- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എന്റെ ഭാര്യ ഇത്രയേറെ സുന്ദരിയായിട്ടും ഒരു മാസിക പോലും ഇതുവരെ കവർ ഗേൾ ആക്കിയില്ല; 12 തവണ മാഗസിൻ കവർ ആകാൻ ഒബാമയുടെ ഭാര്യയ്ക്ക് എന്ത് മേന്മയാണുള്ളത് ? പരാതി തീരാതെ ട്രംപ്
താനണ് എന്നും ശരി എന്ന് തോന്നുന്നവർക്ക് തന്നെക്കാൾ പ്രാധാന്യം മറ്റാർക്കും ലഭിക്കുന്നത് ഇഷ്ടപ്പെടില്ല. തന്റെ ശരിയിൽ ഉറച്ചുനിന്ന് അമേരിക്കൻ ജനാധിപത്യത്തിന് തീരാകളങ്കം വരുത്തിയ ട്രംപിന്റെ ഉള്ളിലെ കുട്ടിക്കുശുമ്പ് പുറത്തുവന്നത് ക്രിസ്ത്മസ്സ് ദിനത്തിലായിരുന്നു. തന്റെ സുന്ദരിയായ ഭാര്യയേ കവർ ഗേളാക്കാൻ ഒരു മാഗസിനും തയ്യാറായി മുന്നോട്ട് വരാത്തതിലാണ് പരാതി. ഇനി, ആരും അതിനു തയ്യാറായില്ലെങ്കിൽ തന്നെ ട്രംപിന് പരാതി ഉണ്ടാകുമായിരുന്നില്ല. പക്ഷെ, ഒബാമയുടെ ഭാര്യ 12 തവണയാണ് മാഗസിനുകളുടെ മുഖച്ചിത്രങ്ങളിൽ സ്ഥാനം പിടിച്ചത്. അതാണ് സഹിക്കാൻ വയ്യാത്തത്.
എട്ടുവർഷം പ്രഥമവനിതയായിരിന്ന മിഷായേൽ ഒബാമയ്ക്ക് 56 വയസ്സ്. നാലു വർഷം പ്രഥമവനിതയായിരുന്ന മെലാനിയയ്ക്ക് പ്രായം വെറും 50 വയസ്സുമാത്രം. എന്നിട്ടും മെലാനിയയെ ആരും പരിഗണിച്ചില്ല, കവർ ഗേളായി. മാത്രമല്ല, കാണാനും സുന്ദരി. പിന്നെ ട്രംപിന് ഈ അവഗണന സഹിക്കാൻ കഴിയും? ക്രിസ്ത്മസ്സ് ദിനത്തിൽ ബ്രീറ്റ്ബാർട്ട് എന്ന പ്രസിദ്ധീകരണകമ്പനിയുടെ ''ഫാഷൻ മാധ്യമങ്ങളിലെ കുലീനകളായ വിഢികൾ ഏറ്റവും കുലീനയായ അമേരിക്കൻ പ്രഥമവനിതയെ കവർ ഗേൾ ആക്കാതെ നാലു വർഷം തുടർച്ചയായി അവഗണിച്ചു'' എന്ന ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ട് ട്രംപ് എഴുതിയത് അതിൽ എല്ലാക്കാലത്തേയും മികച്ച താരം മെലാനിയ തന്നെ എന്നാണ്.
