- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ആ നരാധനമന്മാർ കത്തി കുത്തിയിറക്കിയത് ഞങ്ങളുടെ നെഞ്ചിലേക്ക്'; ഔഫിന്റെ വിയോഗത്തിൽ തേങ്ങി പ്രവാസി സുഹൃത്തുക്കൾ: ഒന്നിച്ച് ഉണ്ടും ഉറങ്ങിയും അവധി ദിനങ്ങൾ ആഘോഷമാക്കിയും നടന്ന ആ ദിവസങ്ങളെ ഓർത്തെടുത്ത് ഔഫിന്റെ ചങ്ങാതിമാർ
ഉമ്മുൽഖുവൈൻ: രാഷ്ട്രീയ വൈരത്തിന് ഇരയായ ഡിവൈഎഫ്‌ഐ പ്രവർത്തകൻ അബ്ദുൽ റഹ്മാൻ ഔഫിന്റെ കൊലപാതകം നടന്നിട്ട് ദിവസങ്ങൾ പിന്നിട്ടെങ്കിലും ഔഫിന്റെ ഉറ്റ സുഹൃത്തുക്കൾക്ക് ആ യാഥാർത്ഥ്യം ഇനിയും ഉൾക്കൊള്ളാനായിട്ടില്ല. പ്രവാസിയായിരുന്ന ഔഫിന് ആ നാട്ടിൽ വലിയ ഒരു സുഹൃത്ത് വലയം തന്നെ ഉണ്ടായിരുന്നു. ഔഫിന്റെ സഹപ്രവർത്തകരാണ് ഇവരിലേറെ പേരും. ഒരു മുറിയിൽ ഉറങ്ങിയും ഒരുമിച്ച് ഭക്ഷണം കഴിച്ചും അവധി ദിനങ്ങൾ ആഘോഷമാക്കിയയിരുന്നു ഉമ്മുൽഖുവൈനിലെ ആ നാളുകളെ കുറിച്ച് ഓർത്തെടുക്കുകയാണ് ഔഫിന്റെ പ്രിയ സുഹൃത്തുക്കൾ.
വർഷങ്ങളായി ഒരേ മുറിയിൽ ഉണ്ടും ഉറങ്ങിും സുഖദുഃഖങ്ങൾ പങ്കിട്ട് സഹോദരങ്ങളെ പോലെ കഴിഞ്ഞിരുന്നവരാണ് തങ്ങൾ എന്ന് ഇവർ പറയുന്നു. ഓഫ് കൊല ചെയ്യപ്പെട്ട വിവരം ഇടിത്തീയായി തങ്ങളിൽ പതിഞ്ഞ ശേഷം ഇതുവരെയിവർ ശരിക്ക് ഉറങ്ങിയിട്ടില്ല. ഔഫ് കൊലചെയ്യപ്പെട്ട വാർത്ത ഫോട്ടോ സഹിതം വന്നെങ്കിലും ഇവർക്ക് ആദ്യം വിശ്വസിക്കാനായില്ല. കുറച്ച് കാലം മുന്നേ വരെ തങ്ങൾക്ക് ഒപ്പമുണ്ടായിരുന്ന ഔഫിന് ഇങ്ങനെ ഒരു അന്ത്യം അവർക്ക് വിശ്വസിക്കാവുന്നതിലും അപ്പുറമായിരുന്നു.
സൗമ്യനും സ്‌നേഹ സമ്പന്നനുമായിരുന്നു ഔഫ്. ആരെന്തു പറഞ്ഞാലും അതിനെ ശാന്തതയോടെ സമീപിച്ച് പ്രതികരിക്കുന്നയാളായിരുന്നു. എന്തിനും ഒപ്പം നിന്ന് ഉത്സാഹത്തോടെ നടത്തിത്തരുന്ന സഖാവായിരുന്നു. ഒന്നിച്ച് ഭക്ഷണം കഴിച്ച്, അവധി ദിനങ്ങളിൽ പുറത്തു കറങ്ങിനടന്ന്, സന്തോഷത്തിലും ദുഃഖത്തിലും പങ്കുചേരുന്ന യുവാവ്. രാഷ്ട്രീയ തിമിരം ബാധിച്ചവരുടെ കൂരകൃത്യത്തിൽ ആ ജീവനെ കുത്തിവീഴ്‌ത്തിയെന്ന് വിശ്വസിക്കാനേ ആകുന്നില്ല.
കോവിഡ് പ്രതിസന്ധിയെ തുടർന്ന് ജോലി നഷ്ടപ്പെട്ട് ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഔഫ് നാട്ടിലേയ്ക്ക് മടങ്ങിയത്. ഇതേ കമ്പനിയിൽ വീണ്ടും ജോലി ശരിയാക്കാൻ സുഹൃത്തുക്കൾ ശ്രമിച്ചുവരികയായിരുന്നു. കമ്പനി അധികൃതരുമായി സംസാരിച്ച് ജോലിയിൽ തിരിച്ചു പ്രവേശിക്കാനുള്ള വഴി തെളിഞ്ഞിരുന്നതായി ഇവർ പറഞ്ഞു.
ഈ മാസം 23ന് രാത്രിയാണ് കല്ലൂരാവി മുണ്ടത്തോട്ടിൽ ഔഫ് നിഷ്ഠൂരമായി കൊല്ലപ്പെട്ടത്. ഹൃദയധമനിയിൽ ആഴത്തിലേറ്റ മുറിവാണ് മരണകാരണം. കേസിൽ യൂത്ത് ലീഗ് മുനിസിപ്പൽ സെക്രട്ടറി ഇർഷാദ്(26), യൂത്ത് ലീഗ് പ്രവർത്തകൻ ആഷിർ (24), എംഎസ്എഫ് പ്രവർത്തകൻ ഹസൻ (23) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.