കോവിഡിനെ നിയന്ത്രിക്കാൻ വിവിധ സർക്കാരുകൾ കൊണ്ടുവരുന്ന നിയന്ത്രണങ്ങൾക്കെതിരെ ശബ്ദമുയർത്തുന്നവർക്ക് ഒരു മുന്നറിയിപ്പ്. ആരുടേയും സന്തോഷം കളയുവാനല്ല, മറിച്ച് വലിയ ദുഃഖങ്ങൾ വരാതിരിക്കാനാണ് ഈ നിയന്ത്രണങ്ങൾ. നാളിതുവരെ മനുഷ്യരാശി നേരിട്ടുട്ടള്ള മുഴുവൻ ദുരന്തങ്ങളുടെയും ആകെത്തുകയാണ് ഈ കോവിഡ്. കരുതലൊരല്പം കുറഞ്ഞാൽ സംഭവിക്കുക വലിയ ദുരന്തങ്ങളായിരിക്കും. ഇത് ഒന്നുകൂടി ഓർമ്മപ്പെടുത്തുകയാണ് ബെൽജിയത്തിലെ ഒരു ക്രിസ്മസ് കരോൾ

ജീവിത സായാഹ്നത്തിൽ കെയർ ഹോമിൽ വന്നു ചേർന്ന വൃദ്ധർക്ക് അല്പം സന്തോഷം പകരുക എന്നതുമാത്രമായിരുന്നു കരോൾ സംഘത്തിന്റെ ഉദ്ദേശം. എന്നാൽ, കരുതൽ ഒരല്പം കുറഞ്ഞപ്പോൾ സംഭവിച്ചതോ, ഒരിക്കലും സംഭവിക്കാരുതാത്തതും. സിന്റെർക്ലാസ് എന്ന് ബൽജിയത്തിൽ അറിയപ്പെടുന്ന സാന്റാക്ലോസും കൂട്ടരും ഇവിടത്തെ ഒരു വൃദ്ധസദനത്തിലേക്ക് എത്തി അവർക്ക് പകർന്നു നൽകിയത് കോവിഡായിരുന്നു. 18 പേർ ഇതുവരെ മരണമടയുകയും ചെയ്തു.

ബെൽജിയത്തിലെ മോൾ നഗരത്തിലുള്ള ഹെമെൽരിക്ക് കെയർ ഹോമിലെത്തിയ കരോൾ സംഘം അവിടത്തെ 121 അന്തേവാസികൾക്കും 36 ജീവനക്കാർക്കും കോവിഡാണ് കൃസ്ത്മസ്സ് സമ്മാനമായി നൽകിയത്. സാന്താക്ലോസ് ആയി വേഷമിട്ട ആളുടെ ചിത്രം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ലണ്ടനെ ആശങ്കയിലാഴ്‌ത്തിയ പുതിയ ഇനം വൈറസാണ് ഇവിടെ ബാധിച്ചതെന്നാണ് കരുതുന്നത്. എന്നാൽ, ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

കൃസ്ത്മസ്സ് തലേന്നും ക്രിസ്ത്മസ്സ് ദിനത്തിലുമായി മറ്റ് അഞ്ചുപേർ കൂടി മരണമടഞ്ഞപ്പോൾ ഒരാൾ വെന്റിലേറ്ററിന്റെ സഹായത്താലാണ് ജീവൻ നിലനിർത്തുന്നത്. ഈ വൃദ്ധസദനം സന്ദർശിച്ചതിന്റെ മൂന്നാം ദിവസം ക്രിസ്ത്മസ്സ് പാപ്പയായി വേഷമിട്ടയാൾ രോഗബാധിതനാവുകയും തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതാണ് അധികാരികളെ കെയർ ഹോമിൽ രോഗപരിശോധന നടത്താൻ പ്രേരിപ്പിച്ചത്.

കരോൾ സംഘടിപ്പിച്ചവരും സാന്താക്ലോസ്സായി വേഷമിട്ടയാളും ഈ വിവരമറിഞ്ഞ് കടുത്ത മനോവേദനയിലാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആഘോഷങ്ങളുടെ ചിത്രങ്ങളിൽ, അന്തേവാസികൾ എല്ലാവരും മാസ്‌ക് ധരിച്ചിരുന്നില്ല എന്ന് വ്യക്തമാകുന്നുണ്ട്. മാത്രമല്ല, സാന്റയും കൂട്ടാളികളും രണ്ടുമീറ്റർ സാമൂഹിക അകലം പാലിച്ചിരുന്നുമില്ല. നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടായിരുന്നു ആഘോഷങ്ങൾ എന്നാണ് കെയർ ഹോം വക്താക്കൾ ആദ്യം അവകാശപ്പെട്ടിരുന്നത്. പിന്നീടാണ് ചിത്രങ്ങൾ പുറത്തുവന്നത്.

കെയർ ഹോം അധികൃതർ തീർത്തും നിരുത്തരവാദിത്തപരമായാണ് പെരുമാറിയതെന്ന് ആരോപിച്ച മോൾ മേയർ, ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു. അതേസമയം, ഈ സാന്റാക്ലോസും കൂട്ടാളികളും മറ്റുപലയിടങ്ങളിലും കോവിഡ് വ്യാപനത്തിന് കാരണമായിട്ടുണ്ടാകാമെന്ന് പകർച്ചവ്യാധി വിദഗ്ദർ സംശയിക്കുന്നു. അതുപോലെ, അതിവ്യാപന ശേഷിയുള്ള വൈറസ് ആണെങ്കിൽ പോലും, ഇത്രയധികം ആളുകളിലേക്ക് ഒരുമിച്ച് പടർന്നത് അദ്ഭുതപ്പെടുത്തുന്ന കാര്യമാണെന്നും അവർ പറയുന്നു.

മുറികൾക്കുള്ളിൽ വായുസഞ്ചാരത്തിനുള്ള സൗകര്യം ആവശ്യത്തിന് ഇല്ലാത്തതാകാം കാരണമെന്നും അവർ ചൂണ്ടിക്കാട്ടി. മാത്രമല്ല, പ്രാദേശിക് ആരോഗ്യ പ്രവർത്തകരുടെ സഹായത്തോടെ മുറികൾക്കുള്ളിലെ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് എടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.

ജനസംഖ്യാനുപാതത്തിൽ നോക്കുമ്പോൾ ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന മരണനിരക്കുള്ള രാജ്യങ്ങളിൽ ഒന്നാണ് ബെൽജിയം. ക്രിസ്ത്മസ്സ് ദിനത്തിൽ മാത്രം ഇവിടെ 2,342 പുതിയ കേസുകളാണ് രേഖപ്പെടുത്തിയത്. ഇത്തരമൊരു സന്ദർഭത്തിൽ വൃദ്ധർ താമസിക്കുന്ന കെയർ ഹോമിൽ സാന്റാക്ലോസുമായി ചേർന്ന് ആഘോഷങ്ങൾ സംഘടിപ്പിച്ചതുതന്നെ വലിയ വിഢിത്തമാണെന്നാണ് ശാസ്ത്രജ്ഞന്മാർ വിലയിരുത്തുന്നത്.