തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പു ഫലം പുറത്തുവന്ന ശേഷം ധനമന്ത്രി ടി. എം. തോമസ് ഐസക് ഡിസംബർ 19ന് ഫേസ്‌ബുക്കിൽ പ്രധാനമന്ത്രി ആവാസ് യോജനയെ പറ്റി പറഞ്ഞ കണക്കുകൾ തെറ്റെന്ന് വിവരാവകാശ രേഖ.

ധനമന്ത്രി പറഞ്ഞത് 'പ്രധാനമന്ത്രി ആവാസ് യോജനയുടെ പേരു മാറ്റിയതാണുപോലും ലൈഫ് മിഷൻ. ഒരു ഉളുപ്പുമില്ലാതെ തട്ടിവിടുകയാണ് ബിജെപിക്കാർ. ഗ്രാമങ്ങളിൽ 72000 രൂപയും നഗരങ്ങളിൽ 150000 രൂപയുമാണ് കേന്ദ്ര സഹായം. ആകെ കിട്ടിയത് വെറും 881 കോടി. ആ സ്ഥാനത്ത് കേരളം ഇതേവരെ ചെലവിട്ടത് 8000 കോടി രൂപയാണ്. ഒരു വീടിനു നാം നൽകുന്നത് നാലു ലക്ഷം രൂപ. അങ്ങനെ 2,38,568 വീടും പൂർത്തിയാക്കി.'

എന്നാൽ പ്രധാനമന്ത്രി ആവാസ് യോജന (പി.എം.എ.വൈ) നഗരം പദ്ധതിക്ക് മാത്രം കേന്ദ്ര സർക്കാർ 932.63 കോടി രൂപ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കേരളത്തിന് നൽകിയെന്ന് വിവരാവകാശ രേഖ. കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ ഗോവിന്ദൻ നമ്പൂതിരിക്ക് നൽകിയ മറുപടിയിലാണ് കേന്ദ്ര നഗരവികസന മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.

സംസ്ഥാനം ചെലവഴിച്ചത് 615.78 കോടി രൂപയാണ്. ഒക്ടോബർ 31 വരെയുള്ള കണക്ക് പ്രകാരം 316.86 കോടി രൂപ ബാക്കിയുണ്ട്. 203.35 കോടി രൂപയുടെ വിനിയോഗ സർട്ടിഫിക്കറ്റ് സംസ്ഥാന സർക്കാർ നൽകാനുണ്ട്. ധനമന്ത്രിക്ക് കണക്കിൽ അമളി പിണഞ്ഞതോടെ പാവപ്പെട്ടവർക്ക് വീടിനുള്ള 51 കോടി എവിടെ പോയിയെന്ന് ചോദിക്കുകയാണ് സോഷ്യൽ മീഡിയ.