- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഉത്തരേന്ത്യയിലെ അതി ശൈത്യത്തെ വെല്ലുവിളിച്ച് സൈനികരും കർഷകരും; മൈനസ് 28 ഡിഗ്രിയിൽ സൈനികർ രാജ്യം കാക്കമ്പോൾ നീതി തേടി ഡൽഹിയിലെത്തിയ കർഷകർ കഴിയുന്നത് മൂന്ന് ഡിഗ്രി താപനിലയിൽ
ന്യൂഡൽഹി: ഉത്തരേന്ത്യയിൽ അതിശൈത്യം പിടിമുറുക്കിയിരിക്കുകയാണ്. കൊടുംതണുപ്പിലേക്ക് ഉത്തരേന്ത്യ നീങ്ങുമ്പോൾ രണ്ടുകൂട്ടരാണ് തണുത്ത് വിറക്കാതെ ചങ്കൂറ്റത്തോടെ തല ഉയർത്തി നിൽ്കകുന്നത്. കിഴക്കൻ ലഡാക്ക് അതിർത്തിയിലെ ഇന്ത്യൻ സൈനികരും ഡൽഹി അതിർത്തിയിലെ കർഷകരും. മൈനസ് 28 ഡിഗ്രി താപനിലയാണ് ഇന്ത്യ ചൈന സംഘർഷം തുടരുന്ന ലഡാക്ക് അതിർത്തിയിൽ കഴിഞ്ഞദിവസം രാത്രി രേഖപ്പെടുത്തിയത്. ഡൽഹിയിൽ താപനില മൂന്ന് ഡിഗ്രിയിലേക്ക് താണു.
രാജ്യത്തിന്റെ അതിർത്തി കാക്കുന്ന അൻപതിനായിരത്തോളം സൈനികരാണ് മൈനസ് താപനിലയിലും വിറയ്ക്കാതെ രാജ്യത്തിന്റെ സുരക്ഷയ്ക്ക് വേണ്ടി നില കൊള്ളുന്നത്. അതേസമയം മൂന്നര ലക്ഷത്തോളം കർഷകരാണ് ഡൽഹി അതിർത്തിയിൽ തണുപ്പിനെ അതിജീവിച്ചും അവകാശത്തിനായി പോരാടുന്നത്.
മഞ്ഞിൽ മൂടിയ ലഡാക്കിൽ സ്മാർട്ട് ക്യാംപുകൾ തീർത്താണ് സൈനികർ തണുപ്പിനെ അതിജീവിക്കുന്നത്. അതിർത്തിയിൽ സജ്ജമാക്കിയ ബങ്കറുകളിലാണ് സൈനികരുടെ താമസം. ദിവസം മുഴുവൻ ചൂട് നിലനിർത്താൻ മണ്ണെണ്ണയിൽ പ്രവർത്തിക്കുന്ന ഹീറ്ററുകൾ. ഒരു ബങ്കറിൽ 50 സൈനികർക്കു കഴിയാൻ സൗകര്യം. തീപിടിത്തം, ഓക്സിജന്റെ അളവ് കുറയൽ തുടങ്ങിയ അപകടങ്ങൾക്കു സാധ്യതയുള്ളതിനാൽ, സൈനികർ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ഉണർന്നിരുന്നുമാണ് സൈനികരുടെ ജീവിത രീതി.