ട്രംപിന്റെ കൂട്ടുകുടുംബത്തോടൊപ്പം ക്രിസ്ത്മസ്സ് ആഘോഷത്തിനായി മാർ-എ -ലാഗോയിലേക്ക് യാത്രതിരിക്കുന്ന സമയം മെലാനിയ ധരിച്ചിരുന്ന വസ്ത്രങ്ങളുടെ സൗന്ദര്യം വർണ്ണിച്ചുകൊണ്ടാണ് ബ്രീറ്റ്ബാർട്ടിന്റെ ലേഖനം ആരംഭിക്കുന്നത്. ഇത്രയും സൗന്ദര്യബോധമുള്ള പ്രഥമവനിതയെ ഫാഷൻ രംഗത്തെ മാധ്യമ വിഢികൾ മുഖചിത്രമാക്കാതെ മാറ്റി നിർത്തി എന്നാണ് ഈ പ്രസാധകർ ആരോപിച്ചിരിക്കുന്നത്. തന്റെ മുൻഗാമിയായ ഒബാമയുടെ ഭാര്യയ്ക്ക് ലഭിച്ച പൊതു അംഗീകാരവും പ്രാധാന്യവും മാധ്യമശ്രദ്ധയൊന്നും തന്റെ ഭാര്യയ്ക്ക് ലഭിക്കുന്നില്ലെന്ന് എന്നും പരാതിപ്പെടാറുള്ള ട്രംപിനെ ഈ ലേഖനം സ്വാധീനിച്ചതിൽ അദ്ഭുതമില്ല.
ഒബാമ പ്രസിഡണ്ടായിരുന്നപ്പോൾ മൂന്നു തവണ വോഗിന്റെ കവർഗേളായി മിഷായേൽ പ്രത്യക്ഷപ്പെട്ടിരുന്നു. അതിൽ ഒന്ന്, ട്രംപ് തെരഞ്ഞെടുപ്പിൽ വിജയിച്ചശേഷമായിരുന്നു. അന്ന്, നിയുക്ത പ്രഥമവനിതയേക്കാൾ പ്രാധാന്യം ലഭിച്ചത് മിഷായേലിനു തന്നെയായിരുന്നു. ഇതെല്ലാം, ഈ സ്നേഹാധനനായ ഭർത്താവിനെ വേദനിപ്പിച്ചിട്ടുണ്ടാകാം. അതുകൊണ്ടാണല്ലോ ബ്രീറ്റ്ബ്രാർട്ടിന്റെ ട്വീറ്റിനെ പിന്തുണച്ചുകൊണ്ട് അദ്ദേഹം എഴുതിയത്, '' മെലാനിയ എന്നും സുന്ദരിയാണ്, കുലീനത്വം തുളുമ്പുന്ന മുഖമുള്ളവളാണ്! ദേശഭക്തരായ അമേരിക്കക്കാർ ഏറേ ഇഷ്ടപ്പെടുന്ന മെലാനിയയുടെ കവർപേജ് വരാത്തത് ലക്ഷക്കണക്കിന് അമേരിക്കക്കാരുടെ നഷ്ടമാണ്'' എന്ന്.
ഇക്കാര്യത്തിൽ ട്രംപിനെ പിന്തുണച്ച് നിരവധി ദേശഭക്തർ എത്തി. മെലാനിയ സുന്ദരി മാത്രമല്ല, ബുദ്ധിമതിയും കഠിനാദ്ധ്വാനിയും ആണെന്ന് പറഞ്ഞായിരുന്നു അവർ ട്രംപിന് പിന്തുണയേകിയത്. കഴിഞ്ഞ ഫെബ്രുവരിയിൽ അമേരിക്കൻ പ്രഥമവനിതയെ രാജ്യത്തിലെ പ്രധാന ഫാഷൻ മാസികകളൊന്നും എന്തുകൊണ്ട് മുഖചിത്രമാക്കുന്നില്ല എന്ന നടൻ ജെയിംസ് വുഡ്സിന്റെ ചോദ്യവും ട്രംപ് അനുകൂലികൾ ഏറ്റെടുത്ത് പ്രതിഷേധിച്ചിരുന്നു. കപട ലിബറൽ ലെഫ്റ്റുകാർ നിറഞ്ഞിരിക്കുന്ന മാധ്യമരംഗത്ത് യഥാർത്ഥ അമേരിക്കക്കാരിക്ക് നേരിടേണ്ടി വരുന്ന അവഗണനയ്ക്കെതിരെ ആയിരുന്നു അന്ന് പ്രതിഷേധം.
മറുനാടന് മലയാളി ബ്യൂറോ