- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്നലെ മാത്രം 981 മരണങ്ങൾ! ലെസ്റ്ററും, കവൻട്രിയും മാഞ്ചെസ്റ്ററും അടക്കം മൂന്നിൽ രണ്ട് ഭാഗങ്ങളും ടയർ-4 ലേക്ക്; ബാക്കി ഇടങ്ങളിൽ ടയർ-3 നിയന്ത്രണങ്ങളും; ഭീകരൻ കോവിഡ് അഴിഞ്ഞാടി ബ്രിട്ടൻ
ഏപ്രിലിനു ശേഷം ഏറ്റവുമധികം കൊറോണ മരണങ്ങൾക്ക് ബ്രിട്ടൻ സാക്ഷിയായ ദിവസമായിരുന്നു ഇന്നലെ. 981 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ജനിതകമാറ്റം സംഭവിച്ച പുതിയ ഇനം കൊറോണ വൈറസിന്റെ ഭീകരത വെളിപ്പെട്ടു. ഏതാണ്ട് ഇംഗ്ലണ്ട് പൂർണ്ണമായിത്തന്നെ കടുത്ത നിയന്ത്രണങ്ങളുമായി കോവിഡ് ബാധ ചെറുക്കുവാൻ ഒരുങ്ങുകയാണ് ബ്രിട്ടീഷ് സർക്കാർ. രാജ്യത്തിന്റെ മുക്കാൽ ഭാഗങ്ങളും ടയർ-4 മേഖലയാക്കി മാറ്റിയിരിക്കുന്നു. തെക്ക് കിഴക്കൻ ഇംഗ്ലണ്ടിന്റെ ബാക്കി ഭാഗങ്ങൾ, മിഡ്ലാൻഡ്സ്, വടക്ക് കിഴക്കൻ ഇംഗ്ലണ്ട്, വടക്കു പടിഞ്ഞാറൻ ഇംഗ്ലണ്ടിന്റെ ചില ഭാഗങ്ങൾ തെക്ക് പടിഞ്ഞാറൻ ഇംഗ്ലണ്ടിന്റെ ചില ഭാഗങ്ങൾ എന്നിവയാണ് പുതിയതായി ടയർ-4 ൽ ചേർക്കപ്പെട്ടവ.
2,000 പേർ വസിക്കുന്ന ഐൽസ് ഓഫ് സിസിലി ഒഴിച്ച് രാജ്യത്തിന്റെ ബാക്കി ഭാഗങ്ങളിലെല്ലാം ടയർ-3 നിയന്ത്രണങ്ങൾ നിലവിൽ വരും. രോഗവ്യാപനം എങ്ങനെ നിയന്ത്രിക്കണം എന്നതിന് നേരത്തേ ഒരു ഉദാഹരണമായി ചൂണ്ടിക്കാട്ടിയിരുന്ന ലിവർപൂളും ഇതിൽ ഉൾപ്പെടും. സെക്കണ്ടറി സ്‌കൂളുകൾ തുറക്കുന്നത് നേരത്തേ നിശ്ചയിച്ചതിലും രണ്ടാഴ്‌ച്ച വൈകിയായിരിക്കും. ജനുവരി 18 ന് മാത്രമേ സെക്കണ്ടറി സ്‌കൂളുകൾ തുറക്കൂ എന്നാണ് ലഭിക്കുന്ന വിവരം. അതുപോലെ രോഗവ്യാപനം വളരെ കൂടുതലുള്ളഭാഗങ്ങളിലെ നൂറുകണക്കിന് പ്രൈമറി സ്‌കൂളുകളും ജനുവരി 4 ന് പൂർണ്ണമായും തുറക്കില്ല
വിവിധ തലങ്ങളിലുള്ള നിയന്ത്രണങ്ങൾ വിലയിരുത്തുവാൻ ഇനി ചേരുന്ന യോഗത്തിന് ശേഷം മാത്രമേ സെക്കണ്ടറി സ്‌കൂളുകൾ തുറക്കുന്ന കാര്യങ്ങൾ പരിഗണിക്കുകയുള്ളു. ഒരുപക്ഷെ അവ അനിശ്ചിതകാലത്തേക്ക് അടഞ്ഞുകിടക്കാനും സാധ്യതയുണ്ട്. അതേസമയം, പുതിയ ഇനം വൈറസിന്റെ ഭീതി കരിനിഴൽ പരത്തുന്ന വെയിൽസും സ്‌കോട്ട്ലാൻഡും നോർത്തേൺ അയർലൻഡും ഇപ്പോൾ തന്നെ അവരവരുടേതായ നിയന്ത്രണങ്ങളിലാണ്. ഇന്നലെ ബ്രിട്ടനിൽ 50,023 പേർക്ക് കൂടി പുതിയതായി രോഗബാധ സ്ഥിരീകരിക്കപ്പെട്ടതോടെയാണ് സാഹചര്യത്തിന്റെ ഭീകരത പൂർണ്ണമായും വെളിപ്പെട്ടത്.
