ആലുവ: കേരളത്തിൽ 1.69 കോടിയുടെ ഓൺലൈൻ തട്ടിപ്പ് നടത്തിയ ബംഗാളി ബെംഗളൂരുവിൽ പിടിയിലായി. ബാങ്ക് അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് പണം തട്ടിയ കേസിലെ മുഖ്യ പ്രതിയായ കൊൽക്കത്ത സ്വദേശി മനോതോഷ് ബിശ്വാസ് (46) ആണ് ബെംഗളൂരുവിൽ റൂറൽ ജില്ലാ പൊലീസിന്റെ പിടിയിലായത്. ഇയാളുടെ സംഘം രണ്ട് മാസത്തിനുള്ളിലാണ് ഇത്രയും തുക തട്ടിയത്.

ഓൺലൈൻ ഇടപാടുള്ള ബാങ്ക് അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് യൂസർ ഐഡിയും പാസ്വേഡും മനസ്സിലാക്കിയാണു തട്ടിപ്പു നടത്തുന്നത്. മൂവാറ്റുപുഴ സ്വദേശിയുടെ അക്കൗണ്ടിൽ നിന്നു 85 ലക്ഷം രൂപയും തൃശൂർ സ്വദേശികളായ 3 പേരുടെ അക്കൗണ്ടുകളിൽ നിന്ന് 83.75 ലക്ഷം രൂപയും തട്ടിയതായി എസ്‌പി കെ.കാർത്തിക് പറഞ്ഞു. സാറാ ജോസഫിന്റെ മരുമകൻ ശ്രീനിവാസന്റെ ബിഎസ്എൻഎൽ സിംകാർഡ് ആലുവയിൽനിന്നാണു മാറ്റിയത്. 21.5 ലക്ഷം രൂപ കാനറ ബാങ്കിലെ അക്കൗണ്ടിൽനിന്നു തട്ടിയെടുക്കുകയും ചെയ്തു. അതും ഈ സംഘമാകാൻ സാധ്യതയുണ്ട്.

സംഘത്തിലെ ഒരാൾ കേരളത്തിലെത്തി വ്യാജ ആധാർ കാർഡും വോട്ടേഴ്‌സ് ഐഡി കാർഡും തയാറാക്കി മൊബൈൽ കമ്പനികളിൽ നിന്ന് അക്കൗണ്ട് ഉടമകളുടെ ഡ്യൂപ്ലിക്കറ്റ് സിം കാർഡ് സംഘടിപ്പിക്കും. ഇതോടെ യഥാർഥ സിം കാർഡ് ബ്ലോക്ക് ആകും. ഓൺലൈൻ പണമിടപാടുകളുടെ ഒടിപി നമ്പറും ബാങ്കിൽ നിന്നുള്ള സന്ദേശങ്ങളും ഡ്യൂപ്ലിക്കറ്റ് സിം ഇട്ട ഫോണിലേക്കാണു വരിക. അതിനാൽ പണം പിൻവലിക്കുന്നതും മറ്റ് അക്കൗണ്ടുകളിലേക്കു മാറുന്നതും ഉടമ അറിയില്ല.