- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ദേശീയ പതാകകൾ സ്ഥാപിച്ച ട്രാക്ടറുകളും നിശ്ചലദൃശ്യങ്ങളും അണിനിരക്കും; രാജ്പഥിൽ കർഷകർ കാൽനട ജാഥ നടത്തും: വിവാദ നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ റിപ്പബ്ലിക് ദിനത്തിൽ സമാന്തര പരേഡ് നടത്താൻ ഒരുങ്ങി കർഷകർ
ന്യൂഡൽഹി: വിവാദ കർഷക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ റിപ്പബ്ലിക് ദിനത്തിൽ സമാന്തര പരേഡ് നടത്താൻ ഒരുങ്ങി കർഷകർ. ഈ മാസം 26നു ഡൽഹിയിലെ രാജ്പഥിൽ സമാന്തര റിപ്പബ്ലിക് ദിന പരേഡ് നടത്തുമെന്നാണ് കർഷക സംഘടനകൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. റിപ്പബ്ലിക് ദിന പരേഡിനു പിന്നാലെ ഉച്ചയ്ക്കായിരിക്കും കർഷകരുടെ പരേഡ് എന്നും സംഘടനകൾ വ്യക്തമാക്കി.
രാജ്പഥിൽ ട്രാക്ടർ റാലി നടത്താനുള്ള മുൻ തീരുമാനത്തിനു പകരമാണു സമാന്തര പരേഡ് സംഘടിപ്പിക്കാനുള്ള നീക്കം. ദേശീയ പതാകകൾ സ്ഥാപിച്ച ട്രാക്ടറുകളും നിശ്ചലദൃശ്യങ്ങളും പരേഡിൽ അണിനിരക്കും. രാജ്പഥിൽ കർഷകർ കാൽനട ജാഥയും നടത്തും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇതിനായി കർഷകരെ ഡൽഹിയിലെത്തിക്കും. 25ന് സമാധാനപരമായി ഡൽഹിയിലേക്കു കടക്കുമെന്നു സംയുക്ത കിസാൻ മോർച്ച നേതാക്കൾ പറഞ്ഞു.
വിവാദ നിയമങ്ങൾ എല്ലാം തന്നെ പിൻവലിക്കലല്ലാതെ കർഷകർ ഒരു വിധത്തിലുള്ള ഒത്തു തീർപ്പിനും തയ്യാറല്ലെന്നും കർഷക സംഘടനകൾ വ്യക്തമാക്കി. കേന്ദ്രവും സംഘടനകളും തമ്മിൽ നാളെ നടത്തുന്ന ഏഴാം ചർച്ചയിൽ നിയമങ്ങൾ പിൻവലിക്കാൻ തയാറായില്ലെങ്കിൽ വരും ദിവസങ്ങളിൽ പ്രക്ഷോഭം ശക്തമാക്കുമെന്നു കർഷക നേതാവ് ബൽബീർ സിങ് രജേവാൾ പറഞ്ഞു.
കർഷകരുടെ രണ്ട് ആവശ്യങ്ങൾ കഴിഞ്ഞ ദിവസം അംഗീകരിച്ചതിനെത്തുടർന്ന്, ചർച്ച ഫലം കാണുന്നുവെന്ന രീതിയിൽ കേന്ദ്ര സർക്കാർ നടത്തിയ പരാമർശങ്ങൾക്കു പിന്നാലെയാണു സംഘടനകൾ സ്വരം കടുപ്പിച്ചത്. നിയമങ്ങൾ പിൻവലിക്കുന്നതിനു പകരമുള്ള ഒരു ഒത്തുതീർപ്പിനും തയാറല്ലെന്നും മറിച്ചുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്നും കർഷകർ വ്യക്തമാക്കി.