- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വീണ്ടും തനിയാവർത്തനം; ബ്രിട്ടനിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ബോറിസ് ജോൺസൺ; സ്‌കൂളുകൾ അടക്കം സകല സ്ഥാപനങ്ങളും കടകളും അടഞ്ഞു; വീടിന് പുറത്തിറങ്ങിയാൽ കനത്ത പിഴ; ഫെബ്രുവരി അവസാനം വരെ യുകെയിൽ എല്ലാം അടഞ്ഞു കിടന്നേക്കും
അങ്ങനെ കാത്തിരുന്ന മൂന്നാം ദേശീയ ലോക്ക്ഡൗണും എത്തി. ഒരുപക്ഷെ കഴിഞ്ഞ മാർച്ചിൽ നിലനിന്നിരുന്നതിനേക്കാൾ കൂടുതൽ കർശനമായ നിയന്ത്രണങ്ങളോടെയുള്ള ലോക്ഡൗൺ ഇംഗ്ലണ്ടിൽ നിലവിൽ വന്നു. വാക്സിനേഷൻ പരിപാടി ഊർജ്ജിതമായി നടപ്പാക്കുന്നതിനിടയിൽ, ജനിതകമാറ്റം സംഭവിച്ച പുതിയ വൈറസ് രോഗവ്യാപനം കൂടുതൽ ശക്തമാക്കിയതോടെയാണ് ഇത്തരത്തിലൊരു നടപടിയിലേക്ക് സർക്കാർ നീങ്ങിയത്. ഫെബ്രുവരി അവസാനം വരെ ഈ ലോക്ക്ഡൗൺ നിലനിൽക്കും എന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ.
ഇന്നലെയാണ് ബോറിസ് ജോൺസൺ എല്ലാ രക്ഷകർത്താക്കളോടും തങ്ങളുടെ കുട്ടികളെ സ്‌കൂളുകളിലേക്ക് അയയ്ക്കണമെന്ന് ആഹ്വാനം നടത്തിയത്. ഇതിന് ഏതാനും മണിക്കൂറുകൾക്ക് ശേഷമാണ് തന്റെ നിലപാടിൽ നിന്നും മലക്കം മറിഞ്ഞ് രാജ്യത്തെ പ്രൈമറി സ്‌കൂളുകൾ ഉൾപ്പടെയുള്ള എല്ലാ സ്ഥാപനങ്ങളും അടച്ചിട്ടുകൊണ്ടുള്ള ലോക്ക്ഡൗൺ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. അവശതയനുഭവിക്കുന്ന കുട്ടികൾക്കും അവശ്യ സർവ്വീസുകളിൽ ജോലിചെയ്യുന്നവരുടെ കുട്ടികൾക്കും മാത്രമായിരിക്കും സ്‌കൂളുകളിൽ പ്രവേശനം ഉണ്ടായിരിക്കുക.
യൂണിവേഴ്സിറ്റി വിദ്യാർത്ഥികളോടും വീടുകളിൽ തുടരാനും ഓൺലൈൻ വഴി പഠനം തുടരാനും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, പരീക്ഷകൾ മുൻകൂട്ടി നിശ്ചയിച്ചതുപോലെ നടക്കും. നഴ്സറികൾക്ക് തുറന്നു പ്രവർത്തിക്കാം. അത്യാവശ്യമല്ലാത്ത സാധനങ്ങൾ വിൽക്കുന്ന ചില്ലറ വില്പന ശാലകൾ, ഹോസ്പിറ്റാലിറ്റി മേഖല, ജിം, സ്വിമ്മിങ് പൂളുകൾ, മറ്റ് വിനോദകേന്ദ്രങ്ങൾ എന്നിവ പൂർണ്ണമായും അടഞ്ഞു കിടക്കും. എന്നാൽ, കഫേകൾ, ബാറുകൾ, റെസ്റ്റോറന്റുകൾ എന്നിവക്ക് ടേക്ക് എവേ സേവനം മാത്രം നൽകാനുള്ള അനുവാദം നൽകിയിട്ടുണ്ട്.
കഴിഞ്ഞ ലോക്ക്ഡൗണിന് വിരുദ്ധമായി ഇത്തവണ മദ്യം വിൽക്കുവാനുള്ള അനുവാദം ഇല്ല. അതേസമയം, സാമൂഹിക അകലം പാലിച്ച് സമൂഹ ആരാധനകൾ നടത്താം. ജോലിക്ക് പോകാൻ, അത്യാവശ്യ സാധനങ്ങൾ വാങ്ങുവാൻ, കായികാഭ്യാസത്തിന്, മറ്റൊരാളെ ശുശ്രൂഷിക്കുവാൻ, ആരോഗ്യ സംബന്ധിയായ കാര്യങ്ങൾക്ക് എന്നിങ്ങനെ അഞ്ച് കാര്യങ്ങൾക്കായി മാത്രമെ പൊതുജനങ്ങൾക്ക് വീടിന് പുറത്തിറങ്ങാൻ അനുവാദമുള്ളു. ഇന്നലെ പാതിരാത്രി കഴിഞ്ഞ ഉടനെ നിലവിൽ വന്ന പുതിയ ലോക്ക്ഡൗൺ തീരുമാനം ഇന്ന് പാർലമെന്റിൽ ചർച്ചക്കെത്തും. എന്നാൽ, ഇത് പാർലമെന്റിൽ തീർച്ചയായും പാസ്സാകും എന്നതിൽ സംശയമൊന്നുമില്ല.
