കോവിഡിന്റെ രണ്ടാം വരവ് അതിന്റെ കൂടുതൽ ഭീഭത്സമായ ദശയിലേക്ക് കടക്കുമ്പോൾ ബ്രിട്ടനിൽ ഇന്നലെ 53,135 പേർക്കാണ് പുതിയതായി രോഗബാധ സ്ഥിരീകരിച്ചത്. 414 മരണങ്ങൾ കൂടി രേഖപ്പെടുത്തിയതോടെ ചിത്രത്തിന്റെ ഭീകരത വെളിപ്പെട്ടിരിക്കുന്നു. അതിവ്യാപനശേഷിയുള്ള പുതിയ ഇനം വൈറസ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അതിവേഗം പടരുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആരോഗ്യ വകുപ്പ് 24 മണിക്കൂർ സമയ അളവിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും ഉയർന്ന രോഗബാധിതരുടെ എണ്ണമാണിത്. മാത്രമല്ല, കഴിഞ്ഞ ചൊവ്വാഴ്‌ച്ചയിലേതുമായി തട്ടിച്ചുനോക്കുമ്പോൾ രോഗവ്യാപനത്തിൽ 44 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

ഏപ്രിലിൽ, കൊറോണയുടെ ഒന്നാം വരവിന്റെ മൂർദ്ധന്യഘട്ടത്തിൽ ഇത്രയും വ്യാപകമായ പരിശോധനാ സംവിധാനങ്ങൾ ഇല്ലാതിരുന്നതിനാൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടതാണോ ഏറ്റവും ഊർന്ന പ്രതിദിന രോഗവ്യാപന സംഖ്യ എന്ന് ഉറപ്പിച്ചു പറയാൻ കഴിയില്ല. എന്നാൽ ഔദ്യോഗികമായി രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന സംഖ്യ ഇതാണ്. അതേസമയം, ക്രിസ്ത്മസ്സ് അവധിമൂലം ഉണ്ടായ കാലതാമസം മൂലം നേരത്തേയുള്ള ചില കേസുകൾ ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടതുമൂലമാകാം ഇതിൽ ഇത്ര വലിയൊരു വർദ്ധനവ് ഉണ്ടായതെന്നും അനുമാനിക്കപ്പെടുന്നു. ഇന്നലെ സ്ഥിരീകരിക്കപ്പെട്ട സാമ്പിളുകളിൽ 40,000 സാമ്പിളുകളോളം എടുത്തത് ബോക്സിങ് ദിനത്തിലാണ് എന്ന് വ്യക്തമായിട്ടുണ്ട്.

അതേസമയം, മരണനിരക്ക് ഉയർന്ന് തന്നെ നിൽക്കുകയാണെങ്കിലും കഴിഞ്ഞ ചൊവാഴ്‌ച്ച രേഖപ്പെടുത്തിയതിനേക്കാൾ 40 ശതമാനം കുറവാണ് എന്നത് തെല്ലൊരു ആശ്വാസം പകരുന്നുന്റ്. രോഗ ബാധിതരായവരിൽ അത് മൂർഛിച്ച് മരണത്തിലെത്താൻ ദിവസങ്ങൾ ആവശ്യമായതിനാൽ, അടുത്തമാസമായിരിക്കും മരണം താണ്ഡവമാടുക എന്ന് ഭയക്കുന്നു.

വിവിധ തലങ്ങളിലായി ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളുടെ അവലോകനം ഇന്നു നടക്കാനിരിക്കെ ഇംഗ്ലണ്ടിലെ മൂന്നിൽ രണ്ടു ഭാഗങ്ങളും ടയർ-4 നിയന്ത്രണങ്ങളിലേക്ക് കടക്കുമെന്നാണ് സൂചന. വടക്കൻ ഇംഗ്ലണ്ടിന്റെയും മിഡ്ലാൻഡ്സിന്റെയും പല ഭാഗങ്ങളിലും കർശന നിയന്ത്രണം വന്നേക്കാം. ഇംഗ്ലണ്ടിന്റെ പല ഭാഗങ്ങളിലും ചികിത്സതേടി ആശുപത്രികളിൽ എത്തുന്ന രോഗികളുടെ എണ്ണം കണക്കില്ലാതെ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം എടുക്കേണ്ടത്. കൂടുതൽ കർശനമായ ടയർ-5 നിയന്ത്രണങ്ങൾ നിലവൈൽ വരാനുള്ള സാധ്യതയും മന്ത്രിമാർ തള്ളിക്കളയുന്നില്ല.

മഹാമാരി കാലത്ത് സർക്കാറിന് ആവശ്യമായ നിർദ്ദേശങ്ങളും ഉപദേശങ്ങളുമ്നൽകുന്ന ശാസ്ത്രോപദേശക സമിതി ഇത്തരത്തിൽ കടുത്ത നിയന്ത്രണങ്ങൾക്കായി ശൂപാർശ ചെയ്തിട്ടുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്. നവംബറിൽ പ്രഖ്യാപിച്ച ലോക്ക്ഡൗണിൽ ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ കർശനമായ നിയന്ത്രണങ്ങളാണ് ഇവർ ആവശ്യപ്പെടുന്നത്.

