ന്യൂഡൽഹി: ചൈനീസ് കടലിൽ രണ്ടു കപ്പലുകളിലായി പെട്ടുപോയ 39 ഇന്ത്യൻ നാവികർക്ക് ആവശ്യമായ സഹായം നൽകാമെന്ന് ചൈന. ഇന്ത്യയുടെ ആവശ്യത്തോട് അനുകൂലമായാണ് ചൈന പ്രതികരിച്ചത്. ചൈനീസ് പ്രവിശ്യയായ ഹെബെയ്യിലെ ജിൻതാങ് തുറമുഖത്തിനു സമീപം നങ്കുരമിട്ട എംവി ജാഗ് ആനന്ദിൽ 23 ഇന്ത്യക്കാരാണ് ജൂൺ 13 മുതൽ കുടുങ്ങിയിരിക്കുന്നത്.

കൗഫെയ്ഡിയൻ തുറമുഖത്തിനുസമീപം നങ്കുരമിട്ടിരിക്കുന്ന എംവി അനസ്റ്റാസിയ എന്ന കപ്പലിൽ 16 ഇന്ത്യക്കാരണ്ട്. ചരക്ക് വിട്ടുകിട്ടാത്തതിനെ തുടർന്നാണ് കപ്പൽ ഇവിടെ കുടുങ്ങിക്കിടക്കുന്നത്. ചൈനീസ് അധികൃതരുമായി ഇന്ത്യൻ എംബസി നിരന്തരം സംസാരിക്കുന്നുണ്ടെന്നും വിദേശകാര്യമന്ത്രാലയം പറഞ്ഞു. അനുകൂല പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

കോവിഡിന്റെ സാഹചര്യത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന കർശന നിയന്ത്രണങ്ങളുടെ ഭാഗമായാണ് നടപടികൾ വൈകുന്നതെന്നാണ് ചൈനീസ് നിലപാട്. കപ്പലിൽനിന്നു നിലവിലുള്ള ജീവനക്കാരെ മാറ്റി പുതിയവരെ ചുമതല ഏൽപ്പിക്കാനാകുമോയെന്ന് എംവി അനസ്റ്റാസിയ പരിഗണിക്കുന്നുണ്ടെന്നാണ് വിവരം.