- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ടോറി വിമതരും ബോറിസിനൊപ്പം; ലേബർ പാർട്ടിയും ഔദ്യോഗികമായി പ്രിന്തുണയ്ക്കും; ഇന്നു ബ്രെക്സിറ്റ് വോട്ടെടുപ്പ്; നാളെ വേർപിരിയൽ; മറ്റന്നാൾ മുതൽ പുതിയ ബ്രിട്ടൻ
ബ്രെക്സിറ്റിനു വേണ്ടി നിലകൊണ്ടിരുന്നടോറി എം പിമാരും ബോറിസ് ജോൺസന്റെ ബ്രെക്സിറ്റ് വ്യാപാര കരാറിന് പിന്തുണയുമായി രംഗത്തെത്തി. ബ്രിട്ടന്റെ പരമാധികാരത്തെ സംരക്ഷിക്കുവാൻ ഇത് ഉതകും എന്നതിനാലാണ് പിന്തുണയ്ക്കുന്നതെന്നും അവർ പറഞ്ഞു. നേരത്തേ ടോറികളുടെ യൂറോപ്യൻ റിസർച്ച് ഗ്രൂപ്പ് എന്നറിയപ്പെടുന്ന എം പിമാരുടെ സംഘം കരാറിന് പിന്തുണ നൽകുന്ന കാര്യത്തിൽ ഒന്നും പറഞ്ഞിരുന്നില്ല. നിയമജ്ഞർ കരാറിന്റെ വിവിധ തലങ്ങൾ പരിശോധിച്ചതിനു ശേഷമാണ് ഇപ്പോൾ ഇത്തരത്തിൽ ഒരു പ്രഖ്യാപനവുമായി അവർ എത്തിയത്.
ഇന്ന് ഒരു ദിവസം കൊണ്ട് ഈ ബിൽ പാർലമെന്റിൽ പാസ്സാക്കിയെടുക്കാൻ ബോറിസ് ജോൺസൺ ശ്രമിക്കുന്നതിനിടയിലാണ് ഇത്തരത്തിലൊരു പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. പ്രധാനമന്ത്രിക്കുള്ള 80 എം പി മാരുടെ ഭൂരിപക്ഷവും, പ്രധാന പ്രതിപക്ഷ കക്ഷിയായ ലേബർ പാർട്ടിയുടെ പിന്തുണയും കാരണം ഈ ബിൽ പാർലമെന്റിൽ പാസാകുമെന്നതിൽ സംശയമൊന്നുമില്ല. എന്നിരുന്നാലും യൂറോപ്യൻ റിസർച്ച് ഗ്രൂപിന്റെ പിന്തുണ എന്നത് ബോറിസ് ജോൺസന് ഒരു ധാർമ്മിക വിജയം കൂടിയാണ്. ഇതോടെ യൂറോപ്യൻ യൂണിയനുമായുള്ള തർക്കങ്ങളിൽ കൺസർവേറ്റീവ് പാർട്ടിയിൽ ഉണ്ടായിരുന്ന തർക്കങ്ങൾക്ക് കൂടെ അന്ത്യം കുറിക്കാൻ ബോറിസിന് കഴിഞ്ഞിരിക്കുന്നു.
ഇരു കക്ഷികളും ഡിസംബർ 31 ന് മുൻപായി കരാറിൽ ഒപ്പിടുന്നു എന്നതുറപ്പു വരുത്താൻ വിമാനമാർഗ്ഗമായിരിക്കും കരാർ ബ്രസൽസിൽ നിന്നും ബ്രിട്ടനിലെത്തിക്കുക. ഇതിനായി എയർഫോഴ്സിന്റെ ഒരു പ്രത്യേക വിമാനം തയ്യാറാക്കിയിട്ടുണ്ട്. ബ്രിട്ടന്റെ പരമാധികാരത്തെ ബഹുമാനിക്കുകയും, രണ്ട് പരമാധികാര രാഷ്ട്രങ്ങൾ തമ്മിലുള്ള അന്താരാഷ്ട്ര കരാറിന്റെ എല്ലാ മര്യാദകളും പാലിച്ചും കൊണ്ടുള്ള ഒരു കരാറായതിനാലാണ് ഇതിനെ പിന്താങ്ങുന്നതെന്ന് യൂറോപ്യൻ റിസർച്ച് ഗ്രൂപ്പിലെ അംഗങ്ങളായ എം പിമാർ പ്രസ്താവിച്ചു. ലെവൽ പ്ലെയിങ് ഫീൽഡിന്റെ ആഘാതം അധികം ഏൽക്കാതെ സംരക്ഷിക്കാൻ ഉറച്ച ഒരു ഭരണകൂടത്തിന് കഴിയുമെന്നും അവർ ചൂണ്ടിക്കാട്ടി.