ചുരുങ്ങിയത് ഏഴ് ആഴ്‌ച്ചകളെങ്കിലും ഈ നിയന്ത്രണം നിലനിൽക്കും എന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ. വാക്സിൻ പദ്ധതി വേണ്ടത്ര വേഗത്തിൽ നടപ്പാക്കാൻ ആയില്ലെങ്കിൽ ഇത് പിന്നെയും നീണ്ടേക്കും. കഴിഞ്ഞ ഒരാഴ്‌ച്ചകൊണ്ട് ആശുപത്രിയിലെത്തുന്ന കോവിഡ്ര് രോഗികളുടെ എണ്ണം 40 ശതമാനത്തോളം വർദ്ധിച്ചതോടെയാണ് ഇത്തരമൊരു കടുത്ത നീക്കത്തിലേക്ക് നീങ്ങാൻ സർക്കാർ നിർബന്ധിതമായത്.
ഇംഗ്ലണ്ടിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനു പിന്നാലെ കർശനമായ സ്റ്റേ അറ്റ് ഹോം നിയമവുമായി സ്‌കോട്ടിഷ് പ്രധാനമന്ത്രി നിക്കോളസ്റ്റർജനും രംഗത്തെത്തി. സ്‌കൂളുകൾ ഉൾപ്പടെയുള്ള സ്ഥാപനങ്ങൾ എല്ലാം തന്നെ ഫെബ്രുവരി വരെ അടഞ്ഞു കിടക്കും. ഇതുവരെ രാജ്യത്ത് ഉണ്ടായിരുന്ന ഏക ടയർ-1 മേഖലയായ സിസിലി ഐൽസിലും ലോക്ക്ഡൗൺ പ്രാബല്യത്തിൽ വരും. വാക്സിൻ ഫലവത്തായി വൈറസ് വ്യാപനത്തിൽ കാര്യമായ കുറവ് ദർശിച്ചാൽ ലോക്ക്ഡൗൺ നീക്കി പഴയ ടയർ സമ്പ്രദായത്തിലേക്ക് പോകുമെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
സ്‌കോട്ട്ലാൻഡിലും അത്യാവശ്യ കാര്യങ്ങൾക്കും കായിക വ്യായാമത്തിനും അല്ലാതെ വീടുകൾക്ക് പുറത്തിറങ്ങാനുള്ള അനുവാദമില്ല. ജനുവരി 18 ന് തുറക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന സ്‌കൂളുകൾ തുറക്കുന്നത് ഫെബ്രുവരി 1 വരെ നീട്ടി. അതുപോലെ, സാധ്യമായവരോടെല്ലാം വീടുകളിൽ ഇരുന്ന് ജോലിചെയ്യുവാനുള്ള നിർദ്ദേശവും നൽകിയിട്ടുണ്ട്. രണ്ട് വ്യത്യസ്ത വീടുകളിൽ താമസിക്കുന്ന പരമാവധി രണ്ടുപേർക്ക് മാത്രമാണ് കൂട്ടം ചേരാനുള്ള അനുവാദം. ആരാധനാലയങ്ങൾ അടച്ചിടുമെങ്കിലും വിവാഹച്ചടങ്ങുകളും മരണ ശുശ്രൂഷയും നടത്താവുന്നതാണ്.
പരമാവധി 20 പേർക്കായിരിക്കും ഇവിടെ മരണാനന്തര കർമ്മങ്ങളിൽ പങ്കെടുക്കാൻ അനുവാദമുണ്ടായിരിക്കുക. എന്നാൽ വിവാഹ ചടങ്ങിൽ അഞ്ച് പേർക്ക് മാത്രമേ പങ്കെടുക്കാനുള്ള അനുവാദമുള്ളു. രോഗ്യവ്യാപനം കൂടുതൽ കടുക്കുവാൻ തുടങ്ങിയതോടെയാണ് ഇത്തരത്തിൽ കടുത്ത നിയന്ത്രണങ്ങൾ ആവശ്യമായി വന്നതെന്ന് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജൻ പറഞ്ഞു. ഡിസംബർ 26 മുതൽ നോർത്തേൺ അയർലൻഡിൽ ലോക്ക്ഡൗൺ പ്രാബല്യത്തിൽ ഉണ്ട്. വെയിൽസിലും ജനുവരി അവസാനം വരെ ലോക്ക്ഡൗൺ തുടരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ചുരുക്കത്തിൽ ഇതോടെ മാർച്ചിലെ സാഹചര്യത്തിന് സമാനമായി ബ്രിട്ടൻ മുഴുവൻ വീണ്ടും ഒരു സമ്പൂർണ്ണ ലോക്ക്ഡൗണിലേക്ക് നീങ്ങുകയാണ്.