തിരുവനന്തപുരം: വിദ്യാർത്ഥി സംഘടനയായ സ്റ്റുഡന്റ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യയ്ക്ക് (എസ്എഫ്‌ഐ) ഇന്ന് 50-ാം പിറന്നാൾ. തിരുവനന്തപുരത്ത് 1970 ഡിസംബർ 30നാണ് എസ്എഫ്‌ഐ രൂപം കൊണ്ടത്. ഡിസംബർ 27 മുതൽ 30 വരെ നടന്ന ദേശീയ സമ്മേളനത്തിലാണ് എസ്എഫ്‌ഐ രൂപീകരിക്കാൻ തീരുമാനമായത്. തുടർന്ന് ഡിസംബർ 29ന് എസ്എഫ്‌ഐയുടെ ഭരണഘടനയും നയപ്രഖ്യാപനവും പതാകയും അംഗീകരിച്ചു. 30ന്് എസ്എഫ്‌ഐ പിറവിയെടുക്കുകയും ചെയ്തു.

ബിമൻ ബോസ് ആയിരുന്നു ആദ്യ ജനറൽ സെക്രട്ടറി; സി.ഭാസ്‌കരൻ അഖിലേന്ത്യാ അധ്യക്ഷനും ആആയി. സിപിഎമ്മിന്റെ രാഷ്ട്രീയക്കളരിയായ എസ്എഫ്‌ഐയിലൂടെ മന്ത്രിമാരും എംഎൽഎമാരും അടക്കം നിരവധി പേരാണ് മുൻ നിര രാഷ്ട്രീയത്തിലെത്തിയത്. എസ്എഫ്‌ഐ സംസ്ഥാന ഘടകത്തിന്റെ ആദ്യപ്രസിഡന്റ്, നിലവിൽ മന്ത്രിയായ ജി.സുധാകരനും സെക്രട്ടറി സി.പി.അബൂബക്കറുമാണ്.

സമരതീക്ഷ്ണമായ അഞ്ച് പതിറ്റാണ്ട് പൂർത്തിയാക്കുന്നതിന്റെ അഭിമാനത്തിലാണു സംഘടന. രാജ്യത്ത് നാൽപ്പത് ലക്ഷത്തിൽ പരം അംഗങ്ങളാണ് എസ്എഫ്‌ഐയിലുള്ളത്.
രാജ്യത്ത് 40.78 ലക്ഷം പേർ എസ്എഫ്‌ഐയിൽ അംഗങ്ങളായിരിക്കുമ്പോൾ സംസ്ഥാനത്ത് 15 ലക്ഷം അംഗങ്ങൾ ഉണ്ട്. ഒരു വർഷത്തിനുള്ളിൽ ഇത് 16 ലക്ഷമാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് വി.എ. വിനീഷ് പറഞ്ഞു.

സംസ്ഥാനത്ത് 30ന് സ്ഥാപക ദിനമായി ആചരിക്കും. എറണാകുളത്ത് നിർമ്മാണം പൂർത്തിയായ അഭിമന്യു സ്റ്റഡി സെന്ററിന്റെ ഉദ്ഘാടനം 29നു വൈകിട്ട് 3.30നു മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സുവർണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം 31നു വൈകിട്ട് 3നു പുത്തരിക്കണ്ടം നായനാർ പാർക്കിൽ മുഖ്യമന്ത്രി നിർവഹിക്കും. എസ്എഫ്‌ഐയുടെ പൂർവകാല ഭാരവാഹികളുടെ സംഗമവും ചരിത്രം പ്രതിപാദിക്കുന്ന ഡോക്യുമെന്ററിയുടെ പ്രകാശനവും നടക്കും.