- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മ കാമുകനൊപ്പം പോയപ്പോൾ റോഡരുകിൽ കരഞ്ഞു തളർന്ന കുട്ടികളെ ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് അയച്ചത് കാമുകന്റെ അമ്മ; നാട്ടിലെത്തി കുട്ടികളെ ഏറ്റെടുത്ത് വിദേശത്ത് ജോലി ചെയ്തിരുന്ന പിതാവ്: ഒൻപതും പതിമൂന്നും വയസ്സുള്ള മക്കളെ റോഡിലുപേക്ഷിച്ചു പോയ അമ്മയ്ക്ക് ഇനി ജയിൽ
പത്തനംതിട്ട: ഒൻപതും പതിമൂന്നും വയസ്സുള്ള മക്കളെ റോഡിൽ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ അമ്മയ്ക്ക് ഇനി ജയിലിൽ കഴിയാം. അമ്മയേയും കാമുകനേയും പിടികൂടിയ പൊലീസ് ഇരുവരേയും കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. വെട്ടിപ്രം മോടിപ്പടിയിൽ വാടകയ്ക്കു താമസിച്ചു വന്ന നിരവത്ത് പുത്തൻവില്ലയിൽ ബീന (38), കാമുകൻ തലച്ചിറയിൽ ഹോട്ടൽ നടത്തുന്ന പുതുപ്പറമ്പിൽ എം.രതീഷ് (39) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് അഴിക്കുള്ളിലാക്കിയത്.
ഒൻപതും പതിമൂന്നും വയസ്സുള്ള ആൺകുട്ടികളെ വഴിയിൽ ഉപേക്ഷിച്ച ശേഷമായിരുന്നു ബീന കാമുകനൊപ്പം നാടുവിട്ടത്. ബീനയും മക്കളും വാടക വീട്ടിലായിരുന്നു താമസം. ഭർത്താവ് വിദേശത്തായിരുന്നു ജോലി ചെയ്തത്. കഴിഞ്ഞ 14നാണ് സംഭവം നടന്നത്. മക്കളെയും കാറിൽ കയറ്റി കാമുകനായ രതീഷിന്റെ വീടിനു മുന്നിലെത്തിയ ബീന കുട്ടികളെ അവിടെ ഇറക്കി വിട്ട ശേഷം അതേ കാറിൽ കാമുകനുമായി നാടുവിടുകയായിരുന്നു.
ഏക ആശ്രയമായിരുന്ന അമ്മ ഉപേക്ഷിച്ചു പോയപ്പോൾ എന്ത് ചെയ്യണമെന്ന് അറിയാതെ വഴിയിൽ കരഞ്ഞുകൊണ്ടു നിന്ന കുട്ടികളെ രതീഷിന്റെ അമ്മയാണ് ഓട്ടോറിക്ഷയിൽ കയറ്റി വാടകവീട്ടിലേക്കു വിട്ടത്. സംഭവം അറിഞ്ഞ് വിദേശത്ത് ജോലിചെയ്തിരുന്ന ബീനയുടെ ഭർത്താവ് വിവരമറിഞ്ഞ് നാട്ടിലെത്തി കുട്ടികളെ ഏറ്റെടുത്തു.രതീഷും ബീനയും ചെന്നൈ, രാമേശ്വരം, തേനി, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളിൽ കറങ്ങിയ ശേഷം തിരികെ നാട്ടിലെത്തി കടമ്മനിട്ടയിലുള്ള സുഹൃത്തിന്റെ വീട്ടിൽ രഹസ്യമായി കഴിയുകയായിരുന്നു.
ഇവർ നേരിട്ട് കോടതിയിൽ ഹാജരായെങ്കിലും ജുവനൈൽ ജസ്റ്റിസ് നിയമ പ്രകാരം കേസ് എടുത്തിരുന്നതിനാൽ ഉച്ചകഴിഞ്ഞ് ഹാജരാകാൻ നിർദേശിച്ചതിനെത്തുടർന്ന് അവിടെ നിന്ന് കടന്നുകളഞ്ഞു. കടമ്മനിട്ടയിലാണ് ഇവരുടെ താമസമെന്ന് അറിഞ്ഞ് അവിടെ എത്തിയ പൊലീസിനെ കബളിപ്പിച്ച് അറന്മുളയിലേക്ക് കടന്നു. തുടർന്ന് പൊലീസിന്റെ തന്ത്രപൂർവമായ നീക്കത്തിൽ ഇവരെ പിടികൂടുകയായിരുന്നു. സിം കാർഡ് മാറ്റി മാറ്റി ഉപയോഗിച്ചായിരുന്നു ഇവരുടെ സഞ്ചാരം.
കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. ബീനയെ അട്ടക്കുളങ്ങര സബ് ജയിലിലും രതീഷിനെ കൊട്ടാരക്കര ജയിലിലുമാണ് പ്രവേശിപ്പിച്ചത്. തലച്ചിറയിൽ ഹോട്ടൽ നടത്തുന്ന രതീഷ് രണ്ടു തവണ വിവാഹം ചെയ്തതായും ഒട്ടേറെ കേസുകളിൽ പ്രതിയാണെന്നും പൊലീസ് പറഞ്ഞു. ഡിവൈഎസ്‌പി കെ.സജീവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എസ്എച്ച്ഒ ജി.സുനിൽ, എസ്‌ഐമാരായ സുരേഷ്, ജോൺസൺ, എസ്സിപിഒ അഭിലാഷ് എന്നിവരും അംഗങ്ങളായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