തൃശ്ശൂർ: മുൻകൂർ അനുമതി വാങ്ങാതെ പ്രമേഹമരുന്ന് വിപണിയിലെത്തിച്ച രണ്ടു കമ്പനികൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകാൻ തീരുമാനം. ഇന്റാസ്, മാൻകൈൻഡ് എന്നീ കമ്പനികൾക്കാണ് നോട്ടീസ് അയച്ചത്. ദേശീയ ഔഷധവിലനിർണയ സമിതിയുടെ യോഗത്തിലാണ് തീരുമാനം്.

ജീവൻരക്ഷാമരുന്ന് പട്ടികയിൽപ്പെടുന്നവയുടെ നിർമ്മാണവും വിപണനവുമെല്ലാം വിലനിയന്ത്രണസമിതിയുടെ കർശന നിരീക്ഷണത്തിലാണ്. ഇതിനു പുറത്തുള്ളവയുടെ കാര്യത്തിലും സമിതിക്ക് വിപുലമായ അധികാരമുണ്ട്. മരുന്നുകൾ വിപണിയിലെത്തിക്കുന്നതിനു മുൻപ് വിലകൾ സംബന്ധിച്ച് അനുമതി വാങ്ങണമെന്നാണ് നിയമം. പ്രമേഹരോഗങ്ങളിൽ ഏറ്റവും വ്യാപകമായി കണ്ടുവരുന്ന വകഭേദമാണ് ടൈപ്പ് ടു വിഭാഗം. ജീവിതശൈലിയിലെ മാറ്റത്തിന്റെ ഭാഗമായി മാത്രം വരുന്നതാണിത്. ശരീരം ആവശ്യത്തിനുള്ള ഇൻസുലിൻ ഉത്പാദിപ്പിക്കാതെ വരുന്നതോ ഇൻസുലിനെ പ്രതിരോധിക്കുന്നതോ ആണ് രോഗകാരണം. ഇത്തരം രോഗികൾക്ക് ഫലപ്രദമായ മരുന്നുസംയുക്തങ്ങൾ പല കമ്പനികളും ഇറക്കുന്നുമുണ്ട്.

ഇതിൽ റെമോഗ്ലിഫോസിൻ എറ്റാബണേറ്റും മെറ്റ്ഫോർമിൻ ഹൈഡ്രോക്ലോറൈഡും ചേർന്ന മരുന്നുകളാണ് വില സംബന്ധിച്ച് മുൻധാരണയില്ലാതെ വിപണിയിലെത്തിച്ചത്. ഇത്തരത്തിൽ മുൻപും ചില കമ്പനികൾക്ക് സമിതി നോട്ടീസ് നൽകിയിട്ടുണ്ട്.