കണ്ണൂർ: ഒറ്റമകനേ ഉള്ളു എങ്കിലും വിവാഹം എത്രയും ലളിതമാക്കാമോ അത്രയും ലളിതമാക്കണമെന്നായിരുന്നു മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ ആഗ്രഹം. പിതാവിന്റെ ആ ആഗ്രഹത്തിന് മകനും ഒട്ടും എതിരല്ലായിരുന്നു. അങ്ങനെ ആഡംബരങ്ങളേതുമില്ലാതെ മന്ത്രിപുത്രൻ വിവാഹിതനായി. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ മകൻ ആണെങ്കിലും സ്വന്തം വ്യക്തിത്വത്തിൽ അറിയപ്പെടാനാണ് മിഥുന് ആഗ്രഹം. അതുകൊണ്ട് തന്നെ സംഗീതജ്ഞൻ എന്ന പേരിലാണ് മിഥുൻ അറിയപ്പെടുന്നതും.

'അവിയൽ' ഓർക്കസ്ട്രയിലെ ഡ്രമ്മറുമായ മിഥുന്റെ വിവാഹമാണ് അതീവ ലളിതമായി നടന്നത്. രാമചന്ദ്രൻ കടന്നപ്പള്ളിയുടെയും ടി.എം.സാവിത്രിയുടെയും ഏക മകനാണു മിഥുൻ. കക്കാട് കുഞ്ഞിപ്പള്ളി സ്വദേശിനി ബിജി ബാലനാണു വധു. ഇരുവരുടേതും പ്രണയ വിവാഹമാണ്. മകൻ തന്റെ ഇഷ്ടം പിതാവിനെ അറിയിച്ചപ്പോൾ തന്നെ മകന്റെ ആഗ്രഹത്തിന് പച്ചക്കൊടി കാട്ടുകയായിരുന്നു പിതാവ്. വാക്കിൽ മാത്രമല്ല പ്രവൃത്തിയിൽ വളരെ ലളിതമായിരുന്നു വിവാഹം. സാധാരണക്കാരെ പോലും അമ്പരപ്പിക്കുന്ന ലാളിത്യമാണ് വിവാഹ വേദിയിലും നിറഞ്ഞു നിന്നത്.

ആളുംബഹളവും ഒഴിവാക്കാൻ കണ്ണൂർ കിഴുന്നയിലെ കടലോരത്തുള്ള റിസോർട്ടിലെ ഓപ്പൺ സ്റ്റേജിൽ വിവാഹച്ചടങ്ങ് നടത്തിയത്. നിലവിളക്കും തെങ്ങിൻപൂക്കുലയും കുറച്ചു പൂക്കളും മാത്രമായിരുന്നു വേദിയിലെ അലങ്കാരം. പരമാവധി 100 പേർ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. അഞ്ചോ ആറോ പേരെ ഒഴിച്ചു നിർത്തിയാൽ മറ്റെല്ലാവരും ബന്ധുക്കൾ ആയിരുന്നു. ഒരു വിഐപി പോലും പങ്കെടുക്കാതെയാണു വിവാഹച്ചടങ്ങ് നടന്നത്.

മുഖ്യമന്ത്രിയടക്കം എല്ലാ മന്ത്രിമാരെയും എംഎൽഎമാരെയും വിവിധ പാർട്ടികളുടെ സംസ്ഥാന, ജില്ലാ നേതാക്കളെയുമെല്ലാം മന്ത്രി കല്യാണവിവരം അറിയിച്ചിരുന്നു. എന്നാൽ, എല്ലാവരോടും ഒരഭ്യർഥന നടത്തി- പ്രാർത്ഥനയും ആശംസയും മാത്രം മതി, സന്ദർശനം വേണ്ട! കോവിഡ് പ്രോട്ടോക്കോൾ ലംഘനം ഒരു തരത്തിലും ഉണ്ടാകരുതെന്ന നിർബന്ധമായിരുന്നു ഒരു കാരണം. രണ്ടാമത്തേത്, ഏറ്റവും ലളിതമായി വിവാഹച്ചടങ്ങ് നടക്കണമെന്ന ആഗ്രഹവും. വേഷത്തിൽ മാത്രമല്ല, പ്രവൃത്തിയിലും ലാളിത്യമുണ്ടെന്നു കടന്നപ്പള്ളി തെളിയിച്ചു.

തിരുവനന്തപുരത്തെ 'അവിയൽ' ഓർക്കസ്ട്രയിലെ ഡ്രമ്മറാണ് മിഥുൻ. അച്ഛന്റെ ലേബലിൽ ഒതുങ്ങാതെ കലാലോകത്തേക്ക് ഇറങ്ങിയ മിഥുൻ സംഗീതജ്ഞൻ എന്ന നിലയിൽ സ്വന്തം വ്യക്തിത്വം നേടി എടുത്തു. വിവാഹ വേദിയിൽ എപ്പോഴും കാണുന്ന വേഷത്തിൽ അച്ഛന്റെ റോളിൽ മന്ത്രി വേദിയിലും ക്ഷണിക്കപ്പെട്ടവർക്കിടയിലുമായി ഓടിനടന്നു. വധൂവരന്മാർ ഒഴികെ, മന്ത്രിയടക്കം എല്ലാവരുടെയും മുഖത്ത് മാസ്‌ക്. വന്നവർക്കെല്ലാം ഇലയിട്ട് ഒരു സാദാ വെജിറ്റേറിയൻ സദ്യ.

മകന്റെ വിവാഹം നടന്നു കാണാനുള്ള ഏറെക്കാലത്തെ ആഗ്രഹവും പ്രാർത്ഥനയുമാണു യാഥാർഥ്യമായതെന്നു മന്ത്രി പറഞ്ഞു. മിഥുന് 35 വയസ്സ് കഴിഞ്ഞു. കാത്തിരിപ്പിനൊടുവിൽ മകനെ നന്നായി മനസ്സിലാക്കുന്ന ഒരാളെത്തന്നെ കിട്ടിയെന്ന സന്തോഷവുമുണ്ട് മന്ത്രിക്ക്. മിഥുനെപ്പോലെ ബിജിയും കലാകാരിയാണ്. ഭരതനാട്യത്തിൽ രണ്ടാം റാങ്കോടെയാണു കണ്ണൂർ സർവകലാശാലയിൽനിന്നു പഠിച്ചിറങ്ങിയത്. ഇരുവരും ഇഷ്ടം അവതരിപ്പിച്ചപ്പോൾ നിറഞ്ഞ മനസ്സോടെ മന്ത്രി സമ്മതം മൂളുകയായിരുന്നു.