കാട്ടാക്കട: ഓൺലൈനിൽ റമ്മി കളിച്ച് കടംകയറിയ യുവാവ് ആത്മഹത്യ ചെയ്തു. കുറ്റിച്ചൽ നിലമയിൽ ഗ്രാമപ്പഞ്ചായത്തംഗം വിനീഷ് ഭവനിൽ കെ.വേലായുധൻ പിള്ള(മുരുകൻ)യുടെയും ഹരിജകുമാരിയുടെയും മകൻ വി.എച്ച്.വിനീതി(28) ആണ് കടം പെരുകിയതിനെ തുടർന്ന് തൂങ്ങി മരിച്ചത്. 21 ലക്ഷത്തോളം രൂപയുടെ കടം ഉണ്ടായതോടെയാണ് യുവാവ് ആത്മഹത്യചെയ്തതെന്ന് നെയ്യാർഡാം പൊലീസിൽ ബന്ധുക്കൾ നൽകിയ മൊഴിയിൽ പറയുന്നു.

കഴിഞ്ഞ ദിവസം വീടിനു സമീപത്തെ റബ്ബർ പുരയിടത്തിലാണ് യുവാവിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. വലിയമല ഐ.എസ്.ആർ.ഒ.യിൽ താത്കാലിക ജോലിക്കാരനായിരുന്നു വിനീത്. ലോക്ഡൗൺ കാലത്ത് ജോലിയില്ലാതായതോടെ പണം കണ്ടെത്താൻ ഓൺലൈൻ റമ്മി ഉൾപ്പെടെയുള്ള കളികളിൽ ഏർപ്പെട്ടിരുന്നതായും അവർ പറഞ്ഞു. ആദ്യം പണം കിട്ടിയിരുന്നെങ്കിലും പിന്നീട് വലിയ തുകകൾ നഷ്ടമായി. ഇതോടെ പണം കടം വാങ്ങിയും ആഭരണം പണയം വെ്ച്ചും കളി തുടങ്ങി.

ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽനിന്നും വലിയ തുകകൾ കടംവാങ്ങിയും ആഭരണങ്ങൾ വാങ്ങി പണയംവച്ചുമായിരുന്നു കളി തുടർന്നത് എന്നും പറയുന്നു. ഇതൊന്നും വീട്ടുകാർ അറിഞ്ഞിരുന്നില്ല. കടം പെരുകിയതോടെ ഒന്നരമാസം മുമ്പ് നാടുവിട്ടു. തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി കോട്ടയത്തുനിന്നും കണ്ടെത്തി തിരിച്ചുകൊണ്ടുവരുകയായിരുന്നു.

'കടം പെരുകിയതിനാൽ മറ്റു മാർഗങ്ങളില്ലാതെ ആത്മഹത്യചെയ്യുകയാണെന്ന' ആത്മഹത്യാക്കുറിപ്പും മൃതദേഹത്തിൽനിന്നും പൊലീസ് കണ്ടെടുത്തു. സഹോദരൻ: വി.എച്ച്.വിനീഷ്. മൃതദേഹം ശാന്തികവാടത്തിൽ സംസ്‌കരിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പരാതി നൽകുമെന്ന് ബന്ധുക്കൾ അറിയിച്ചു.