നിയമത്തിനു മുന്നിൽ സാധാരണക്കാരും നിയമനിർമ്മാണം നടത്തുന്നവരും തുല്യരാണ് എന്നതാണ് ജനാധിപത്യത്തിന്റെ കാതൽ. ഇത് പലപ്പോഴും മറിച്ചാണ് സംഭവിക്കാറ്. പ്രത്യേകിച്ചും ഇന്ത്യ പോലുള്ള ജനാധിപത്യ രാജ്യങ്ങളിൽ നിയമപരിരക്ഷ ഇല്ലാത്ത കാര്യങ്ങളിൽ പോലും, എന്തെങ്കിലും കുറ്റങ്ങൾ കണ്ടുപിടിച്ചാൽ ഒരു ജനപ്രതിനിധിയെ അറസ്റ്റ് ചെയ്യുക എന്നത് വളരെയേറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പണവും സ്വാധീനവുമൊക്കെ കളിക്കാൻ ഇറങ്ങുമ്പോൾ നീതിയും നിയമവുമൊക്കെ പലപ്പോഴും കണ്ണടയ്ക്കാറാണ് പതിവ്. എന്നാൽ, ബ്രിട്ടനിൽ കാര്യങ്ങൾ അല്പം വ്യത്യസ്തമാണ്.

സ്‌കോട്ടിഷ് നാഷണൽ പാർട്ടി എം പി മാർഗരറ്റ് ഫെറിയർ അറസ്റ്റുചെയ്യപ്പെട്ടത് കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിനാണ്. കഴിഞ്ഞ വർഷം അവർ ഗ്ലാസ്ഗോയിൽ നിന്നും ബ്രിട്ടീഷ് പാർലമെന്റിന്റെ സമ്മേളനത്തിൽ പങ്കെടുക്കാൻ വേണ്ടി ട്രെയിൻ യാത്ര നടത്തിയത് കോവിഡ് പരിശോധനാ ഫലം കാത്തിരിക്കുന്ന വേളയിലായിരുന്നു. സമ്മേളനം കഴിഞ്ഞ് തിരികെ മടങ്ങുന്ന വേളയിലാണ് ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചുകൊണ്ടുള്ള റിപ്പോർട്ട് ലഭിക്കുന്നത്. ഇതിനെ തുടർന്ന് തിങ്കളാഴ്‌ച്ച് ഇവരെ സ്‌കോട്ട്ലാൻഡ് പൊലീസ് അറസ്റ്റ് ചെയ്തു.

2020 സെപ്റ്റംബർ 26 നും 29 നും ഇടയിൽ നടന്ന ഈ സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണത്തിന് ശേഷമാൺ1 സ്‌കോട്ട്ലാൻഡ് പൊലീസ്, സ്‌കോട്ട്ലാൻഡിലെ ഭരണകക്ഷിയുടെ എം പി കൂടിയായ ഇവരെ അറസ്റ്റ് ചെയ്തത്. അതേസമയം എം പി ക്കെതിരെ കൂടുതൽ നടപടികൾ എടുക്കില്ലെന്ന് കഴിഞ്ഞ ഒക്ടോബറിൽ തന്നെ മെട്രോപോളിറ്റൻ പൊലീസ് അറിയിച്ചിരുന്നു. ഈ വാർത്ത പുറത്തുവന്ന ഉടനെ അവരോട് എം പി സ്ഥാനം രാജിവയ്ക്കാൻ പാർട്ടി നേതൃത്വം ആവശ്യപ്പെട്ടെങ്കിലും അവർ തയ്യാറായില്ല. പിന്നീട് അവരെ പാർട്ടിയിൽ നിന്നും പുറത്താക്കുകയായിരുന്നു.

നേരത്തേ ഫെറിയറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധങ്ങൾ നടത്തിയിരുന്ന സ്‌കോട്ടിഷ് ലേബർ പാർട്ടി ഈ അറസ്റ്റിനു ശേഷം നിലപാട് കൂടുതൽ കടുപ്പിച്ചിട്ടുണ്ട്. നിയമങ്ങളെ ബഹുമാനിക്കാത്ത ഒരാൾക്ക് ജനങ്ങളെ പ്രതിനിധാനം ചെയ്യുവാനുള്ള ധാർമ്മികമായ അവകാശം ഇല്ലെന്നാണ് അവർ ചൂണ്ടിക്കാട്ടുന്നത്. അതേസമയം ഫെറിയറിനെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തിരിക്കുന്നതിനാൽ ഇപ്പോൾ പ്രതികരിക്കുന്നില്ല എന്നാണ് എസ് എൻ പി വക്താവ് അറിയിച്ചത്.

ഫെറിയർ സ്പെറ്റംബർ 26 നാണ് രോഗപരിശോധനയ്ക്ക് വിധേയയായത്. രണ്ടു ദിവസം കഴിഞ്ഞ് അവർ ലണ്ടനിലേക്ക് യാത്ര തിരിക്കുകയും ചെയ്തു. ഹെൽത്ത്‌പ്രൊട്ടക്ഷൻ റെഗുലേഷൻ 2020 നിലവിൽ വന്നത് സെപ്റ്റംബർ 29 ന് ആയതിനാൽ ഫെറിയറിനു മേൽ ഈ നിയമം അനുസരിച്ച് കേസെടുക്കാൻ കഴിയില്ലെന്ന നിലപാടിലായിരുന്നു മെട്രോപോളിറ്റൻ പൊലീസ്. അതുകൊണ്ടു തന്നെ ഈ കേസ് സ്‌കോട്ട്ലാൻഡ് പൊലീസിന് റേഫർ ചെയ്യുകയായിരുന്നു. പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്യപ്പെട്ട ഇവർ ഇപ്പോൾ സ്വതന്ത്ര എം പി ആണ്