തിരുവനന്തപുരം: അന്തരിച്ച കവി നീലമ്പേരൂർ മധുസൂദനൻ നായർ (84)ക്ക് കലാ ലോകത്തിന്റെ ആദരാഞ്ജലികൾ. തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ വൈകിട്ടായിരുന്നു അന്ത്യം. സംസ്‌കാരം 5ന് ഉച്ചയ്ക്കു 12ന് തൈക്കാട് ശാന്തികവാടത്തിൽ നടക്കും.

തലസ്ഥാനത്തു കുറവൻകോണം നീലമ്പേരൂർ ഹൗസിൽ താമസിച്ചിരുന്ന മധുസൂദനൻ നായർ, കുട്ടനാട്ടിലെ നീലമ്പേരൂർ ഗ്രാമത്തിൽ 1936 മാർച്ച് 25ന് ആണു ജനിച്ചത്. മൗസല പർവം, അഴിമുഖത്തു മുഴങ്ങുന്നത്, സൂര്യനിൽ നിന്നൊരാൾ, ചമത, പാഴ്ക്കിണർ, ചിത തുടങ്ങിയ കവിതാ സമാഹാരങ്ങളും കിളിയും മൊഴിയും, അമ്പിളിപ്പൂക്കൾ തുടങ്ങിയ ബാലസാഹിത്യ കൃതികളും ഉൾപ്പെടെ മുപ്പതോളം ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

രണ്ടു പതിറ്റാണ്ടോളം പുരോഗമന കലാസാഹിത്യ സംഘത്തിന്റെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റായിരുന്നു. വ്യവസായ വകുപ്പിൽ മാർക്കറ്റ് അനലിസ്റ്റ് ആയി ഔദ്യോഗിക ജീവിതത്തിനു തുടക്കം. 1991ൽ ജോയിന്റ് ഡയറക്ടർ ആയി വിരമിച്ചു. ഭാര്യ: കെ.എൽ.രുക്മിണീ ദേവി, മക്കൾ: എം.ദീപുകുമാർ, എം.ഇന്ദുലേഖ. മരുമക്കൾ: മനോജ് പരമേശ്വരൻ, സരിത.