മുണ്ടും ഷർട്ടും ധരിച്ച് റോഡിലൂടെ ബൈക്ക് ഓടിച്ചു പോകുന്ന ഒരു സാധാരണ ചെറുപ്പക്കാരൻ. ഒറ്റ നോട്ടത്തിൽ ആർക്കും അങ്ങനയെ തോന്നൂ. എന്നാൽ അതൊരു സിനമാ താരമായാലോ. കണ്ടു നിൽക്കുന്നവർക്കെല്ലാം അത് അമ്പരപ്പായിരിക്കും ഉണ്ടാക്കുക. യുവതാരം ആസിഫ് അലിയാണ് ബൈക്കിൽ ചുറ്റി തിരിഞ്ഞ ആ നടൻ. പഴയൊരു ആർഎക്‌സ് ഹണ്ട്രണ്ട് ബൈക്കിലായിരുന്നു നടന്റെ യാത്ര. ആസിഫിനെ വഴിയിൽ കണ്ടവരെല്ലാം ഒരു അമ്പരപ്പോടെയാണ് നോക്കിയത്.

എന്നാൽ സംഭവം സിനിമാ ഷൂട്ടിങ് ആയിരുന്നു. ഈരാറ്റുപേട്ടയിൽ ചിത്രീകരണം പുരോഗമിക്കുന്ന ജിബു ജേക്കബിന്റെ 'എല്ലാം ശരിയാകും' എന്ന സിനിമയുടെ ഷൂട്ടിങിന്റെ ഭാഗമായിരുന്നു ആസിഫിന്റെ ഈ ബൈക്ക് യാത്ര. ആസിഫ് അലിയുടെ ബൈക്കിനു മുന്നിൽ ഒരു കാറിന്റെ പിൻഭാഗം തുറന്ന് അതിനുള്ളിൽ കാമറാമാനും ടെക്‌നിക്കൽ സംഘവും യാത്ര ചെയ്യുന്നത് കാണാം. ഇതൊരു സിനിമാ ഷൂട്ടിങ് ആണെന്ന് അവിടെ ഉള്ളവർക്കും മനസിലായില്ല. സാധാരണ ഷൂട്ടിങിനു വേണ്ടി ഉപയോഗിക്കുന്ന വലിയ സന്നാഹങ്ങളൊന്നും ഇല്ലാതെയാണ് ഇവർ ഈ രംഗം ചിത്രീകരിച്ചു പൂർത്തിയാക്കിയത്.

വെള്ളിമൂങ്ങ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ആദ്യരാത്രി എന്നി ചിത്രങ്ങൾക്കു ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. രജിഷ വിജയൻ ആണ് നായിക. ഷാരിസ്, നെബിൻ, ഷാൽബിൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.

സിദ്ദിഖ്, കലാഭവൻ ഷാജോൺ, സുധീർ കരമന, ജോണി ആന്റണി, ജെയിംസ് എലിയ, ജോർഡി പൂഞ്ഞാർ, സേതുലക്ഷ്മി, മഹാനദി ഫെയിം തുളസി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.