മലപ്പുറം: സമസ്തയും മുസ്ലിം ലീഗും തമ്മിൽ യാതൊരു അഭിപ്രായ ഭിന്നതയുമില്ലെന്ന് സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുകോയ തങ്ങൾ പറഞ്ഞു. പാണക്കാട് മുസ്ലിം ലീഗ് നേതാക്കളുമായി നടത്തിയ ചർച്ചക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലീഗും സമസ്തയും ഒറ്റക്കെട്ടാണ്. അഭിപ്രായ ഭിന്നതയുണ്ട് എന്നത് മാധ്യമങ്ങളുടെ സൃഷ്ടിയാണ്. അഭിപ്രായ ഭിന്നതയുണ്ടെങ്കിൽ ഇന്നിവിടെ വരുമായിരുന്നില്ല. ഞങ്ങൾ തമ്മിൽ ഒരു അകലവുമില്ല. ഇനി ഉണ്ടാവുകയുമില്ല. ഇതുവരെ ഉണ്ടായിട്ടുമില്ല. മിക്ക ദിവസവും ഞങ്ങൾ തമ്മിൽ ഫോൺ വിളിക്കാറുണ്ടെന്നും ജിഫ്രി തങ്ങൾ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ ചൂണ്ടി പറഞ്ഞു.

കോഴിക്കോട് നടന്ന മുഖ്യമന്ത്രിയുടെ പരിപാടിയിൽ ഉമ്മർ ഫൈസി മുക്കം പങ്കെടുത്ത് അഭിപ്രായം പറഞ്ഞതിലും മലപ്പുറത്തെ പരിപാടിയിൽ ആലിക്കുട്ടി മുസ്ലിയാർ പങ്കെടുക്കാതിരുന്നതിലും വിവാദങ്ങളുടെ ആവശ്യമില്ല. ആലിക്കുട്ടി മുസ്ലിയാർ പങ്കെടുക്കാതിരുന്നത് അനാരോഗ്യം കാരണമാണ്. അദ്ദേഹത്തെ ആരും വിലക്കിയിട്ടില്ല. ദേഹാസ്വസ്ഥ്യം മൂലമാണ് അദ്ദേഹം അന്ന് പരിപാടിയിൽ പങ്കെടുക്കാതെ മടങ്ങിയതെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.

അതേ സമയം വിലക്കുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കാൻ ആലിക്കുട്ടി മുസ്ലിയാർ തയ്യാറായില്ല. നേരത്തെ മുഖ്യമന്ത്രിയുടെ പരിപാടിയിൽ പങ്കെടുക്കുന്നതിൽ നിന്ന് മുസ്ലിം ലീഗ് ഇടപെട്ട് ആലിക്കുട്ടി മുസ്ലിയാരെ വിലക്കിയിരുന്നു എന്നും അതിനാലാണ് അദ്ദേഹം മലപ്പുറത്തെ പരിപാടിയിൽ പങ്കെടുക്കാതെ മടങ്ങിയത് എന്ന തരത്തിലും വാർത്തകൾ പുറത്ത് വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് പാണക്കാട് വെച്ച് മുസ്ലിം ലീഗ് നേതൃത്വവുമായി സമസ്ത നേതാക്കൾ ചർച്ച നടത്തിയത്.

ആലിക്കുട്ടി മുസ്ലിയാർക്ക് പാണക്കാട്ടും പട്ടിക്കാട്ടെ മതപഠനകേന്ദ്രമായ ജാമിഅ നൂരിയയിലും വിലക്ക് ഏർപ്പെടുത്തിയതായും ആരോപണങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഈ ആരോപണങ്ങളെല്ലാം മാധ്യമ സൃഷ്ടിയാണെന്നാണ് ഇപ്പോൾ ജിഫ്രി തങ്ങൾ പറഞ്ഞിരിക്കുന്നത്. കോഴിക്കോട് വെച്ച് നടന്ന മുഖ്യമന്ത്രിയുടെ പരിപാടിയിൽ സമസ്ത മുഷാവറ അംഗം മുക്കം ഉമ്മർ ഫൈസി പങ്കെടുക്കുകയും സർക്കാറിനെ പുകഴ്‌ത്തിയും യുഡിഎഫിനെ വിമർശിച്ചും സംസാരിച്ചിരുന്നു.

അതിന് ശേഷം മലപ്പുറത്തെ പരിപാടിയിൽ പങ്കെടുക്കുന്നതിനായി ആലിക്കുട്ടി മുസ്ലിയാരെ ക്ഷണിച്ചിരുന്നെങ്കിലും പങ്കെടുക്കാൻ വേണ്ടി പുറപ്പെട്ട ആലിക്കുട്ടി മുസ്ലിയാരെ മുസ്ലിം ലീഗ് പ്രവർത്തകർ വഴിയിൽ തടയുകയും അദ്ദേഹം പരിപാടിയിൽ പങ്കെടുക്കാതെ തിരിച്ച് പോകുകയുമായിരുന്നു.