്യപ്പെട്ടു. എന്നാൽ, സംസ്ഥാനത്തെ ജനങ്ങൾ ഈ നിർദ്ദേശം ചെവുകൊണ്ടിട്ടില്ല എന്നാണ് സർവ്വേഫലങ്ങൾ കാണിക്കുന്നത്. ലോസ് ഏഞ്ചലസ് കൗണ്ടിയിലെ മൂന്നിൽ ഒരു ഭാഗത്തുള്ള 10 മില്ല്യൺ ജനങ്ങൾ ഇപ്പോഴും വീടുകൾക്ക് പുറത്ത് കൂട്ടം കൂടി ആഘോഷങ്ങൾ ഒരുക്കുന്ന തിരക്കിലാണ്. രോഗാരംഭ ദശയിൽ ഉണ്ടായിരുന്നതിനേക്കാൾ കുറവ് ശ്രദ്ധമാത്രമേ ജനങ്ങൾ ഇപ്പോൾ മുൻകരുതലിന്റെ കാര്യത്തിൽ നൽകുന്നുള്ളു എന്നാണ് ഒരു സാമൂഹ്യ ശാസ്ത്രജ്ഞൻ അഭിപ്രായപ്പെട്ടത്.

കനത്ത രോഗവ്യാപനം ആരോഗ്യ സംരക്ഷണ മേഖലയെ തകർച്ചയുടെ വക്കിൽ എത്തിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കാലിഫോർണിയയിൽ മാത്രം 19,000 ത്തോളം രോഗികൾ ആശുപത്രികളിലും 4,000 ത്തോളം പേർ ഐ സി യു വിലും പ്രവേശിപ്പിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. പല ആശുപത്രികളിലും കിടക്കയില്ലാത്തതിനാൽ ആംബുലൻസുകൾ രോഗികളുമായി നിരത്തുകളിലൂടെ പരക്കമ്മ് പായുന്ന കാഴ്‌ച്ചയായിരുന്നു കണ്ടത്. തികച്ചും ഒഴിവാക്കാൻ സാധിക്കാത്ത സാഹചര്യത്തിലല്ലാതെ രോഗികളെ തിരിച്ചയക്കരുതെന്ന നിർദ്ദേശം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഡോക്ടർമാർക്ക് നൽകിക്കഴിഞ്ഞു.

അതിനൊപ്പം നഴ്സുമാരുടെയും മറ്റ് ആരോഗ്യ പ്രവർത്തകരുടെയും കുറവും അമേരിക്ക അനുഭവിക്കാൻ തുടങ്ങിയിട്ടുണ്ട്. ആസ്ട്രേലിയയിൽ നിന്നും തായ്വാനിൽ നിന്നുമായി താത്ക്കാലിക അടിസ്ഥാനത്തിൽ 3000 ത്തോളം നഴ്സുമാരെ കാലിഫോർണിയയിലേക്ക് എത്തിക്കുവാനുള്ള നടപടികൾ സർക്കാർ പൂർത്തിയാക്കികഴിഞ്ഞു. അടുത്ത ചില ആഴ്‌ച്ചകളിൽ ലോസ് ഏഞ്ചലസ് കൗണ്ടി ഏതുതരത്തിലുള്ള സാഹചര്യമായിരിക്കും അഭിമുഖീകരിക്കേണ്ടിവരിക എന്നത് ആലോചിക്കുവാൻ പോലും കഴിയില്ല എന്നാണ് ഇവിടെ ജോലി ചെയ്യുന്ന ഡോ. ബ്രിയാൻ ഗാണ്ട്വെർക്കർ പറഞ്ഞത്.

ഐ സി യു ബെഡുകൾ ഏതാണ്ട് നിറഞ്ഞു കവിഞ്ഞു. ഇതേനിരക്കിൽ രോഗവ്യാപനം വർദ്ധിക്കുകയാണെങ്കിൽ അടുത്ത 30 ദിവസങ്ങൾക്കുള്ളിൽ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണം ഇരട്ടിയാകും. രോഗികളുടേയും ഗുരുതരമായ രോഗബാധിതരായി ആശുപത്രികളിൽ ചികിത്സതേടിയെത്തുന്നവരുടെയും എണ്ണത്തിൽ വർദ്ധനയുണ്ടാകുന്നതിനൊപ്പം മരണനിരക്കിലും ഉണ്ടാകുന്ന വർദ്ധനവും ലോസേഞ്ചലസിനെ ആശങ്കയിലാഴ്‌ത്തുന്നുണ്ട്. നിലവിലെ സാഹചര്യമനുസരിച്ച് പ്രതിദിനം 91 പേരാണ് ഇവിടെ മരണമടയുന്നത്. ഇത് കഴിഞ്ഞ മാസത്തേതിനേക്കാൾ 10 ശതമാനം കൂടുതലാണ്.

ഇത്രയൊക്കെ ഭീകരമായ സാഹചര്യം നിലനിന്നിട്ടും ക്രിസ്ത്മസ് ദിനത്തിൽ ജനങ്ങൾ പള്ളികളിൽ തടിച്ചുകൂടി. അമേരിക്കയിൽ മൊത്തത്തിൽ തന്നെ രോഗ്യവ്യാപന തോത് നിയന്ത്രണാതീതമായി വർദ്ധിക്കുന്നതിനിടയിലാണിത്. കാലിഫോർണീയയിലേതുപോലെ പെനിസിൽവേനിയയിലും മരണനിരക്ക് വർദ്ധിക്കുന്നുണ്ട്. ക്രിസ്ത്മസ്സ് ദിനത്തിൽ 245 മരണങ്ങളാണ് ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.