ഇന്ന് സുപ്രധാനമായ ഒരു ചരിത്ര നിമിഷത്തിനായിരിക്കും ബ്രിട്ടൻ സാക്ഷ്യം വഹിക്കുക. ദീർഘനാളത്തെ സഹവാസത്തിനു ശേഷം യൂറോപ്യൻ യൂണിയനിൽ നിന്നും ഔപചാരികമായി വേർപിരിയാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെ, യൂണിയനുമായുള്ള പുതിയ വ്യാപാര കരാർ ഇന്ന് പാർലമെന്റിൽ ചർച്ചക്കെത്തും. പൊതുസഭയിലും പ്രഭുസഭയിലും കേവലം ഒരു ദിവസത്തെ ചർച്ച മാത്രമേ ഉണ്ടാകു.
കോവിഡ് എന്ന ഭീകരൻ ബ്രിട്ടനെ കാർന്നു തിന്നുന്ന ദുരിതപൂർണ്ണമായ ഒരു ഘട്ടത്തിൽ കേവലം ഒരു വർഷത്തിൽ താഴെ മാത്രമെടുത്താണ് ഇത്തരമൊരു കരാറിൽ എത്തിയത് എന്നത് തീർച്ചയായും അഭിമാനിക്കാവുന്ന ഒരു കാര്യം തന്നെയാണ്. ബ്രെക്സിറ്റ് നീട്ടി വയ്ക്കാൻ പോലും മതിയായ കാരണങ്ങൾ ഉണ്ടായിട്ടും, അതിനൊന്നും തുനിയാതെ, കൃത്യസമയത്തു തന്നെ അത് നടപ്പിലാക്കുന്നത് ബോറിസ് ജോൺസൺ എന്ന ഭരണാധികാരിയുടെ നിശ്ചയദാർഢ്യത്തിന് മകുടോദാഹരണമാണ്. മാത്രമല്ല, ഇതിനായി ബ്രിട്ടന്റെ താത്പര്യങ്ങൾ ഒന്നും തന്നെ ബലികഴിച്ചില്ല എന്നതും ശ്രദ്ധേയമാണ്.
ഇതോടെ ബ്രിട്ടനിൽ ഒരു പുതുയുഗം പിറക്കുകയാണ് യൂറോപ്യൻ യൂണിയൻ ഉൾപ്പടെ 63 രാജ്യങ്ങളുമായാണ് ഇതുവരെ ബ്രിട്ടൻ സ്വതന്ത്ര വ്യാപാര കരാറുകളിൽ ഏർപ്പെട്ടിട്ടുള്ളത്. ഇത് ബ്രിട്ടന്റെ വ്യാപാര-വ്യവസായ-വാണിജ്യ മേഖലകൾക്ക് ഉത്തേജനം പകരും എന്നതിൽ സംശയമൊന്നുമില്ല. കോവിഡിൽ തകർന്നടിഞ്ഞ ഈ മേഖലയുടെ ശക്തമായ ഉയർത്തെഴുന്നേല്പായിരിക്കും വരും വർഷം ദൃശ്യമാവുക എന്ന് പല സാമ്പത്തിക വിദഗ്ദരും ഇതിനോടകം തന്നെ പറഞ്ഞു കഴിഞ്ഞു. കരാറിനായി കാത്തിരിക്കുന്ന ബ്രിട്ടീഷ് രാജ്ഞി ഇന്ന് പാതിരാത്രി കഴിഞ്ഞ് ഇതിൽ ഒപ്പുവയ്ക്കുന്നതോടെ യൂറോപ്യൻ യൂണിയനുമായുള്ള സ്വതന്ത്ര വ്യാപാര കരാർ ഒരു യാഥാർത്ഥ്യമാകും.