വാകിസിനുകൾ വികസിക്കുന്നതിനൊപ്പംതന്നെ വികസിച്ചുവന്ന ചരിത്രമാണ് വാക്സിൻ വിരുദ്ധതയ്ക്കും ഉള്ളത്. സ്വന്തം ശരീരത്തിനു മേൽ സർക്കാർ അവകാശം ഉറപ്പിക്കുന്നു എന്നതായിരുന്നു ആദ്യകാലങ്ങളിൽ വാക്സിൻ വിരുദ്ധർ ഇതിനെ എതിർക്കാനുള്ള കാരണമായി പറഞ്ഞിരുന്നതെങ്കിൽ പിന്നീട് പല ഗൂഢാലോചനകളും, സാമ്പത്തിക ലക്ഷ്യവുമൊക്കെയായി ബന്ധപ്പെടുത്തി നിരവധി കാരണങ്ങൾ അവർക്ക് നിരത്താനുണ്ടായി. ഈ വാക്സിൻ വിരുദ്ധതയ്ക്ക് കൂടുതൽ ശക്തിപകരുവാൻ സഹായിക്കുന്ന ഒരു സംഭവമാണ് പോർച്ചുഗലിലെപോർട്ടോ നഗരത്തിൽ നടന്നത്.

സോണിയ അസെവെഡോ എന്ന 42 കാരിയായ ആരോഗ്യപ്രവർത്തക ഫൈസറിന്റെ കൊറോണ വാക്സിൻ സ്വീകരിച്ച് രണ്ടു ദിവസം കഴിഞ്ഞപ്പോൾ മരണമടഞ്ഞു. പോർട്ടോയിലെ പോർച്ചുഗീസ് ഇൻസ്റ്റിറ്റിയുട്ട് ഓഫ് ഓങ്കോളജിയിൽ പീഡിയാട്രിക്സ് വിഭാഗത്തിലെ ആരോഗ്യ പ്രവർത്തകയായിരുന്ന ഇവർ മരണമടഞ്ഞത് വാക്സിന്റെ പാർശ്വഫലങ്ങൾ നിമിത്തമാണെന്നാണ് ഇപ്പോൾ ഉയരുന്ന വാദം. യഥാർത്ഥ മരണകാരണം കണ്ടുപിടിക്കുവാനുള്ള ഓട്ടോപ്സി ഇന്നോ നാളെയോ മാത്രമേ നടക്കുകയുള്ളു.

രണ്ടു കുട്ടികളുടെ അമ്മയായ സോണിയയ്ക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നുംതന്നെ ഇല്ലായിരുന്നു എന്നാണ് അവരുടെ പിതാവ് അബിലോ അസെവെഡോ വെളിപ്പെടുത്തിയത്.തന്റെ മകൾ കോവിഡ് വാക്സിൻ എടുത്തു എന്ന് പറയുന്ന അയാൾ പറഞ്ഞത് കോവിഡിന്റെ ഒരു ലക്ഷണവും അവർ കാണിച്ചിരുന്നില്ല എന്നാണ്. എന്താണ് സംഭവിച്ചതെന്നറിയില്ല, സത്യം എന്താണെന്ന് അറിയണം, ആ പിതാവ് പറയുന്നു.

അതേസമയം, സോണിയ കോവിഡ് വാക്സിൻ എടുത്തിരുന്നു എന്ന കാര്യം അവർ ജോലി ചെയ്യുന്ന ഇൻസ്റ്റിറ്റിയുട്ട് അധികൃതരും സ്ഥിരീകരിക്കുന്നുണ്ട്. എന്നാൽ, കുത്തിവയ്പ് നടത്തിയ സമയത്തോ അതിന് മണിക്കൂറുകൾക്ക് ശേഷമോ ഗുരുതരമായ പാർശ്വഫലങ്ങളൊന്നും തന്നെ ദൃശ്യമായിരുന്നില്ല എന്നും അവർ പറയുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ എടുക്കാറുള്ള നടപടിക്രമങ്ങൾക്ക് ശേഷം മാത്രമേ യഥാർത്ഥ മരണകാരണം വെളിപ്പെടുത്താൻ കഴിയു എന്നും അധികൃതർ അറിയിച്ചു. ദേശീയതലത്തിലും അന്തർദേശീയ തലത്തിലും ഏറെ പേരുകേട്ട കാൻസർ ചികിത്സാ കേന്ദ്രത്തിൽ കഴിഞ്ഞ പത്തു വർഷമായി ജോലി ചെയ്യുകയാണിവർ.

പോർട്ടോയ്ക്ക് സമീപമുള്ള മയിയയിലാണ് അവർ കുടുംബസമേതം താമസിച്ചിരുന്നത് എന്നാൽ തൊട്ടടുത്തുള്ള ട്രോഫയിലെ തന്റെ പങ്കാളിയുടെ വീട്ടിൽ വച്ചാണ് ഇവർ പുതുവത്സര ദിനത്തിൽ മരണമടയുന്നത്. പ്രതിരോധ കുത്തിവയ്പ് എടുത്ത ഉടനെ തന്നെ അവർ തന്റെ ഫേസ്‌ബുക്ക് പ്രൊഫൈൽ പിക്ച്ചർ മാറ്റിയിരുന്നു. കോവിഡ്-19 വാക്സിനേറ്റേഡ് എന്ന ആടിക്കുറുപ്പോടെ മാസ്‌കണിഞ്ഞ ഒരു സെൽഫിയായിരുന്നു പുതിയ പ്രൊഫൈൽ ചിത്രമായി പോസ്റ്റ് ചെയ്തത്.

കുത്തിവയ്പിനു ശേഷം, കുത്തിവച്ച ഭാഗത്ത് ചില ചെറിയ അസ്വസ്ഥതകൾ ഉള്ളതായി തന്റെ അമ്മ പരാതി പറഞ്ഞിരുന്നു എന്ന് അവരുടെ മകൾ വാനിയ ഫിഗുരെഡോ പറയുന്നു. അതൊഴിച്ച് മറ്റു പ്രശ്നങ്ങൾ ഒന്നും തന്നെയില്ലായിരുന്നു. ഡിസംബർ 30 ന് കോവിഡ് വാക്സിൻ ലഭിച്ച ഐ പി ഒ യിലെ 538 ജീവനക്കാരിൽ ഒരാളായിരുന്നു സോണിയ.