ജക്കാർത്ത: ആശുപത്രി ടോയ്‌ലറ്റിൽ കോവിഡ് രോഗിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട നഴ്‌സിനെ സസ്‌പെൻഡ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇന്തോനേഷ്യയിലെ ഒരു കൊറോണ ആശുപത്രിയിലാണ് സംഭവം. സ്വവർഗാനുരാഗിയായ നഴ്സ്, ആശുപത്രിയിലെ ശുചിമുറിയിൽ വച്ചാണ് കോവിഡ് രോഗിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടത്. ജക്കാർത്തയിലെ വിസ്മ അലർട്ട് എമർജൻസി ആശുപത്രിയിലെ നഴ്സിനെതിരെയാണ് അധികൃതർ നടപടി എടുത്തത്.

നഴ്സ് ധരിച്ചിരുന്ന പിപിഇ കിറ്റ് ശുചിമുറിക്ക് പുറത്തു ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ നഴ്സുമായി ബന്ധം പുലർത്തിയ വിവരം സ്വവർഗാനുരാഗി കൂടിയായ രോഗി ട്വിറ്ററിലൂടെ പുറത്തുവിട്ടതോടെയാണ് വിവാദം കത്തിപ്പടർന്നത്. ഇരുവരും തമ്മിലുള്ള വാട്ട്‌സ്ആപ്പ് സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടും സോഷ്യൽ മീഡിയയിലൂടെ രോ​ഗി തന്നെ പ്രചരിപ്പിച്ചു. ലൂബ്രിക്കന്റുകളെക്കുറിച്ചും ഇണകളുടെ സ്വകാര്യ ഭാഗങ്ങളുടെ വലുപ്പത്തെക്കുറിച്ചും വ്യക്തമാക്കുന്ന സന്ദേശങ്ങൾ ഇന്തോനേഷ്യയിൽ വ്യാപകമായ പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു. പോസ്റ്റ് വൈറലായ ശേഷം, ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായി രോ​ഗിയും സമ്മതിച്ചു. രോഗി, നഴ്‌സിന്റെ പിപിഇ തറയിലുടനീളം പരന്നുകിടക്കുന്ന ഒരു ചിത്രവും പോസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇവർ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഡീ ആക്ടിവേറ്റ് ചെയ്തു.

രാജ്യത്ത് സ്വവർഗാനുരാഗം നിയമവിധേയമാണ്. എന്നാൽ ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു സംഭവമുണ്ടായതെന്ന് പരിശോധിച്ചുവരികയാണെന്ന് ഇന്തോനേഷ്യൻ സർക്കാർ വക്താവ് പറഞ്ഞു. സംഭവം വിവാദമായതോടെ നഴ്സിനെയും രോഗിയോയെും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർക്കെതിരെ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ഇവരെ ജക്കാർത്ത സെൻട്രൽ പൊലീസിന് കൈമാറിയിട്ടുണ്ട്. നഴ്സിനെതിരെ കൂടുതൽ നടപടിയുണ്ടാകുമെന്ന് ആശുപത്രി അധികൃതരും അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസങ്ങളിൽ ഇന്തോനേഷ്യയിൽ കോവിഡ് വ്യാപനം കൂടി വരികയാണ്. രോഗനിയന്ത്രണത്തിനായി സർക്കാരും ആരോഗ്യവകുപ്പും വിവിധ പദ്ധതികളുമായി മുന്നോട്ടുപോകുകയാണ്. അതിനിടെയാണ് ആശുപത്രിക്കുള്ളിൽ രോഗിയും നഴ്സും തമ്മിലുള്ള ലൈംഗികബന്ധത്തെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവരുന്നത്.