ബങ്കറുകൾ സജ്ജമാക്കാൻ കഴിയാത്ത ഭൂപ്രദേശങ്ങളിൽ ടെന്റുകളാണ് സജ്ജമാക്കിയിരിക്കുന്നത്. ഈ ടെന്റുകളിൽ ആറു പേർക്കു കഴിയാം. ചൂട് നിലനിർത്തുന്ന അത്യാധുനിക സൗകര്യങ്ങൾ ഇതിനുള്ളിൽ സജ്ജമാക്കിയിട്ടുണ്ട്. സ്ലീപ്പിങ് ബാഗിനുള്ളിലാണ് സൈനികരുടെ ഉറക്കം. ഉറങ്ങാനുള്ള ഈ വലിയ 'സഞ്ചി' തണുപ്പ് അകത്തേക്കു കയറ്റിവിടാത്ത സംരക്ഷിക്കുന്നു
വാട്ടർ പോയിന്റുകളും ഉണ്ട്. കൊടുംതണുപ്പിൽ ഉറഞ്ഞുപോകാതെ വെള്ളം സൂക്ഷിക്കുന്ന സ്ഥലമാണ് വാട്ടർ പോയന്റ്. ഭക്ഷണം പാകംചെയ്യാൻ ബങ്കറുകളിൽ പ്രത്യേക അടുക്കളകളും സജ്ജമാക്കിയിട്ടുണ്ട്. സൈനികൻ ധരിക്കുന്നത് 5 തലങ്ങളിലുള്ള വസ്ത്രങ്ങൾ. അതിനു മുകളിലായി ജാക്കറ്റ്. മൈനസ് 40 ഡിഗ്രി വരെ പ്രതിരോധിക്കാൻ കഴിയുന്ന 11,000 ജാക്കറ്റുകൾ അടുത്തിടെ യുഎസിൽ നിന്നെത്തിച്ചു. മഞ്ഞിൽ നടക്കാൻ കഴിയുന്ന പ്രത്യേക ഷൂസുകളും (സ്നോ ബൂട്ട്സ്) തൊപ്പിയും കണ്ണടയുമടങ്ങുന്നതാണു സൈനികന്റെ വേഷം.
വളരെ പണിപ്പെട്ടാണ് കർഷകർ കൊടും തണുപ്പിനെ അതി ജീവിക്കുന്നത്. വൈക്കോൽ കിടക്കകളിലാണ് ഉറക്കം: വഴിയരികിൽ നിർത്തിയിട്ട ട്രാക്ടറുകൾക്കു പിന്നിൽ കോർത്ത വലിയ ട്രോളികളാണു കിടപ്പുമുറി. അതിനുള്ളിൽ വൈക്കോൽ നിരത്തും. അതിനു മുകളിൽ പഞ്ഞിക്കിടക്ക. കാറ്റ് കയറാതിരിക്കാൻ കമ്പിളിപ്പുതപ്പു കൊണ്ടു ട്രോളികൾ മറച്ചാണ് ഉറക്കം.
തീകായൻ വിറകുകൾ ശേഖരിച്ചിട്ടുണ്ട്. ട്രോളികൾക്കു പുറത്തിരിക്കുന്നവർക്കു തീ കായാൻ ടൺ കണക്കിനു വിറക് പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ള ലോറികളിൽ ദിവസേന എത്തിക്കുന്നത്. വിറക് കത്തിക്കുമ്പോഴുള്ള പുക ബുദ്ധിമുട്ടുണ്ടാക്കുന്നവർക്കായി വൈദ്യുത ഹീറ്ററുകൾ സജ്ജം. ദേശീയപാതയ്ക്കിരുവശവുമുള്ള കടകളിൽ നിന്നാണ് ഇതിനുള്ള വൈദ്യുതി എടുക്കുന്നത്. വൈദ്യുതിക്കുള്ള പണം മുൻകൂറായി കടയുടമകൾക്കു കൈമാറി.
കുളിക്കാനും കുടിക്കാനും വെള്ളം ചൂടാക്കുന്നതിന് ആയിരക്കണക്കിനു ബർണറുകളാണ് (വിറക് കത്തിക്കുമ്പോഴുള്ള ചൂടേറ്റ് പ്രവർത്തിക്കുന്നത്) പഞ്ചാബിൽ നിന്നെത്തിച്ചിരിക്കുന്നത്. സംഭരണ ശേഷി 10 ലീറ്റർ. ഭൂരിഭാഗവും സിഖ് ഗുരുദ്വാരകൾ സംഭാവന ചെയ്തത്. പഞ്ചാബിലെ ഏതാനും കമ്പനികൾ കർഷകർക്കു വേണ്ടി പ്രത്യേക വിറകടുപ്പുകളും നിർമ്മിച്ചു. അവയും കഴിഞ്ഞ ദിവസം എത്തിച്ചു. തണുപ്പകറ്റാൻ ചായ: പ്രക്ഷോഭസ്ഥലങ്ങളിലുള്ള നൂറുകണക്കിനു ലംഗറുകളിൽ (സമൂഹ അടുക്കളകൾ) 24 മണിക്കൂറും ചൂട് ചായയും ഭക്ഷണവും ലഭ്യം.