ഫെബ്രുവരി അവസാനത്തോടെ, നിയന്ത്രണങ്ങൾ അവസാനിപ്പിച്ച് പഴയ ജീവിതത്തിലേക്ക് ബ്രിട്ടൻ മടങ്ങുമെന്ന ആത്മവിശ്വാസമാണ് ഇപ്പോൾ ഭരണകൂടത്തിനുള്ളത്. ഏറെ കാത്തിരുന്ന ഓക്സ്ഫോർഡ് വാക്സിൻ ദിവസങ്ങൾക്കകം അനുമതി ലഭിച്ച് പൊതുജനങ്ങൾക്കായി ലഭ്യമാവും എന്ന ശുഭവാർത്ത വന്നതോടെയാണ് ഈ പ്രത്യാശ പരന്നത്. വാക്സിൻ ഏറ്റവും അധികം ആവശ്യമായ, അപകട സാധ്യത കൂടിയ വിഭാഗത്തിൽ പെട്ടവർക്ക് ഇത് ആഴ്‌ച്ചകൾക്കുള്ളിൽ ലഭ്യമാക്കും. വാക്സിന്റെ വരവും ബ്രെക്സിറ്റ് വ്യാപാരകരാറുമെല്ലാം വരുന്ന വർഷങ്ങൾ കൂടുതൽ തിളക്കമുള്ളതാക്കുമെന്ന് ചാൻസലർ ഋഷി സുനാക് പറഞ്ഞു.

ശാസ്ത്രജ്ഞരുടെ അവിശ്വസനീയമാം വിധമുള്ള കഠിനാദ്ധ്വാനവും എൻ എച്ച് എസ് ജീവനക്കാരുടെ സമർപ്പണമനോഭാവത്തോടെയുള്ള പ്രവർത്തികളും ചേർന്ന് അടുത്ത വർഷത്തെ ബ്രിട്ടന്റെ പുതിയ യുഗത്തിലെ ആദ്യത്തെ വർഷമാക്കി മാറ്റുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു. പുതുവത്സര തലേന്ന് തന്നെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയും അസ്ട്ര സെനേകയും ചേർന്ന് വികസിപ്പിച്ച വാക്സിന് ഹെൽത്ത്കെയർ റെഗുലേറ്റടി ഏജൻസി അംഗീകാരം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇപ്പോൾ തന്നെ നൽകിക്കൊണ്ടിരിക്കുന്ന ഫൈസർ വാക്സിന്റെ 40 മില്ല്യൺ ഡോസുകൾക്ക് പുറമേ 100 മില്ല്യൺ ഡോസിന്റെ ഓക്സ്ഫോർഡ് വാക്സിനും ബ്രിട്ടന് ലഭ്യമാകും. കഴിഞ്ഞയാഴ്‌ച്ചവരെ 8 ലക്ഷം ഡോസുകളാണ് പൊതുജനങ്ങൾക്കിടയിൽ നൽകിയിട്ടുള്ളത്. കോവിഡ് ബാധിക്കുവാൻ ഏറെ സാധ്യതയുള്ളവരും, രോഗബാധയുണ്ടായാൽ ആശുപത്രി ചികിത്സ ആവശ്യമായി വരുന്നവരുമായ 12 മുതൽ 15 മില്ല്യൺ വ്യക്തികളെ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. ഫെബ്രുവരി അവസാനത്തിനുള്ളിൽ ഇവർക്ക് മുഴുവനും വാക്സിൻ നൽകാനാകുമെന്നാണ് പ്രതീക്ഷ. ഇവർക്ക് വാക്സിൻ നൽകിക്കഴിഞ്ഞാൽ പിന്നെ എൻ എച്ച് എസിന് അധിക ഭാരത്തെ കുറിച്ച് ചിന്തിക്കേണ്ടതായി വരില്ല.

ഇത്തരത്തിൽ അപകട സാധ്യത ഏറിയവർക്ക് വാക്സിൻ നൽകിക്കഴിഞ്ഞാൽ പിന്നെ സാധാരണക്കാർക്കിടയിൽ രോഗവ്യാപനത്തെ കുറിച്ച് ഏറെ ആശങ്കകൾ ആവശ്യമില്ല. കാരണം, ആശുപത്രികളിൽ എത്തുന്നവർ കുറവായിരിക്കും. ലോക്ക്ഡൗൺ പ്രഖ്യാപിക്കുവാൻ ഒരു പ്രധാന കാരണം ആരോഗ്യ സംരക്ഷണ സംവിധാനത്തിലെ അമിതഭാരം ആണ് എന്നതിനാൽ, ഇവർക്ക് വാക്സിൻ നൽകിക്കഴിഞ്ഞാൽ പിന്നീട് ലോക്ക്ഡൗൺ ആവശ്യമായി വരികയില്ലെന്നാണ് കണക്കുകൂട്ടൽ.

