തിരുവനന്തപുരം: കോവിഡ് കാല പരോൾ കഴിഞ്ഞ് തടവുകാർ വീണ്ടും ജയിലിലേക്ക് എത്തി തുടങ്ങി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ വിവിധ ജയിലിൽ നിന്ന് പരോളിൽ പോയ 250 തടവുകാരെ ജയിലിലേക്കു തിരികെയെത്തിച്ചതായി ജയിൽ വകുപ്പ് അറിയിച്ചു. ബാക്കിയുള്ളവരെ അടുത്ത മാസം 18 ഓടെ ജയിലിലാക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 1200 ഓളം തടവുകാരെയാണു സംസ്ഥാനത്തെ വിവിധ ജയിലുകളിൽ നിന്നു പുറത്തയച്ചത്.

തുറന്ന ജയിലുകൾ, വനിതാ തുറന്ന ജയിലുകൾ എന്നിവിടങ്ങളിലെ 589 തടവുകാരെ ഡിസംബർ 31ന് ശേഷമുള്ള 3 ദിവസങ്ങളിലായി ജയിലിൽ പ്രവേശിപ്പിക്കണമെന്നാണ് ഉത്തരവ്. സെൻട്രൽ ജയിൽ, അതീവ സുരക്ഷാ ജയിൽ, വനിതാ ജയിൽ എന്നിവിടങ്ങളിലെ 192 തടവുകാരെ ജനുവരി 7ന് ശേഷമുള്ള മൂന്നു ദിവസങ്ങളിലായും തിരികെ പ്രവേശിപ്പിക്കണം. 65 വയസ്സിനുമേൽ പ്രായമുള്ള മറ്റു തടവുകാർ ജനുവരി 15 നു ശേഷമുള്ള മൂന്നു ദിവസങ്ങളിലായി ജയിലിൽ പ്രവേശിക്കണമെന്നു നിർദ്ദേശിച്ചതായി ജയിൽ ഡിജിപി ഋഷിരാജ് സിങ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

ചില തടവുകാർ അവധി ദീർഘിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് സുപ്രീം കോടതിയുടെ നിർദ്ദേശ പ്രകാരം തടവുകാരുടെ പുനപ്രവേശനം സംബന്ധിച്ച് തീരുമാനമെടുക്കാൻ ഒരു ഹൈപ്പർ കമ്മിറ്റി രൂപീകരിച്ചു. ഈ കമ്മിറ്റിയുടെ നിർദേശ പ്രകാരമാണ് തടവുകാരെ എങ്ങനെ പുനപ്രവേശിപ്പിക്കണമെന്നതിൽ ഉത്തരവായത്.