മുൻപെങ്ങും ഇല്ലാത്തവിധം വലിയൊരു വർദ്ധനവാണ് കോവിഡിന്റെ കാര്യത്തിൽ ഇപ്പോൾ ദൃശ്യമാകുന്നതെന്ന് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് ഉപദേഷ്ടാവ് ഡോ. സൂസൻ ഹോപ്കിൻസ് പറഞ്ഞു. ചികിത്സ തേടി ആശുപത്രികളിൽ എത്തുന്ന രോഗികളുടെ എണ്ണവും കണക്കില്ലാതെ വർദ്ധിക്കുന്നു. ഇത് ആരോഗ്യ സംരക്ഷണ സംവിധാനങ്ങളുടെ മേൽ അതിയായ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും അവർ ചൂണ്ടിക്കാണിച്ചു. അതുകൊണ്ടുതന്നെ കൂടുതൽ കർശന നിയന്ത്രണങ്ങളുടെ സഹായത്തോടെ രോഗവ്യാപനത്തെ പിടിച്ചു നിർത്തേണ്ടത് അത്യാവശ്യമാണെന്നു തന്നെയണ് ആരോഗ്യ രംഗത്തെ മറ്റു പല പ്രമുഖരും പറയുന്നത്.

അതിനിടയിൽ ലണ്ടനിലെ പല ആശുപത്രികളിലും ഇന്റൻസീവ് കെയർ സൗകര്യങ്ങൾ പൂർണ്ണമായും ഉപയോഗത്തിലായതോടെ പുതിയതായി എത്തുന്ന, ഗുരുതരമായ രോഗബാധയുള്ളവരെ യോർക്ക്ഷയറിലെ ആശുപത്രികളിലേക്ക് മാറ്റുവാനുള്ള ശ്രമം ആരംഭിച്ചു. ഇംഗ്ലണ്ടിലെ പല ആശുപത്രികളിലും നിലവിൽ ഇന്റൻസീവ് കെയർ സംവിധാനങ്ങൾ പൂർണ്ണമായും ഉപയോഗത്തിലാണ് എന്നാണ് ചോർന്നുകിട്ടിയ ഒരു റിപ്പോർട്ടിൽ പറയുന്നത്. ലണ്ടൻ, കിഴക്കൻ ഇംഗ്ലണ്ട്, തെക്ക് കിഴക്കൻ ഇംഗ്ലണ്ട് എന്നിവിടങ്ങളിലെ ആശുപത്രികളാണ് പ്രധാനമായും നിറഞ്ഞിരിക്കുന്നത്.

എൻ എച്ച് എസിലെ ക്രിട്ടികൽ കെയർ രോഗികളെ വളരെ ദൂരെയുള്ള ആശുപത്രികളിലേക്ക് സാധാരണയായി മാറ്റാറില്ല. അതിനാൽ തന്നെ യോർക്ക്ഷയറിലെ ആശുപത്രികൾ രോഗികളെ സ്വീകരിക്കാൻ തയ്യാറാകുമോ എന്ന കാര്യവും രോഗികളെ എപ്പോൾ അങ്ങോട്ട് മാറ്റും എന്ന കാര്യവും അറിവായിട്ടില്ല. ടയർ 4 നിലവിലിരിക്കുന്ന ലണ്ടനിൽ നിന്നും ടയർ 3 നിലവിലുള്ള യോർക്ക്ഷയറിലേക്ക് രോഗികളെ മാറ്റുന്ന കാര്യം കൂടുതൽ ആലോചിക്കേണ്ട കാര്യമാണെന്ന അഭിപ്രായവും ഉയരുന്നുണ്ട്.

എൻ എച്ച് എസ് ക്രിറ്റിക്കൽ കെയർ കപ്പാസിറ്റി ഡാഷ്ബോർഡിൽ നിന്നും ചോർന്ന് കിട്ടിയ ഒരു വാർത്തയിൽ പറയുന്നത് ലണ്ടനിലെ ക്രിറ്റിക്കൽ കെയർ സംവിധാനങ്ങൾ അതിന്റെ പരമാവധി കപ്പാസിറ്റിയുടെ 114 ശതമാനമാണ് ഇപ്പോൾ ഉപയോഗിക്കുന്നത് എന്നാണ്. തെക്ക് കിഴക്കൻ ഇംഗ്ലണ്ടിലെ ക്രിറ്റിക്കൽ കെയർ സംവിധാനങ്ങളുടെ 113 ശതമാനം ഉപയോഗിക്കുമ്പോൾ കിഴക്കൻ ഇംഗ്ലണ്ടിൽ ഇപ്പോൾ 100 ശതമാനവും ഉപയോഗത്തിലാണ്. ഈ മേഖലകളിലെല്ലാം തെന്ന് ഇന്റൻസീവ് കെയറിൽ എത്തുന്ന രോഗികളിൽ 60 ശതമാനവും കോവിഡ് രോഗികളാണ്.

ഇന്റൻസീവ് കെയർ യൂണിറ്റുകളുടെ കപ്പാസിറ്റിയുടെ 100 ശതമാനം കടന്നാൽ, മറ്റു വിഭാഗങ്ങളിൽ നിന്നുള്ളവരെ ഇവിടെ നിയമിക്കേണ്ടതായി വരും. എൻ എച്ച് എസ് ക്രിറ്റിക്കൾ കെയർ ഡാഷ്ബോർഡിൽ നിന്നും ചോർന്ന് കിട്ടിയ മറ്റൊരു വാർത്തയിൽ പറയുന്നത് ലണ്ടനിലെ ഇന്റൻസീവ് കെയർ യൂണിറ്റുകളിലുള്ള രോഗികളുടെ എണ്ണം കഴിഞ്ഞ രണ്ടാഴ്‌ച്ചകൊണ്ട് ഇരട്ടിയിലധികം വർദ്ധിച്ച്, 300 ൽ നിന്നും 636 ആയി എന്നാണ്. അതുപോലെ പല ആശുപത്രികളും ഓക്സിജന്റെ കാര്യത്തിലും ക്ഷാമം നേരിടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.