ഫെബ്രുവരി മദ്ധ്യത്തോടെ പ്രായമായവർക്കും അപകട സാധ്യത കൂടുതൽ ഉള്ളവർക്കും വാക്സിൻ നൽകിത്തീരുമെന്ന യുകെ സർക്കാറിന്റെ മുൻ പ്രഖ്യാപനം വെറുമൊരു വീൺവാക്കുമെന്ന അവസ്ഥയിലാണ് ഇപ്പോൾ. അങ്ങനെ സംഭവിക്കുമെന്ന് പ്രത്യാശിക്കുന്നു എന്നാണ് ഇപ്പോൾ അതിനെ കുറിച്ച് ആരോഗ്യ വകുപ്പ് സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറയുന്നത്. ഈ ആഗ്രഹം പ്രായോഗികമാണെങ്കിലും നടക്കാൻ ഏറെ ക്ലേശപ്പെടേണ്ടതായി വരുമെന്നാണ് ചീഫ് മെഡിക്കൽ ഓഫിസർ ക്രിസ് വിറ്റി പറയുന്നത്.

അടുത്ത ആഴ്‌ച്ചത്തേക്ക് നൽകാനുള്ള ഓക്സ്ഫോർഡ് വാക്സിന്റെ രണ്ട് മില്ല്യൺ ഡോസുകൾ ഈ വാരം എത്തും. ഇതുകൊടുത്തു തീർക്കുന്നതിലാണ് യഥാർത്ഥ വെല്ലുവിളി ഇരിക്കുന്നത്. അതേസമയം ഫൈസർ വാക്സിൻ കൈകാര്യം ചെയ്യുക എന്നത് മറ്റൊരു കടുത്ത വെല്ലുവിളിയാണ്. മൈനസ് 70 ഡിഗ്രിയിലാണ് ഫൈസറിന്റെ വാക്സിൻ സൂക്ഷിക്കേണ്ടത്. ഇതാണ് പ്രശ്നമുണ്ടാക്കുന്നത്. എന്നാൽ ഓക്സ്ഫോർഡ് വാക്സിൻ സാധാരണ റഫ്രിജറേറ്ററുകളിൽ സൂക്ഷിച്ചാൽ മതിയാകും.

അതിനിടയിൽ കോവിഡ് നിയന്ത്രണങ്ങൾ അടുത്ത ശൈത്യകാലം വരെ നീട്ടേണ്ടതായി വന്നേക്കാമെന്ന സൂചനയുമായി ചീഫ് മെഡിക്കൽ ഓഫീസർ ക്രിസ് വിറ്റി രംഗത്തെത്തി. ശൈത്യകാലത്ത് വൈറസുകളുടെ വ്യാപനത്തിന് അനുകൂലമായ സാഹചര്യമായതുകൊണ്ടാണ് ഇത്തരത്തിലൊരു മുൻകരുതൽ ആവശ്യമായി വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡിസംബർ 27 നും ജനുവരി 2 നും ഇടയിലുള്ള കാലയളവിൽ 1.1 ദശലക്ഷം പേർക്ക് കോവിഡ് ബാധിച്ചുവെന്നാണ് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് പറയുന്നത്. ഇതുതന്നെ വിന്ററിൽ വ്യാപനതോത് കൂടുമെന്നതിന്റെ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, ഈ അപകടം ക്രമമായി സാവധാനം കുറഞ്ഞുവരുമെന്നും അതിനനുസരിച്ച്, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി സാവധാനം നിയന്ത്രണങ്ങൾക്ക് ഇളവുകൾ നൽകാൻ തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരത്തിൽ നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തുമ്പോഴും, അടുത്ത ശൈത്യകാലത്ത് വീണ്ടും ചില നിയന്ത്രണങ്ങൾ കൊണ്ടുവരേണ്ടതായി വരാം. ശൈത്യകാലം വൈറസുകളുടെ വ്യാപനത്തിന് അനുകൂലമായ സമയമായതുകൊണ്ടാണിതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കൊറോണ വൈറസിന് കൂടെക്കൂടെ മ്യുട്ടേഷൻ സംഭവിക്കുന്നതിനാൽ വാക്സിൻ ഫലവത്താകുമോ എന്ന സംശയവും ഉയർന്നു വരുന്നുണ്ട്. സൗത്ത് ആഫ്രിക്കയിൽ കണ്ട പുതിയ ഇനം വൈറസ് ഒരു പക്ഷെ വാക്സിന്റെ കാര്യക്ഷമതയെ ചോദ്യം ചെയ്തേക്കാം എന്ന് മുഖ്യ ശാസ്ത്രോപദേഷ്ടാവ് സർ പാട്രിക് വാലൻസ് പറയുന്നു. മ്യുട്ടേഷനിലൂടെ ജനിതകഘടന മാറുന്നതിനാൽ, ശരീരത്തിലെ പ്രതിരോധ സംവിധാനത്തിന് ഇവയെ തിരിച്ചറിയാൻ കഴിയുമോ എന്ന കാര്യത്തിലാണ് സംശയം. പക്ഷെ, ഇതുകൊണ്ട് വാക്സിനെ പൂർണ്ണമായി തള്ളീക്കളയുന്നതിൽ അർത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു.