- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്നലെ മാത്രം 61,000 രോഗികൾ; 800 കടന്ന് മരണം; ഒരു രക്ഷയുമില്ലാതെ കൊറോണ പടരുന്നു; സൂപ്പർ മാർക്കറ്റുകളിലേക്ക് ജനപ്രവാഹം; അവശ്യ സാധനങ്ങൾ പോലും ബ്രിട്ടണിൽ ദുർല്ലഭം
ബ്രിട്ടനെ നരകത്തീയിലാഴ്‌ത്തി കൊറോണയുടെ രണ്ടാം താണ്ഡവം. ഇന്നലെ പുതിയതായി 60,916 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ 830 കോവിഡ് മരണങ്ങളാണ് ബ്രിട്ടനിൽ രേഖപ്പെടുത്തിയത്. രോഗ വ്യാപനം കനക്കുകതന്നെയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മാത്രമല്ല, അടുത്തെന്നും ഇത് നിയന്ത്രണവിധേയമാകാനുള്ള സാധ്യതയും കാണുന്നില്ല. കഴിഞ്ഞ ചൊവ്വാഴ്‌ച്ച രേഖപ്പെടുത്തിയതിന്റെ 107.7 ശതമാനം അധികം മരണങ്ങളാണ് ഈ ആഴ്‌ച്ച രേഖപ്പെടുത്തിയത്.
അതേസമയം രോഗവ്യാപന തോതിൽ കഴിഞ്ഞയാഴ്‌ച്ചയിലേതിനേക്കാൾ 14.6 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ ജനങ്ങളിൽ അമ്പതുപേരിൽ ഒരാൾ വീതം രോഗബാധിതരാണെന്ന് ബോറിസ് ജോൺസൺ പ്രഖ്യാപിക്കുന്നതിന് അരമണിക്കൂർ മുൻപാണ് ഈ കണക്കുകൾ പുറത്തുവന്നത്. ഇതുവരെ 1.3 ദശലക്ഷം പേർക്ക് വാക്സിൻ നൽകിയതായും അദ്ദേഹം സൂചിപ്പിച്ചിരുന്നു. അധിക വ്യാപനശേഷിയുള്ള പുതിയ വൈറസ് വ്യാപകമായി പടരുന്നതിനാലാണ് ലോക്ക്ഡൗൺ ഒഴിവാക്കാൻ ആകാതെ പോയതെന്നും അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി പകുതിയോടെ അപകട സാധ്യതയുള്ള എല്ലാവർക്കും വാക്സിൻ നൽകാനാകും എന്നത് ഒരു പാഴ്‌വാക്കാണെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. ഇപ്പോൾ തന്നെ 14.6 ശതമാനത്തിന്റെ വർദ്ധനവ് രോഗവ്യാപനത്തിൽ ഉണ്ടായത് ശൈത്യം കനക്കുന്നതോടെ കാര്യങ്ങൾ കൂടുതൽ വഷളായേക്കാമെന്നതിന്റെ സൂചനയാണെന്ന് പബ്ലിക്‌ഹെൽത്ത് ഓഫ് ഇംഗ്ലണ്ടിന്റെ മെഡിക്കൽ ഡയറക്ടർ ഡോ. വോണെ ഡൊയ്ൽ മുന്നറിയിപ്പ് നൽകി. അതുകൊണ്ടു തന്നെ നിയന്ത്രണങ്ങൾ അനുസരിച്ച് കഴിവതും എല്ലാവരും വീടുകളിൽ ഒതുങ്ങിക്കൂടണമെന്നും അവർ പറഞ്ഞു.
ഈ കടുത്ത രോഗ വ്യാപനം തന്നെയാണ് സ്‌കൂളുകൾ ഉൾപ്പടെയുള്ള സ്ഥാപനങ്ങൾ അടച്ചുപൂട്ടി കൂടുതൽ കർശനമായ ലോക്ക്ഡൗൺ ഏർപ്പെടുത്താൻ ബോറിസ് ജോൺസനെ പ്രേരിപ്പിച്ചത്. ജനുവരി 4 ന് ഇംഗ്ലണ്ടിൽ ആകമാനമായി 27,000 ആളുകളേയാണ് കോവിഡ് ബാധിച്ച് വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുന്നത്. ഒന്നാം വരവിന്റെ മൂർദ്ധന്യഘട്ടത്തിൽ കഴിഞ്ഞ ഏപ്രിൽ 12 ന് 18,974 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായിരുന്നു ഇതുവരെയുള്ള ഏറ്റവും ഉയർന്ന ആശുപത്രി പ്രവേശന നിരക്ക്. അതായത്, രണ്ടാം ഘട്ടത്തിൽ ആശുപത്രി പ്രവേശനം ആദ്യഘട്ടത്തിലേതിനേക്കാൾ 40 ശതമാനം വർദ്ധിച്ചിരിക്കുന്നു.
അതിനിടയിൽ ഇന്നലെ ആറുമണിക്ക് നടന്ന യോഗത്തിനുശേഷം ബ്രിട്ടനിലെ നാൽ ചീഫ് മെഡിക്കൽ ഓഫീസർമാരും കോവിഡ് അലേർട്ട് ലെവൽ 4 ൽ നിന്നും 5 ആക്കി ഉയർത്തണമെന്ന് നിർദ്ദേശിച്ചതായി അറിയിച്ചു. ഇതാദ്യമായാണ് ഇവർ ഇത്തരത്തിലൊരു നിർദ്ദേശം വയ്ക്കുന്നത് എന്നത് കാര്യത്തിന്റെ ഗൗരവം കൂടുതൽ വെളിപ്പെടുത്തുന്നു. ലെവൽ 5 എന്നാൽ, വളരെ അടിയന്തരമായി നടപടികൾ എടുത്തില്ലെങ്കിൽ 21 ദിവസങ്ങൾക്കകം ആരോഗ്യ സംരക്ഷണ സംവിധാനങ്ങൾ താറുമാറാകും എന്ന് ചുരുക്കം.
ഇതിനു ശേഷമാണ് 10 ഡൗണിങ് സ്ട്രീറ്റിൽ രാഷ്ട്രത്തെ അഭിമുഖീകരിച്ച് സംസാരിക്കവേ ദേശീയ ലോക്ക്ഡൗണിൽ കൂടുതൽ കർശനമായ നടപടികൾ ആവശ്യമായി വന്നേക്കാം എന്ന് അദ്ദേഹം സൂചിപ്പിച്ചത്. പുതിയ ഇനം വൈറസിനെ നിയന്ത്രിക്കാൻ കൂടുതൽ കർശന നടപടികൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. വാക്സിൻ നൽകുന്നതിനൊപ്പം നിയന്ത്രണങ്ങളും പാലിച്ചാൽ മാത്രമേ കോവിഡിനെ നിയന്ത്രിക്കാനാകു എന്നും അദ്ദേഹം സൂചിപ്പിച്ചു.