തിരുവനന്തപുരം: കേരളത്തിൽ കോവിഡ് വാക്‌സീൻ വിതരണത്തിൽ കാരുണ്യ മോഡൽ നടപ്പാക്കാൻ സർക്കാർ ആലോചന. സർക്കാർ മേഖലയിലും ആവശ്യമുള്ളവർക്ക് പണം നൽകി സ്വകാര്യ മേഖലയിൽ നിന്നും വാക്‌സിനെടുക്കാനുള്ള സൗകര്യവും ഒരുക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ആദ്യഘട്ടത്തിൽ സർക്കാർ ആശുപത്രികൾ വഴിയായിരിക്കും 'വാക്‌സീൻ വിൽപ്പന'. പിന്നീട് അത് സ്വകാര്യ മേഖലയിലേക്കും വ്യാപിപ്പിക്കും. ഇതത്തരത്തിൽ മരുന്ന് വിതരണം ചെയ്യുന്നതോടെ കൂടുതൽ കാലതാമസം കൂടാതെ ജനങ്ങളിലേക്ക് മരുന്ന് എത്തുന്നതിനും സഹായകരമാകും.

കമ്പനികളിൽ നിന്നും സർക്കാർ ആയിരിക്കും വാക്‌സിൻ വാങ്ങുക. സർക്കാർ വാങ്ങുന്ന വാക്‌സീനുകൾ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിക്കു നൽകും. ഇവർ ആവശ്യക്കാർക്ക് പണം വാങ്ങി കുത്തിവയ്പ് നടത്തും. ഇതിൽ നിന്നുള്ള ലാഭം സർക്കാർ ആശുപത്രികളുടെ വികസനത്തിന് ഉപയോഗിക്കാം. സർക്കാർ ആശുപത്രികൾ വഴി ആയതിനാൽ അമിത വില ഈടാക്കുന്നതു തടയാൻ കഴിയും. ഇതു സംബന്ധിച്ച ആരോഗ്യ വകുപ്പിന്റെ ശുപാർശ സർക്കാർ പരിശോധിച്ചു വരികയാണ്.

സീറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡാണ് കേരളത്തിൽ വിതരണം ചെയ്യുന്നത്. ഉൽപാദിപ്പിക്കുന്നതിൽ പകുതി വാക്‌സീൻ സർക്കാരിനും ബാക്കി സ്വകാര്യ മേഖലയ്ക്കും നൽകുമെന്നാണ് സീറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിൽ സർക്കാർ മേഖലയിൽ സൗജന്യ വാക്‌സീൻ എത്തുമ്പോഴേക്കും മാസങ്ങൾ എടുക്കും. എന്നാൽ സ്വകാര്യ മേഖല വഴി കൂടി വിതരണം ചെയ്താൽ കൂടുതൽ പേരിലേക്ക് കാലതാമസം കൂടാതെ എത്തിക്കാൻ കഴിയും. ഏകദേശം 1000 രൂപയ്ക്ക് അടുത്തായിരിക്കും വാക്‌സീൻ വില.

എല്ലാവർക്കും സൗജന്യ വാക്‌സീൻ എന്നതാണ് സർക്കാർ നയം. എന്നാൽ കോവിഡ് ചികിത്സാ രംഗത്ത് സർക്കാരിന് സംഭവിച്ച വീഴ്ചയാണ് സൗജന്യ വിതരണത്തിനൊപ്പം വിൽപ്പനയും നടത്താനുള്ള ചിന്തയുടെ പിന്നിൽ. ആദ്യ ഘട്ടത്തിൽ സർക്കാർ തലത്തിൽ മാത്രം കോവിഡ് ചികിത്സ നടത്തിയത് തിരിച്ചടിയായിരുന്നു. പിന്നീട് സ്വകാര്യ ആശുപത്രികളെ കൂടി പങ്കെടുപ്പിച്ചതോടെയാണ് സർക്കാരിന്റെ ഭാരം കുറഞ്ഞത്. സർക്കാർ തലത്തിൽ ബദൽ സൗകര്യങ്ങൾ ഉള്ളതിനാൽ സ്വകാര്യ ആശുപത്രികൾക്ക് ചികിത്സയിൽ അമിത ചാർജ് ഈടാക്കാനും കഴിഞ്ഞില്ല.