- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തുടർച്ചയായി നാലാം ദിവസവും 50,000 ത്തിലേറെ പുതിയ രോഗികളുമായി റെക്കോർഡിട്ട് ബ്രിട്ടൻ; മരണസംഖ്യയ്ക്കും കുറവില്ല; ലണ്ടനിൽ പ്രൈമറി സ്കൂളുകളും അനിശ്ചിതകാലത്തേക്ക് അടച്ചു; യുകെയിൽ കോവിഡ് പരിഭ്രാന്തി തുടരുന്നു
തുടർച്ചയായ നാലാം ദിവസവും പുതിയതായി രോഗംസ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണം 50,000 കടന്നതോടെ ബ്രിട്ടനിൽ രോഗവ്യാപനത്തിന്റെ ഭീകരത കൂടുതൽ തെളിഞ്ഞുവരികയാണ്. ഒരാഴ്‌ച്ചകൊണ്ട് രോഗവ്യാപനതോത് വർദ്ധിച്ചത് 63 ശതമാനമാണ്. എട്ടുവയസ്സുള്ള ഒരു കുട്ടി ഉൾപ്പടെ ഇന്നലെ 613 പേരാണ് കോവിഡിന് കീഴടങ്ങി മരണമടഞ്ഞത്. ഈ കുട്ടിക്ക് സങ്കീർണ്ണമായ മറ്റ് ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായിരുന്നതായി എൻ എച്ച് എസ് അധികൃതർ വ്യക്തമാക്കി.
ഏറ്റവും പുതിയ കണക്കനുസരിച്ച് വിവിധ ആശുപത്രികളീലായി ഇപ്പോൾ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നത് 23,823 പേരെയാണ്. ഡിസംബർ 28 ലെ കണക്കാണിത്. ബാങ്ക് ഒഴിവു ദിനങ്ങളിൽ മരണങ്ങൾ പൂർണ്ണമായും രേഖപ്പെടുത്താറില്ല എന്നതിനാൽ, ഈ ആഴ്‌ച്ചയിലെ മരണസംഖ്യയിൽ വേണ്ടത്ര കൃത്യതയില്ല. തുടർച്ചയായ ഒഴിവുദിനങ്ങൾ കാരണമാണിത്. കർശനമായ നിയന്ത്രണങ്ങൾ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ബോക്സിങ് ദിനം വരെ കാത്തിരുന്നതിനാൽ ക്രിസ്മസ് ഒഴിവുകൾക്ക് ശേഷം രോഗവ്യാപനത്തിൽ വലിയൊരു വർദ്ധനവാണ് കാണുന്നത്.
ക്രിസ്മസ് ദിനത്തിൽ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ഒത്തുചേരാൻ അവസരം നൽകിയതും, അതിവ്യാപന ശേഷിയുള്ള പുതിയ ഇനം കൊറോണവൈറസിന്റെ സാനിദ്ധ്യവുമാണ് രോഗവ്യാപനം ഇത്രകണ്ട് കൂടുവാനുള്ള കാരണമായി പറയുന്നത്. നിലവിൽ ലണ്ടനോടോപ്പം കെന്റും എസെക്സും കൊറോണയുടെ രണ്ടാം വരവിലെ എപ്പിസെന്ററുകളായി മാറിയിരിക്കുകയാണ്. ഇന്നലെ റിപ്പോർട്ട് ചെയ്ത കേസുകളിൽ മൂന്നിൽ രണ്ടും ഈ മൂന്ന് പ്രദേശങ്ങളിൽ നിന്നുള്ളതാണ്. ഇവയിൽ ചിലയിടങ്ങളിൽ ആശുപത്രികളിൽ സ്ഥലം തികയാതെ വരുന്നുമുണ്ട്.
