തിരുവനന്തപുരം: കേരളാ പൊലീസ് അക്കാദമിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. നെയ്യാറ്റിൻകരയിൽ കുടിയൊഴിപ്പിക്കലിനിടെ പൊള്ളലേറ്റു ദമ്പതികൾ മരിച്ച സംഭവത്തിൽ പ്രതിഷേധ സൂചകമായാണ് കേരള പൊലീസ് അക്കാദമിയുടെ വെബ്‌സൈറ്റ് (keralapoliceacademy.gov.in) തകർത്തത് 'കേരള സൈബർ വാരിയേഴ്‌സ്' എന്ന ഹാക്കർ സംഘമാണ് പൊലീസ് അക്കാദമിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തത്.

വെബ്‌സൈറ്റ് ഹാക്ക് ചെയ്ത സംഘം ദമ്പതികളുടെ മകൻ രഞ്ജിത് പൊലീസിനു നേരെ വിരൽ ചൂണ്ടുന്ന ചിത്രം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. കാക്കിയിട്ട ക്രിമിനലുകളെ പൊലീസിൽ നിന്നു പുറത്താക്കണമെന്ന സന്ദേശവും ഒപ്പമുണ്ടായിരുന്നു. സൈബർ വാരിയേഴ്‌സിന്റെ ഫേസ്‌ബുക് പോസ്റ്റിലെ വരികൾ ഇങ്ങനെ: ''പൊലീസ് അക്കാദമിയിൽ വിദ്യ അഭ്യസിപ്പിക്കുന്ന ഗുരുക്കന്മാർ നിങ്ങളുടെ ശിഷ്യന്മാരെ ഇങ്ങനെ ഒന്ന് ഉപദേശിക്കണം ജനങ്ങളുടെ നികുതിപ്പണം എടുത്തു ശമ്പളം തരുന്നതു ജനങ്ങളെ സേവിക്കാനാണ്. അല്ലാതെ സാധാരണ ജനങ്ങളുടെ മുകളിൽ കുതിര കയറാനല്ല. പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുകയും തുല്യനീതി നടപ്പിലാക്കുകയുമാണു നിങ്ങളുടെ കർമം! ചൂണ്ടിയ വിരലും ഉയർന്ന തൂമ്പയും ഇനി ഒരു മാറ്റത്തിന്റേതാകട്ടെ. പ്രതികരിക്കുന്ന ജനത്തെ കണ്ടു ഭയപ്പെടാൻ ഇടയാകാതിരിക്കട്ടെ നമ്മുടെ നിയമപാലകർക്ക്.''