തങ്ങളുടെ ആറുവർഷത്തെ ദാമ്പത്യത്തിന് ശേഷം നടിയും മോഡലുമായ കിം കർദാഷിയാനും കാനി വെസ്റ്റും വേർപിരിയുന്നു എന്ന് റിപ്പോർട്ടുകൾ. ഇരുവരും ഇപ്പോഴും ഒരുമിച്ചാണ് എങ്കിലും വേർപിരിഞ്ഞ് പോലെ തന്നെയെന്ന് ദമ്പതികളോട് അടുപ്പമുള്ളവർ വ്യക്തമാക്കിയതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2014 ലാണ് അമേരിക്കയിലെ ഏറ്റവും പ്രമുഖ റാപ്പർമാരിൽ ഒരാളായ കാനി വെസ്റ്റിനെ താരം വിവാഹം ചെയ്തത്. ഇവർക്ക് നാലു മക്കളാണ്. വിവാഹത്തിലൂടെയും വേർപിരിയലിലൂടെയും വിവാദങ്ങളിൽ എന്നും നിറഞ്ഞു നിന്ന താരമാണ് കിം കർദാഷിയാൻ.

2000 ൽ 19 വയസ്സുള്ളപ്പോഴായിരുന്നു കിം കർദാഷിയാന്റെ ആദ്യ വിവാഹം. മ്യൂസിക് പ്രൊഡ്യൂസർ ഡാമൻ തോമസുമായുള്ള ഈ ബന്ധം 2003 ൽ അവസാനിച്ചു. ഇതിനുശേഷമാണ് റേയ് ജെയുമായുള്ള പ്രണയവും വിവാദ വിഡിയോ പുറത്തുവരുന്നതും. 2010 ൽ ബാസ്കറ്റ് ബോൾ താരം ക്രിസ് ഹംഫ്രീസുമായി പ്രണയത്തിലായി. 2011ൽ ഓഗസ്റ്റിൽ ഇവർ വിവാഹിതരാവുകയും ചെയ്തു. ഈ വിവാഹം വലിയ വാർത്താ പ്രാധാന്യം നേടി.

എന്നാൽ 72–ാം ദിവസം വിവാഹമോചനം തേടി കിം കോടതിയിലെത്തി. അഭിപ്രായ വ്യത്യാസങ്ങളാണ് കാരണമായി പറഞ്ഞത്. എന്നാൽ പ്രശസ്തിക്കു വേണ്ടിയാണ് വിവാഹം നടത്തിയതെന്ന ആക്ഷേപം ഉയർന്നു. കർദാഷിയാൻ എന്ന ബ്രാൻഡിനെ വാർത്തകളിൽ നിറയ്ക്കാനും പണം സമ്പാദിക്കാനും മാത്രമാണ് വിവാഹം ചെയ്യുന്നതെന്ന ആരോപണമുയർത്തിയ ജാക്സൻ എന്ന പ്രഫഷനൽ പബ്ലിസിസ്റ്റിനെതിരെ കിം മാനനഷ്ടത്തിന് കേസു കൊടുത്തതോടെ വിവാദം ആളിപ്പടർന്നു.