വിവിധ ആശുപത്രികളിലെ അടിയന്തര വിഭാഗങ്ങൾക്ക് മുന്നിൽ രോഗികളുമായി ആംബുലൻസുകൾ കാത്തു നിൽക്കാൻ തുടങ്ങിയതോടെ ലണ്ടനിലെ എൻ എച്ച് എസിനു മേൽ സമ്മർദ്ദമേറിയിരിക്കുകയാണ്. ഒരു ഡോക്ടർ പറഞ്ഞത്, ആർക്കൊക്കെ വെന്റിലേറ്റർ നൽകണം എന്നതിനെ കുറിച്ച് താനും സഹപ്രവർത്തരകരും ചില കഠിനമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ ബാദ്ധ്യസ്ഥരായി എന്നാണ്.
കൊറോണയുടെ ആദ്യ വരവിൽ ഏറെ ദുരിതങ്ങൾ ഏറ്റുവാങ്ങിയ ലണ്ടൻ രണ്ടാം വരവിലും ദുരന്തത്തിന്റെ ആഴക്കയങ്ങളിലേക്ക് ഇറങ്ങിപ്പൊയ്ക്കൊണ്ടിരിക്കുകയാണ്. 15,089 പേർക്കാണ് നഗരത്തിൽ ഇന്നലെ പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇംഗ്ലണ്ടിന്റെ തെക്ക് കിഴക്കൻ മേഖലയിലും രോഗവ്യാപനം നിയന്ത്രണാതീതമാവുകയാണ്. അതേസമയം രാജ്യത്തിന്റെ മറ്റു മേഖലകളിൽ രോഗവ്യാപനം താരതമ്യേന കുറവാണ്. ബ്രിട്ടനില്കൊറോണയുടെ രണ്ടാം വരവ് ശമിക്കുന്ന ലക്ഷണമൊന്നും കാണുന്നില്ല.
രോഗവ്യാപനം കനക്കുന്നതിനിടയിൽ രാജ്യത്തെ പ്രൈമറി സ്‌കൂളുകളെല്ലാം പുതിയ ടേം ആരംഭിക്കുവാനായി തുറക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് അദ്ധ്യാപക യൂണിയൻ രംഗത്തെത്തി. നേരത്തേ നഗരത്തിലെ ചില സ്‌കൂളുകൾ തുറന്നു പ്രവർത്തിപ്പിക്കുവാൻ സർക്കാർ ഉദ്ദേശിച്ചിരുന്നു. ലണ്ടനിലെ ചില ബറോകളിൽ നിർബന്ധപൂർവ്വം അടച്ചുപൂട്ടൽ വേണ്ടെന്നായിരുന്നു തീരുമാനം. എന്നാൽ വിവിധ കോണുകളിൽ നിന്നും കടുത്ത പ്രതിഷേധമാണ് ഇതിനെതിരെ ഉയർന്നത്. രാജ്യം മുഴുവൻ കോവിഡ് ബാധ മൂർച്ഛിക്കുന്ന ഘട്ടത്തിൽ എല്ലായിടങ്ങളിലേയും സ്‌കൂളുകൾ അടച്ചിടമെന്നായിരുന്നു നാഷണൽ എഡ്യുക്കേക്ഷൻ യൂണീയൻ ആവശ്യപ്പെട്ടത്.
സ്‌കൂൾ തുറക്കുന്ന ദിവസം കഴിഞ്ഞും രണ്ടാഴ്‌ച്ച കൂടി അടഞ്ഞു കിടക്കുന്ന സ്‌കൂളുകളുടെ പട്ടിക ഈ വാരം ആദ്യം ഗാവിൻ വില്യംസൺ പുറത്തുവിട്ടിരുന്നു. എന്നാൽ ഇതിൽ, രോഗവ്യാപനം അത്ര കടുപ്പത്തിലല്ലാത്ത ഹാരിംഗേ പോലുള്ള സ്ഥലങ്ങളിലെ സ്‌കൂളുകൾ ഉൾപ്പെട്ടിരുന്നില്ല. ഇതിനെതിരെയാണ് ഇപ്പോൾ പ്രതിഷേധമുയർന്നത്. ഇതോടെയാണ് പ്രൈമറി സ്‌കൂളുകൾ അടച്ചുപൂട്ടാനുള്ള തീരുമാനമുണ്ടായത്.