വുഹാൻ: വുഹാനിൽ പൊട്ടിപ്പുറപ്പെട്ട കോവിഡിനെ കുറിച്ച് ആദ്യം റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകയ്ക്ക് നാലു വർഷം ജയിൽ ശിക്ഷ . ചാങ് ചാൻ എന്ന 37കാരിക്കാണ് കോടതി നാലു വർഷത്തെ ജയിൽ ശിക്ഷ വിധിച്ചത്. ചാങിന്റെ റിപ്പോർട്ടുകൾ വിവാദം ലക്ഷ്യമിട്ടുള്ളതും പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നതുമാണെന്നാരോപിച്ച് ഷാങ് ഹായ് കോടതിയാണ് ഇവർക്ക് ശിക്ഷ വിധിച്ചത്.

കൊറോണ പൊട്ടിപ്പുറപ്പെട്ട സമയത്ത് വുഹാൻ സർക്കാർ ഇത് കൈകാര്യം ചെയ്ത രീതിയെ ചാൻ കണക്കറ്റ് വിമർശിച്ചിരുന്നു. കഴിഞ്ഞ വർഷം ജനുവരിയിലാണ് വുഹാൻ നഗരത്തിൽ അജ്ഞാതമായ വൈറൽ ന്യുമോണിയാ രോഗം പടർന്നു പിടിക്കുന്നതായി സിറ്റിസൺ ജേണലിസ്റ്റായ ചാങ് ചാൻ റിപ്പോർട്ട് ചെയ്യുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെക്കപ്പെട്ട ചാങ്ങിന്റെ തത്സമയ റിപ്പോർട്ടുകളും ലേഖനങ്ങളും ആഗോള തലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

കോവിഡ് വാർത്തകൾ റിപ്പോർട്ട് ചെയ്തതിന് ചൈന ആദ്യമായി തടവിലാക്കിയ നാല് മാധ്യമ പ്രവർത്തകരിൽ ഒരാളാണ് ചാങ് ചാൻ. കോവിഡ് ബാധിച്ച് ജനങ്ങൾ തടിച്ചു കൂടിയ ആശുപത്രികളെ കുറിച്ചും ചൈനയിലെ ഒഴിഞ്ഞ നിരത്തുകളെ കുറിച്ചുമുള്ള ആദ്യ വാർത്തകൾ ലോകത്തിന് മുന്നിൽ തുറന്ന് കാട്ടിയത് ചാങ് ആയിരുന്നു.

ഓൺലൈനിൽ ചാങ് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിച്ചുവെന്ന് കോടതി നിരീക്ഷിച്ചതായി അഭിഭാഷകൻ പറഞ്ഞു. എന്നാൽ ഇതിന്റെ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. ചാങ് ചെയ്തതിൽ കുറ്റമെന്താണെന്ന കാര്യത്തിൽ വ്യക്തത ഇല്ലെന്നും വളരെ വേഗത്തിലാണ് വാദം പൂർത്തിയാക്കിയതെന്നും അഭിഭാഷകൻ വ്യക്തമാക്കി.

അതേസമയം ചാങ് ജൂലൈ മുതൽ നിരാഹാരത്തിലാണ്. മൂക്കിൽ ഘടിപ്പിച്ച ട്യൂബിലൂടെ ബലംപ്രയോഗിച്ച് ഭക്ഷണം നൽകിയാണ് ജീവൻ നിലനിർത്തുന്നത്. വീൽ ചെയറിലാണ് ചാങിനെ ആശുപത്രിയിൽ എത്തിച്ചത്.