അതിനിടയിൽ, രണ്ട് ഡോസുകൾ നൽകേണ്ടതിനു പകരം ഒരു ഡോസു മാത്രം നൽകി വാക്സിനേഷൻ പദ്ധതിക്ക് വേഗത കൂട്ടുവാനുള്ള സാധ്യതകളും സർക്കാർ അന്വേഷിക്കുന്നുണ്ട് എന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ മാസം ആദ്യമാണ് ആദ്യത്തെ ഫൈസർ വാക്സിൻ ബ്രിട്ടനിൽ നൽകിയത്. എന്നാൽ, ഓക്സ്ഫോർഡ് വാക്സിൻ കാര്യങ്ങൾ മൊത്തത്തിൽ മാറ്റിമറിക്കും എന്നാണ് കരുതപ്പെടുന്നത്. കാരണം ഇത് താരതമ്യേന വിലക്കുറവുള്ളതാണ്. എന്നുമാത്രമല്ല, ഇത് വിതരണം ചെയ്യുന്നതിനും എളുപ്പമാണ്. ഫൈസർ വാക്സിൻ സൂക്ഷിക്കാൻ -70 ഡിഗ്രി താപനില ആവശ്യമുള്ളപ്പോൾ ഓക്സ്ഫോർഡ് വാക്സിൻ സാധാരണ റഫ്രിജറേറ്ററിൽ സൂക്ഷിക്കാവുന്നതാണ്.

റെഗുലേറ്റർ ഈ വാക്സിന് അനുമതി നൽകുന്നതോടെ ഫുട്ബോൾ സ്റ്റേഡിയങ്ങളും കോൺഫറൻസ് സെന്ററുകളും മറ്റും വാക്സിൻ വിതരണ കേന്ദ്രങ്ങളായി മാറും. രണ്ട് ഡോസുകൾക്ക് പകരം ഒരു ഡോസ് എന്ന ആശയത്തിനും പ്രചാരമേറുന്നുണ്ട്. എന്നാൽ, ഫൈസർ കമ്പനി പറയുന്നത് പരമാവധി സംരക്ഷണത്തിന് രണ്ട് ഡോസുകൾ ആവശ്യമാണെന്നാണ്. എന്നാൽ 2003 വരെ ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്തിലെ ഇമ്മ്യുണൈസേഷൻ വിഭാഗത്തിന്റെ തലവനായിരുന്ന പ്രൊഫസർ ഡേവിഡ് സാലിസ്‌ബറി പറയുന്നത് ഒരു ഡോസു എടുത്താൽ 91 ശതമാനം സുരക്ഷ ഉറപ്പാണ്, രണ്ട് ഡോസ് എടുത്താൽ 95% സുരക്ഷയും. വെറും നാലു ശതമാനത്തിനു വേണ്ടി രണ്ടാമത്തെ ഡോസ് എടുക്കുന്നതിൽ അർത്ഥമില്ലെന്നാണ്.

മന്ത്രിസഭയിൽ എന്നും ലോക്ക്ഡൗൺ വിരുദ്ധവികാരത്തിന് നേതൃത്വം നൽകിയിട്ടുള്ള സുനാകിന്റെ സ്വപ്നത്തിലെ ബ്രിട്ടീഷ് യുഗത്തിന് ആരംഭം കുറിക്കുന്നത് അടുത്തവർഷമായിരിക്കും എന്ന ശുഭ പ്രതീക്ഷ എല്ലാ കേന്ദ്രങ്ങളിലും പരന്നിട്ടുണ്ട്. എന്നും കർശനമായ ലോക്ക്ഡൗണിന് വേണ്ടി നിലകൊണ്ടിട്ടുള്ള ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്ക് തന്റെ നിലപാടിൽ മാറ്റങ്ങൾ വരുത്താൻ തയ്യാറാവുകയാണ്. വാക്സിനുകൾ മതിയായ അളവിൽ എത്തുന്നതോടെ നിയന്ത്രണങ്ങൾ ഒന്നൊന്നായി നീക്കം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

സൈനികസഹായത്തോടെ വിദ്യാർത്ഥികൾക്ക് കോവിഡ് പരിശോധന

അതിനിടയിൽ സൈനികരെ വിന്യസിച്ച് സ്‌കൂൾ കുട്ടികൾക്ക് കോവിഡ് പരിശോധന നടത്തണമെന്ന ആവശ്യവുമായി മുൻ പ്രതിരോധമന്ത്രി തോബിയാസ് എൽവുഡ് ആവശ്യപ്പെട്ടു. ഇത് കൂടുതൽ സ്‌കൂളുകൾ തുറന്നു പ്രവർത്തിക്കുന്നതിന് സഹായിക്കും. സൈനിക ഡോക്ടർമാരുടെയും നഴ്സുമാരുടെയും സഹായത്തോടെ വിദ്യാർത്ഥികൾക്ക് കോവിഡ് പരിശോധന നടത്തണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.

പ്രതിരോധ വകുപ്പ് ഈ നിർദ്ദേശം ഗൗരവകരമായി പരിഗണിക്കുന്നുണ്ട്. ഒരു പരിശീലകനെ പരിശീലിപ്പിക്കുക എന്ന രീതിയിൽ ഒരു പദ്ധതി ആവിഷ്‌കരിക്കുവാനാണ് വകുപ്പ് ഇപ്പോൾ ആലോചിക്കുന്നത്. ഇതനുസരിച്ച് സൈന്യത്തിലെ ആരോഗ്യ പ്രവർത്തകർ അദ്ധ്യാപകർക്ക് എങ്ങനെ സുരക്ഷിതമായി കോവിഡ് പരിശോധന നടത്താൻ കഴിയുമെന്ന് പരിശീലിപ്പിക്കും. അതേസമയം ജനുവരി4 ന് സ്‌കൂളുകൾ തുറക്കുമ്പോൾ തന്നെ പരിശോധന ആരംഭിക്കുന്ന സർക്കാർ പദ്ധതിയോട് അദ്ധ്യാപക യൂണിയനുകൾ വിയോജിപ്പ് രേഖപ്പെടുത്തി.