വാഷിങ്ടൻ: അമേരിക്കയിൽ ഗർഭിണിയെ കൊലപ്പെടുത്തിയ ശേഷം വയറു കീറി കുഞ്ഞിനെ പുറത്തെടുത്ത സ്ത്രീയെ വധശിക്ഷയ്ക്ക് വിധിച്ച് യുഎസ് ഫെഡറൽ അപ്പീൽ കോടതി. എട്ട് മാസം ഗർഭിണിയായ യുവതിയെ അറും കൊല ചെയ്ത ലിസാ മോണ്ട്‌ഗോമറിക്കാണ് കോടതി വധശിക്ഷ വിധിച്ചത്. ജോ ബൈഡൻ പ്രസിഡന്റ്ാകുന്നതിനു മുമ്പ് ഇവരെ വധശിക്ഷയ്ക്ക് വിധേയ ആക്കാൻ ധൃതി പിടിച്ച് നീക്കം തുടങ്ങി കഴിഞ്ഞു. ജയിൽ വകുപ്പ് തീരുമാനിച്ചതു പ്രകാരം ജനുവരി 12ന് ശിക്ഷ നടപ്പാക്കാമെന്നാണ് അപ്പീൽ കോടതി വിധി്.

ഇതോടെ വധശിക്ഷയെ എതിർക്കുന്ന ജോ ബൈഡൻ അധികാരത്തിലെത്തുന്നതിനു മുമ്പു തന്നെ ലിസയുടെ ശിക്ഷ നടപ്പാകാനാണു വഴിയൊരുങ്ങിയിരിക്കുന്നത്. എന്നാൽ അപ്പീൽ നൽകുമെന്നാണ് ലിസയുടെ അഭിഭാഷകർ അറിയിച്ചിരിക്കുന്നത്. അതേസമയം ലിസയുടെ വധശിക്ഷ ഡിസംബറിൽനിന്ന് മാറ്റിയ കീഴ്ക്കോടതി നടപടി തെറ്റാണെന്ന് മൂന്നംഗ ജഡ്ജ് പാനൽ വിധിച്ചു. ഇൻഡിയാനയിലെ ഫെഡറൽ കറക്ഷണൽ സെന്ററിൽ ഡിസംബറിലാണ് ലിസയുടെ വധശിക്ഷ നടപ്പാക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ ലിസയുടെ അഭിഭാഷകനു കോവിഡാണെന്നു ചൂണ്ടിക്കാട്ടിയാണു ശിക്ഷ നടപ്പാക്കുന്നത് മാറ്റിവച്ചത്.

ശിക്ഷ നടപ്പായാൽ 70 വർഷത്തിനിടെ ആദ്യമായി വധശിക്ഷയ്ക്കു വിധേയയാക്കപ്പെടുന്ന വനിതയാകും ലിസ. 1953ൽ ബോണി ഹെഡി എന്ന വനിതയെയാണ് ഇതിനു മുമ്പ് ഗ്യാസ് ചേംബറിൽ വധശിക്ഷ നടപ്പാക്കിയത്. അതിന് ശേഷം വധശിക്ഷ നടപ്പിലാക്കുമ്പോൾ അതും ഒരു സ്ത്രീക്ക് തന്നെ നറുക്ക് വീണിരിക്കുകയാണ്.

2004ലാണ് ലിസയെ വധശിക്ഷയ്ക്ക് വിധിച്ച കൊടുംക്രൂര കൊലപാതകം അരങ്ങേറിയത്. 2004ൽ എട്ടുമാസം ഗർഭിണിയായ യുവതിയെ ശ്വാസം മുട്ടിച്ച് കൊന്ന് അടുക്കളയിൽ ഉപയോഗിക്കുന്ന കത്തി കൊണ്ട് വയറ് കീറി കുഞ്ഞിനെ പുറത്തെടുക്കുക ആയിരുന്നു. ശേഷം ഇവർ ആ കുഞ്ഞുമായി കടന്നുകളയും ചെയ്തു. ഇരുപത്തിമൂന്നുകാരിയായ ബോബി ജോ സ്റ്റിനെറ്റ് ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്. കാൻസാസിൽനിന്ന് നായ്ക്കുട്ടിയെ വാങ്ങാനെന്നപേരിൽ ബോബിയുടെ വീട്ടിലെത്തിയ ലിസ, ഒരു കയറ് കൊണ്ട് അവരെ കഴുത്തു മുറുക്കി ബോധരഹിതയാക്കി. പിന്നീട് കത്തി കൊണ്ടു വയറ് കീറി കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. കുഞ്ഞിനെ പിന്നീടു പൊലീസ് രക്ഷപ്പെടുത്തി പിതാവിനു കൈമാറി.

2007-ൽ ലിസ കുറ്റക്കാരിയാണെന്നു കണ്ടെത്തിയ കോടതി അവർക്കു വധശിക്ഷ വിധിക്കുകയായിരുന്നു. അതേസമയം ചെറുപ്പത്തിൽ മർദനമേറ്റ ലിസയ്ക്ക് തലച്ചോറിനു ക്ഷതമേറ്റിരുന്നുവെന്നും അവർക്കു മാനസികാസ്വാസ്ഥ്യമുണ്ടെന്നും അഭിഭാഷകർ വാദിച്ചു. മുപ്പത്തിയാറുകാരിയായ ലിസയ്ക്കു നാല് കുട്ടികളുണ്ടായിരുന്നു. ഇനി ഗർഭിണിയാകാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞതു വലിയ മാനസികസംഘർഷത്തിനിടയാക്കി. തുടർന്ന് ഓൺലൈനിലൂടെയാണ് നായ്ക്കളെ വളർത്തിയിരുന്ന ബോബിയെ കണ്ടെത്തിയതും അതിക്രൂരമായി കൊന്ന് കുഞ്ഞിനെ എടുത്തതും.