പുതിയ അംഗങ്ങൾക്ക് ഉയർന്ന പെൻഷൻ ലഭ്യമാക്കുന്ന പദ്ധതിയുമായി ഇപിഎഫ്ഒ. ഇപിഎഫ് ഫണ്ടിൽനിന്നു പെൻഷൻ നൽകുന്ന നിലവിലെ രീതിക്കു പകരം ഓരോ അംഗത്തിന്റെയും അക്കൗണ്ടിലെത്തുന്ന വിഹിതത്തിന് ആനുപാതികമായി പെൻഷൻ നൽകുന്ന പദ്ധതിക്കാണ് ഇപിഎഫ്ഒ രൂപം കൊടുക്കുന്നത്. 1995ലെ എംപ്ലോയീസ് പെൻഷൻ സ്‌കീമിൽ മാറ്റം വരുത്തിയാണ് പിഎഫ് പെൻഷൻ ഉയർത്തുന്ന പദ്ധതിക്ക് രൂപം കൊടുക്കുന്നത്.

ഇതുസംബന്ധിച്ച് ഇപിഎഫ്ഒ ബോർഡ് അംഗങ്ങളുടെ സമിതി നിർദ്ദേശം സമർപ്പിച്ചു. പാർലമെന്ററി സ്ഥിരംസമിതിയും ഇതു പരിഗണിക്കുന്നുണ്ട്.എന്നാൽ, നിലവിലെ അംഗങ്ങളുടെ പെൻഷൻ രീതിയിൽ മാറ്റം ഉദ്ദേശിക്കുന്നില്ല. ശമ്പളത്തിന്റെ 12% തൊഴിലാളിവിഹിതവും തുല്യ ശതമാനം തൊഴിലുടമവിഹിതവുമാണ് ഇപിഎഫിൽ അടയ്ക്കുന്നത്. ഇതിൽ തൊഴിലുടമവിഹിതത്തിലെ 8.33% പെൻഷൻ സ്‌കീമിലേക്ക് (ഇപിഎസ്) പോകും. എന്നാൽ, പരമാവധി ശമ്പളം 15,000 രൂപ എന്ന പരിധി നിശ്ചയിച്ചിരിക്കുന്നതിനാൽ ഇതു പ്രതിമാസം 1250 രൂപ വരയേ വരൂ.

പെൻഷൻ കണക്കാക്കുന്നതും ഈ പരിധി പ്രകാരമായതിനാലാണ് ഉയർന്ന ശമ്പളമുള്ളവർക്കും നിലവിൽ തുച്ഛമായ ഇപിഎഫ് പെൻഷൻ ലഭിക്കുന്നത്. പുതിയ പദ്ധതിയിൽ 15,000 രൂപയ്ക്കു മുകളിലാണു ശമ്പളമെങ്കിലും അതിന് ആനുപാതികമായ വിഹിതം പെൻഷൻ ഫണ്ടിലേക്ക് അടയ്ക്കാനാകും.