ഡൗണിങ് സ്ട്രീറ്റിൽ നടത്തിയ പത്രസമ്മേളനത്തിൽ ബോറിസ് ജോൺസനും ഡെപ്യുട്ടി ചീഫ് മെഡിക്കൽ ഓഫീസർ ജോനാഥൻ വാൻ-ടാമും പറഞ്ഞത് ജീവിതം സാധാരണ രീതിയിലേക്ക് കൊണ്ടുവരാൻ ഇനി വാക്സിൻ മാത്രമാണ് ഏക പ്രതീക്ഷ എന്നാൺ. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ വാക്സിന് അനുമതി ലഭിച്ച ശേഷം മാത്രമേ വ്യാപകമായ രീതിയിൽ വാക്സിൻ പദ്ധതി ആരംഭിക്കാൻ സാധിക്കുകയുള്ളു. അതു ലഭിച്ചതിനു ശേഷം ആഴ്‌ച്ചയിൽ 20 ലക്ഷം പേർക്ക് വച്ച് വാക്സിൻ നൽകിയാലും രോഗബാധ ചെറുക്കുന്ന രീതിയിൽ അത്രയും ആളുകൾക്ക് വാക്സിൻ നൽകാൻ ചുരുങ്ങിയത് ഒരു മാസമെങ്കിലും എടുക്കും.
തിങ്കളാഴ്‌ച്ച പദ്ധതി ആരംഭിക്കുമ്പോൾ 5,30,000 വാക്സിനുകൾ മാത്രമേ ലഭ്യമാവുകയുള്ളു എന്നാണ് മാറ്റ് ഹാൻകോക്ക് പറഞ്ഞത്. അതേസമയം, വാക്സിൻ എത്തുന്നു എന്നതുകൊണ്ടുമാത്രം ദുരിതങ്ങൾ എല്ലാം മാറി എന്ന് കരുതരുത് എന്ന ബോറിസ് ജോൺസന്റെ പ്രസ്താവന ജനങ്ങളിൽ ഭീതിയും നിരാശയും പടർത്തിയിട്ടുണ്ട്. വൈറസ് വ്യാപനം അത്രയധികം വ്യാപിക്കുന്നതാണ് ബോറിസിനെ ആശങ്കപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ ഇഷ്ടമല്ലെങ്കിൽ കൂടി കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കേണ്ടി വരുന്നതായും അദ്ദേഹം പറഞ്ഞു.
അതിനിടയിൽ പുതിയ ഇനം വൈറസ് ഇംഗ്ലണ്ടിന്റെ മിക്കയിടങ്ങളിലേക്കും വ്യാപിച്ചു കഴിഞ്ഞതായാണ് സൂചന. ഇപ്പോൾ രേഖപ്പെടുത്തപ്പെടുന്ന പുതിയ കേസുകളിൽ ഭൂരിഭാഗവും ഈ പുതിയ ഇനംവൈറസ് മൂലമുണ്ടായതാണ്. അതുകൊണ്ട് തന്നെയാണ് ടയർ-4 നിയന്ത്രണങ്ങൾ രാജ്യത്തിന്റെ കൂടുതൽ ഭാഗങ്ങളിലേക്ക് വ്യാപിപ്പിച്ചത്. അതിനിടയിൽ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി വാക്സിന് അംഗീകാരം നൽകുവാനുള്ള നടപടികൾ ധൃതഗതിയിൽ പുരോഗമിക്കുന്നുണ്ട്. വരുന്ന തിങ്കളാഴ്‌ച്ച മുതൽ വാക്സിൻ വിതരണം ആരംഭിക്കുമെന്നറിയുന്നു.