വർഷാവസാനം ഗോവയിൽ അടിച്ചു പൊളിക്കുകയാണ് നടി പൂർണ്ണിമ ഇന്ദ്രജിത്ത്. പാറ്റ്‌നാം ബീച്ചിൽ നിന്നുള്ള താരത്തിന്റെ അടിപൊളി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. കറുത്ത ടോപ്പും നീല ഡെനിം ഷോട്‌സുമണിഞ്ഞ്കടൽ തിരകൾ ആസ്വദിക്കുന്ന ചിത്രങ്ങളാണ് പൂർണിമ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.

തെക്കൻ ഗോവയിലെ പ്രശസ്തമായ പാറ്റ്‌നം ബീച്ചിൽ നിന്നുമാണ് പൂർണ്ണിമ ഈ ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ബീച്ച് ഷാക്കുകളും സംഗീതവും ജലവിനോദങ്ങളുമെല്ലാമായി സഞ്ചാരികൾക്ക് അടിച്ചു പൊളിക്കാൻ പറ്റിയ ഇടമാണ് പാറ്റ്‌നം ബീച്ച്. കുടിലുകളുടെ മാതൃകയിൽ നിർമ്മിച്ച താമസസ്ഥലങ്ങളും മറ്റൊരു മികച്ച അനുഭവമാണ് സഞ്ചാരികൾക്ക് പകർന്നു നൽകുന്നത്. നാവിൽ കപ്പലോടിക്കുന്ന തനതു ഗോവൻ വിഭവങ്ങൾ രുചിക്കാനും ഇവിടെ അവസരമുണ്ട്.

പുതുവത്സരാഘോഷങ്ങൾക്കായി ഒരുങ്ങുന്ന തിരക്കിലാണ് ഗോവ ഇപ്പോൾ. കോവിഡ് മൂലമുള്ള യാത്രാ നിയന്ത്രണങ്ങൾ കാരണം ഇക്കുറി ഗോവക്ക് വിദേശ അതിഥികളെ നഷ്ടമാകും. ക്രിസ്മസ് അവധി ആഘോഷിക്കാനായി നിരവധി വിനോദസഞ്ചാരികൾ ഗോവയിൽ എത്തിയിരുന്നു. ബാഗ, കലാൻഗ്യൂട്ട്, സിൻക്വെറിം, മോർജിം (നോർത്ത് ഗോവ), കോൾവ, സെർണഭതിം, ബെനോലിം, പലോലെം, പാറ്റ്‌നം രാജ്ബാഗ്, തെക്കൻ ഗോവ എന്നിവിടങ്ങളിൽ ഇക്കുറി നല്ല തിരക്കായിരുന്നു അനുഭവപ്പെട്ടത്.