പ്രായാധിക്യത്തോടൊപ്പം സാധാരണയായി ഉണ്ടാകാറുള്ള ഒരു രോഗാവസ്ഥയാണ് മാക്കുലാർ ഡിറ്റിരിയോറേഷൻ എന്ന അന്ധത. സാധാരണയായി 55 വയസ്സ് കഴിഞ്ഞവരിലാണ് ഇത് കണ്ടുവരുന്നത്. വേദനയില്ലാത്ത, എന്നാൽ ചികിത്സിച്ചു ഭേദമാക്കാൻ കഴിയാത്ത ഒന്നായിരുന്നു ഈ അസുഖം. സാവധാനത്തിൽ കാഴ്‌ച്ച ശക്തി നശിക്കുന്ന ഈ രോഗത്തിനുള്ള മരുന്നായ ബ്രോലുസിസുമാബ് എന്ന ഔഷധത്തിന് അവസാനം എൻ എച്ച് എസ് അധികൃതർ അംഗീകാരം നൽകിയിരിക്കുകയാണ്.

നിലവിൽ ഈ അവസ്ഥയിലെത്തുന്നവരെ എല്ലാം മാസവും ആശുപത്രികളിൽ എത്തിച്ച് കുത്തിവയ്പ് നടത്തണമായിരുന്നു. ഇത് രോഗത്തെ പ്രതിരോധിക്കുവാൻ പ്രാപ്തമല്ലെങ്കിലും രോഗപുരോഗതിയേ മന്ദീഭവിപ്പിക്കും എന്നതായിരുന്നു ഇതിന്റെ പ്രയോജനം. എന്നാൽ ഈ പുതിയ ഔഷധം 12 ആഴ്‌ച്ചകൾ കൂടുമ്പോൾ ഒരിക്കൽ മാത്രം എടുത്താൽ മതി. ചില രോഗികളിൽ ഈ കാലാവധി ഇതിലും അധികമായിരിക്കുകയും ചെയ്യും.

ഇതിന്റെ മറ്റൊരു ഗുണം, ഇത് പരീക്ഷിക്കുന്ന വേളയിൽ ഈ മരുന്ന് നൽകിയ രോഗികളിൽ മൂന്നിലൊരു ഭാഗം രോഗികൾക്ക് കാഴ്‌ച്ചശക്തി മെച്ചപ്പെടുത്താനായി എന്നതുകൂടിയാണ്. കഷ്ടി നാലാഴ്‌ച്ചകൾക്കുള്ളിൽ തന്നെ ഇവർക്ക് കാഴ്‌ച്ചശക്തിയിൽ കാര്യമായ പുരോഗതി കൈവരിക്കാനായി. അതേസമയം. പഴയ മരുന്ന് നൽകുമ്പോൾ ചുരുങ്ങിയത് ആറുമാസമെങ്കിലും സ്ഥിരമായി നൽകിയാൽ മാത്രമേ അല്പമെങ്കിലും പുരോഗതി കൈവരിക്കാൻ കഴിയുമായിരുന്നുള്ളു.

ബ്രിട്ടനിൽ മാത്രം പ്രായാധിക്യത്താൽ മാക്കുലാർഡീജനറേഷൻ അഥവാ എ എം ഡി ബാധിച്ച 7 ലക്ഷം പേരെങ്കിലുമുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. പ്രായം, ചില ജനിതക തകരാറുകൾ പുകവലി എന്നിവയൊക്കെയാണ് ഇതിന് കാരണമായി പറയപ്പെടുന്നത്. 65 വയസ്സിന് മേൽ പ്രായമുള്ളവരിൽ 20 ൽ ഒരാൾക്കും 80 വയസ്സിന് മേൽ പ്രായമുള്ളവരിൽ 10 ൽ ഒരാൾക്കും വീതം ഇത് കണ്ടുവരുന്നുണ്ട്.

വെറ്റ് എ എം ഡി, ഡ്രൈ എ എം ഡി എന്നിങ്ങനെ രണ്ടുവിധത്തിലുള്ള എ എം ഡികളാണ് ഉള്ളത്. കണ്ണുകൾക്കുള്ളിലെമാക്കുല എന്നകോശങ്ങൾ ക്ഷയിക്കുന്നതു മൂലമാണ് ഇതുണ്ടാകുന്നത്. കണ്ണുകൾക്ക് പുറകിലായുള്ള, പ്രകാശ സംവേദനക്ഷമമായ, വിശദമായ കാഴ്‌ച്ച സാധ്യമാക്കുന്ന ഭാഗമാണ് മാക്കുല. എ എം ഡി രോഗികൾക്ക് രൂപങ്ങൾ വ്യക്തമായി കാണാൻ ആകില്ല. കാഴ്‌ച്ചയിൽ ഒരു മൂടൽ അനുഭവപ്പെടുകയാണ് പതിവ്. ആളുകളെ കാണാനാകുമെങ്കിലും മുഖം തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ.

രണ്ടു കണ്ണുകളേയും എ എം ഡി ബാധിക്കാമെങ്കിലും കണ്ണുകളിൽ ഈ രോഗാവസ്ഥയ്ക്ക് ഉണ്ടാകുന്ന പുരോഗതിയുടെ വേഗതയിൽ വ്യത്യാസമുണ്ടാകും. പത്ത് എ എം ഡി കേസുകളിലും ഒമ്പതെണ്ണം ഡ്രൈ എ എം ഡി ആയിരിക്കും. മാക്കുലയുടെ കീഴിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതുമൂലമാണ് ഇത് ഉണ്ടാകുന്നത്. വർഷങ്ങൾക്കൊണ്ട് കാഴ്‌ച്ചശക്തി സാവധാനം കുറഞ്ഞുവരും. ഇതിന് പ്രത്യേകിച്ച് ചികിത്സയൊന്നും ലഭ്യമല്ലെങ്കിലും വെറ്റ് എ എം ഡിയുടെ അത്ര ഗുരുതരമായ ഒന്നല്ല ഇത്. കണ്ണിൽ പ്രോട്ടിന്റെ അംശം കൂടുമ്പോഴാണ് വെറ്റ് എ എം ഡി ഉണ്ടാകുന്നത്.

ഇതിന്റെ ഫലമായി പുതിയ രക്തവാഹിനികൾ രൂപപ്പെടും അങ്ങനെ കണ്ണിൽരക്തമോട്ടം വർദ്ധിക്കുകയും ഇതുവഴി ചെറിയ, ക്രമരഹിതമായ രക്തവാഹിനികൾ റെറ്റിനക്ക് കീഴിലായി രൂപപ്പെടുകയും ചെയ്യും. ഇത് തീരെ ദുർബലമായതും പൊട്ടി രക്തം പുറത്തേക്ക് ഒലിക്കുവാൻ സാധ്യതയുള്ളതുമാണ്. ഇത് സമയത്ത് ചികിത്സിച്ചില്ലെങ്കിൽ ഒരു പക്ഷെ പൂർണ്ണ അന്ധത വന്നേക്കാം. ഇപ്പോൾ കണ്ടുപിടിച്ചിട്ടുള്ള പുതിയ മരുന്ന് ക്രമരഹിതമായ രക്തവാഹിനികളുടെ രൂപീകരണം തടയുകയാണ് ചെയ്യുന്നത്.