മുംബൈ: ഓഹരി വിൽപ്പനയിൽ കൃത്രിമം നടത്തിയെന്ന കേസിൽ റിലയൻസ് ഇൻഡസ്ട്രീസിനും ചെയർമാൻ മുകേഷ് അംബാനിക്ക് 70 കോടി രൂപയുടെ പിഴ. 14 വർഷം മുമ്പ് റിലയൻസ് ഇൻഡസ്ട്രീസിൽ ലയിപ്പിച്ച റിലയൻസ് പെട്രോളിയം ലിമിറ്റഡുമായി ബന്ധപ്പെട്ട കേസിലാണ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) അംബാനിയുടെ കമ്പനിക്ക് കനത്ത പിഴ ചുമത്തിയത്.

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന് 25 കോടി രൂപയും മുകേഷ് അംബാനിക്ക് 15 കോടിയും റിലയൻസിനു കീഴിലുള്ള നവിമുംബൈ സെസ് കമ്പനിക്ക് 20 കോടിയും മുംബൈ സെസ് കമ്പനിക്ക് 10 കോടിയുമാണ് സെബി പിഴയിട്ടിരിക്കുന്നത്. 2007-ൽ റിലയൻസ് പെട്രോളിയത്തിന്റെ ഫ്യൂച്ചർ സെഗ്മെന്റിലെ വില ഇടിക്കുന്നതിനായി സെറ്റിൽമെന്റിനു പത്തുമിനിറ്റുമുമ്പ് അഞ്ചു ശതമാനത്തിനടുത്ത് ഓഹരികൾ റിലയൻസ് ഇൻഡസ്ട്രീസ് വിറ്റഴിച്ചെന്നാണ് സെബി കണ്ടെത്തിയിരിക്കുന്നത്. ഇതിനായി 12 ഏജന്റുമാരെ റിലയൻസ് നിയോഗിച്ചതായും ഇടപാടിനുള്ള പണം നൽകിയത് നവിമുംബൈ, മുംബൈ സെസ് കമ്പനികളാണ്. ഇടപാടു പൂർത്തിയാക്കി ലാഭമായി കിട്ടിയ തുക ഏജന്റുമാർ പിന്നീട് റിലയൻസ് ഇൻഡസ്ട്രീസിനു കൈമാറുകയായിരുന്നുവെന്നും സെബി പറയുന്നു.

വിപണിയിലെ ഇത്തരം ഇടപെടലുകൾ നിക്ഷേപകരുടെ ആത്മവിശ്വാസം ചോർത്തുന്നതാണെന്നു ചൂണ്ടിക്കാട്ടിയാണ് സെബി പിഴ ചുമത്തിയിരിക്കുന്നത്. കേസിൽ 2017 മാർച്ചിൽ റിലയൻസ് ഇൻഡസ്ട്രീസിന് 447 കോടിരൂപ പിഴയിട്ടിരുന്നു. എന്നാൽ റിലയൻസ് ഇതിനെതിരേ സെക്യൂരിറ്റീസ് അപ്പലറ്റ് ട്രിബ്യൂണലിനെ സമീപിച്ചു. 2020 നവംബറിൽ ട്രിബ്യൂണൽ അപ്പീൽ തള്ളി. തുടർന്ന് സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ് കമ്പനിയിപ്പോൾ.